SignIn
Kerala Kaumudi Online
Friday, 09 January 2026 1.52 PM IST

വിറയ്ക്കില്ല,​ വലതന്മാരുടെ ഇടംകൈ

Increase Font Size Decrease Font Size Print Page
ss

പേരിനു നീളം ഇത്തിരി കുറവാണെങ്കിലും സ്ഥാനംകൊണ്ട് വല്യേട്ടനാണ് സി.പി.ഐ എന്നകാര്യത്തിൽ സി.പി.ഐ (എം) എന്ന നീളൻ വാലുള്ള വിപ്ലവകാരികൾക്കോ, പൂജ്യസംഘികൾക്കോ, മഹാത്മജിയുടെ ശിഷ്യന്മാർക്കോ ഒരു സംശയവുമില്ല. വിനയക്കൂടുതൽ കൊണ്ട്,​ സി.പി.ഐക്കാർ തലപ്പൊക്കമുണ്ടെന്നു ഇന്നലെ വരെ

ഭാവിച്ചിരുന്നില്ല. ഇരുട്ടടി കിട്ടാൻ സാദ്ധ്യതയുള്ളതുകൊണ്ട് അത്തരം ഭാവങ്ങളോ വാക്കുകളോ വേണ്ടെന്നായിരുന്നു പാർട്ടിയുടെ താത്വിക നിലപാട്. ഇനിയുമത് വയ്യ. ബ്രായ്ക്കറ്റിലെ വെറുമൊരു 'എമ്മിന്റെ" തടിമിടുക്ക് ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്നു കരുതരുതെന്നു വലതു കമ്മ്യൂണിസ്റ്റുകൾ എന്നു പേരുദോഷം കിട്ടിയവരുടെ നേതാവ് ബിനോയ് സഖാവ് പാർട്ടി യോഗത്തിൽ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോർട്ട്. വൈക്കത്ത് വേരോട്ടമുള്ള ബിനോയ് അന്നദാന പ്രിയനും ക്ഷമാശീലനും ജ്ഞാനിയും ആണെങ്കിലും ദേഷ്യം വന്നാൽ സിംഹമാണെന്നു തെളിയിച്ചു. അതു പല വൃദ്ധസിംഹങ്ങൾക്കും ബോദ്ധ്യമായി. ഒരുപാട് വൈകിയാണെങ്കിലും സി.പി.ഐ മെല്ലെ മുരണ്ടുതുടങ്ങി. മുരണ്ടുമുരണ്ട് എങ്ങോട്ടോ ഉരുണ്ടുതുടങ്ങിയെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ബിനോയ് സഖാവിനെ അറിയാവുന്നവർ അങ്ങനെ പറയില്ല.
നിയമസഭ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മാത്രം അവശേഷിക്കുന്നതിനാൽ, ഗർജിച്ചില്ലെങ്കിലും കുരയ്ക്കുകയെങ്കിലും വേണ്ടേയെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ ചോദിച്ചെന്നാണ് വിവരം. കാര്യങ്ങൾ വൈകിയെങ്കിലും ബിനോയ് സഖാവ് തിരിച്ചറിഞ്ഞതിൽ അണികൾ ആവേശത്തിലാണ്. അപമാനങ്ങളേറ്റു തളരുമ്പോൾ ആരുമൊന്ന് മുരളുകയോ മൂളുകയോ ചെയ്തേക്കാം. എന്തായാലും സി.പി.ഐ അതിസാഹസിക നീക്കങ്ങൾ നടത്തിയേക്കുമെന്നാണ് പ്രതീക്ഷ.

'നതിംഗ് ഈസ് ഇമ്പോസിബിൾ, ഇമ്പോസിഷൻസ് ആർ ബ്യൂട്ടിഫുൾ, ദാറ്റീസ് ഹാപ്പി ന്യൂഇയർ ..." എന്നു കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്മാർ പറഞ്ഞിട്ടുണ്ട്. സംശയമുള്ളവർക്ക് യുവ താത്വികാചാര്യൻ 'ഡബിൾ എ" റഹിം സഖാവിനോട് ചോദിക്കാം!.

പേരിന് ശകലം നീളക്കൂടുതലും, തടിമിടുക്കും, കൈയിലിരിപ്പും കൊണ്ട് വല്യേട്ടനായി ഭാവിച്ചവർ ഇനിയെങ്കിലും തിരിച്ചറിയണം. നിങ്ങൾ വെറും സ്മാൾ ഏട്ടനാണ്. പോക്കിരികൾ വെറും പീക്കിരികൾ എന്നു സി.പി.ഐ യോഗത്തിൽ പല വലതുസഖാക്കളും ഇടതു സഖാക്കൾക്കെതിരെ തുറന്നടിച്ചതിൽ ഞെട്ടിയിരിക്കുകയാണ് വിപ്ലവകേരളം. ഈ ധൈര്യം സോവിയറ്റ് യൂണിയനിലെ അവസാനത്തെ പുപ്പുലി സഖാവ് ഗോർബച്ചേവിന് പോലും ഉണ്ടായിട്ടില്ല.

ബിനോയ് സഖാവിനെക്കുറിച്ച് സി.പി.ഐയുടെ എറണാകുളം മുൻ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, മുൻ സംസ്ഥാന നിർവാഹക സമിതിയംഗം കമല സദാനന്ദൻ എന്നിവർ
ഒരു കാർ യാത്രയ്ക്കിടെ ചിലതെല്ലാം പറഞ്ഞത് എങ്ങനെയോ റെക്കാർഡ് ആയി നാട്ടുകാർ മുഴുവൻ കേട്ടതിന്റെ ആഘാതം ഇതോടെ പൂർണമായും വിട്ടുമാറുമെന്നാണ് പ്രതീക്ഷ. ബിനുക്കുട്ടാ എന്താരെങ്കിലും സ്‌നേഹത്തോടെ വിളിച്ചാൽ കണ്ണു നിറഞ്ഞൊഴുകുന്ന സഖാവ് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സടകുടഞ്ഞെഴുന്നേൽക്കുകയായിരുന്നു. അടുത്ത അഞ്ചുവർഷം കണ്ടകശനി താണ്ഡവമാടുമെന്ന ആശങ്ക പിടിമുറുക്കുമ്പോൾ,​ എങ്ങനെ കുടയാതിരിക്കും. മുന്നണിയിലെ ജോസ്‌മോൻ രണ്ടില കൂടുതൽ വാടാതിരിക്കാൻ പഴയ തണലിലേക്കു നീങ്ങാൻ ശ്രമിക്കുന്നതു കാണുമ്പോൾ കൊതിയാകുന്നുണ്ടെങ്കിലും സഖാവിനതു പറ്റില്ലല്ലോ. അതാണ് തറവാടിത്തം. വലിച്ചാൽ വലിയുകയും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുകയും കൂടുതൽ വലിച്ചാൽ പൊട്ടിപ്പോകുകയും ചെയ്യുന്ന പ്രസ്ഥാനമല്ല സി.പി.ഐ. നല്ല തങ്കപ്പെട്ട മനുഷ്യനാണ് സഖാവ് ബിനോയ് വിശ്വം. വെളിയം ഭാർഗവനാശാനും സി.കെ. ചന്ദ്രപ്പനും കാനം രജേന്ദ്രനുമൊക്കെ ഇരുന്ന കസേരയ്ക്കു യോജിച്ച തനി 'തങ്കപ്പൻ'. വിനയം, വിവേകം, വിവരം എന്നിവ സമാസമം. പൊടിക്കുപോലും അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല. പക്ഷേ,​ ശുദ്ധഹൃദയനായ രാഹുൽ ഗാന്ധിജി വിളിച്ചാൽ,​ വൈക്കം സത്യഗ്രഹത്തിന്റെ മണ്ണിൽ നിന്ന് ഉദിച്ചുയർന്ന സാക്ഷാൽ വിപ്ലവനക്ഷത്രമായ ബിനോയ് സഖാവ് ചാഞ്ചാടിക്കൂടെന്നില്ലെന്നാണ് കോൺഗ്രസുകാരുടെ വിദൂര സ്വപ്നം.

വലിയൊരു പ്രസ്ഥാനത്തിന്റെ ആഗോള ജനറൽ സെക്രട്ടറിയായ ബേബി സഖാവിനും,​ കേരളത്തിലെ സഖാക്കളുടെ മുഖ്യശിക്ഷക് ആയ ഡ്രിൽമാഷ് ഗോവിന്ദൻജിക്കും ഇതൊക്കെ കാണുമ്പോൾ ചിരിയാണ്. 'കൊക്ക് എത്ര കുളം കണ്ടു,​ കുളമെത്ര കൊക്കിനെ കണ്ടു" എന്ന പഴഞ്ചൊല്ല് അറിയാത്തവരല്ല വൈക്കത്തെ വലതു സഖാക്കൾ എന്ന് ചേർത്തല, മാരാരിക്കുളം ഭാഗങ്ങളിലെ ഇടതു സഖാക്കൾ പറയുന്നു.

പാത്രം കാലിയായി,​

പ്രശ്നം ആവിയായി

കർണാടകത്തെ 'സംഘിസ്ഥാൻ" ആക്കാൻ പദ്ധതിയിട്ടവരുടെ മനക്കോട്ടകൾ തകർത്ത് കന്നഡിഗരുടെ 'രാമലക്ഷ്മണൻമാർ" ഒരുമിച്ചിരുന്ന് ഇഡലിയും വടയും കഴിച്ച് ഏമ്പക്കം വിട്ട് ഐക്യകാഹളം മുഴക്കിയത് രാജ്യമാകെ വരാനിരിക്കുന്ന മുന്നേറ്റങ്ങളുടെ സാമ്പിളാണെന്ന് എത്രപേർക്കറിയാം!. ഡൽഹിയിൽ ഹൈക്കമാൻഡിന്റെ വലംകൈയും ഇടംകൈയുമായി പ്രവർത്തിക്കുന്ന കേരളസിംഹങ്ങളുടെ ഈ ചോദ്യം കേട്ട കേരളത്തിലെ കോൺഗ്രസുകാർ ഡബിൾ രോമാഞ്ചത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമുണ്ടാക്കിയ രോമാഞ്ചം ഒന്നു താഴ്ന്നുവന്നപ്പോഴാണ് ദേ,​ അടുത്ത രോമാഞ്ചം!.

ഇഡ്ഡലിപ്പാത്രം കാലിയായതിനൊപ്പം കർണാടകത്തിലെ പിണക്കങ്ങളും 'കോംപ്ലിമെന്റ്‌സ്" ആയി.

ഇനിയുള്ള രണ്ടരവർഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമോയെന്ന് വ്യക്തമായില്ലെങ്കിലും, ഒന്നര ഇഡലിയും വടയും കഴിച്ച് സിദ്ധരാമണ്ണൻ ഒരു സൂചന നൽകിയത് സംശയം ജനിപ്പിക്കുന്നതായി നിഷ്പക്ഷമതികൾ നിരീക്ഷിക്കുന്നു. കോൺഗ്രസുകാർ അതു കാര്യമാക്കുന്നില്ലെങ്കിലും,​ മിച്ചം വന്ന അര ഇഡലി ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

മുഖ്യൻ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാമലക്ഷ്മണൻമാരാണെന്ന് വെളിപ്പെടുത്തി സംഘികളുടെ കുത്സിതപ്രവർത്തനങ്ങളെ ഹൈക്കമാൻഡ് തകർത്തുകളഞ്ഞു. ഡി.കെയെ കാവി ലഡു നൽകി വരവേൽക്കാൻ കാത്തിരുന്ന സംഘി നേതാവ് യെദിയൂരപ്പയോട് കാവിക്കാർ തന്നെ 'എന്തരപ്പാ" എന്നു ചോദിച്ചു തുടങ്ങി. പക്ഷേ,​ യെദിയൂരപ്പയ്ക്ക് ഇതു പുത്തരിയല്ല. മുൻപ്രധാനമന്ത്രിയും കന്നഡനാട്ടിലെ ഭീഷ്മാചാര്യരുമായ ജനതാദൾ നേതാവ് ദേവെഗൗഡയുടെ മകൻ എച്ച്.ഡി. കുമാരസ്വാമി ഇതിലും വലിയ പണി നൽകിയിട്ടുണ്ട്. ഒന്നിച്ച് ഉണ്ണാനിരുന്ന്, പകുതിയായപ്പോൾ ഇലയിൽ തുപ്പിയിട്ട് ഇറങ്ങിപ്പോയ കക്ഷിയാണ്. ഊണ് മുടങ്ങിയതിന്റെ സങ്കടം വിശപ്പറിഞ്ഞവനേ മനസിലാകൂ. അതേ ദുഃഖം അനുഭവിക്കുന്ന ഡി.കെ. ശിവകുമാർ വൈകാതെ 'വരും,​ വരാതിരിക്കുമോ" എന്നാണ് യെദിയൂരപ്പയുടെ പ്രതീക്ഷ.

അതുപോലെയാണ് കേരളത്തിലെയും കാര്യങ്ങൾ. ഇവിടെ ഐക്യമുന്നണിയിൽ കംപ്ലീറ്റ് പ്രശ്നങ്ങളാണെന്നു പറഞ്ഞുനടന്നവർ ആകെ ഞെട്ടിയിരിക്കയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എതിരാളികളുടെ പൊടിപോലുമില്ല,​ കണ്ടുപിടിക്കാൻ. ഇതൊരു സൂചനയാണ്. ചിലയിടങ്ങളിൽ എങ്ങനെയോ സംഘികൾ നൂണ്ടു കയറിയെങ്കിലും അത്ര വലിയ കാര്യമല്ല. മതനിരപേക്ഷത എന്താണെന്ന് അറിയുന്നവരാണ് മലയാളികൾ. പേരിലൊരു നിറമുണ്ടെങ്കിലും പ്രവൃത്തിയിൽ നിറമില്ലാത്ത മുസ്ലിം ലീഗ് കൂടെയുള്ളപ്പോൾ,​ വേലിചാടി വരുന്ന ഈർക്കിലി പാർട്ടികളുടെ സഹായം ആവശ്യമില്ല. എന്നു കരുതി,​ സി.പി.ഐയോ ​ ആർ.ജെ.ഡിയോ വരാൻ തയ്യാറായാൽ വേണ്ടെന്നു പറയുകയുമില്ല.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.