SignIn
Kerala Kaumudi Online
Saturday, 17 August 2024 10.07 AM IST

നന്നാവാതെ പൊലീസ്

pol

ഗുണ്ടകളുമായും മാഫിയകളുമായും ലഹരി സംഘങ്ങളുമായും ക്രിമിനലുകളുമായും പൊലീസിനുള്ള അവിശുദ്ധബന്ധം അവസാനിപ്പിക്കാൻ സർക്കാർ പതിനെട്ട് അടവും പയറ്റിയിട്ടും ഫലമില്ല. സ്ഥലംമാറ്റം, പിരിച്ചുവിടൽ,വകുപ്പുതല നടപടി എന്നിങ്ങനെ ശിക്ഷയൊന്നും ഏൽക്കുന്ന മട്ടില്ല. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പി സസ്പെൻഷനിലായതിന് പിന്നാലെയാണ് മലപ്പുറം തിരൂരിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ ഇൻസ്പെക്ടറും എസ്.ഐയും സസ്പെൻഷനിലായത്. വളാഞ്ചേരി എസ്.ഐ ബിന്ദുലാൽ അറസ്റ്റിലായി. ഇൻസ്പെക്ടർ സുനിൽദാസ് ഒളിവിലുമാണ്. സ്ഫോടകവസ്തു പിടിച്ച കേസിൽ ജയിലിൽ അടയ്ക്കാതിരിക്കാനായിരുന്നു 22ലക്ഷം കൈക്കൂലി വാങ്ങിയത്. ഈ സംഭവം സേനയ്ക്ക് തന്നെ അപമാനമായിരിക്കുകയാണ്.

ജനങ്ങളെ ലോക്കപ്പിലിട്ട് തല്ലിച്ചതയ്ക്കുന്നതിനും മോശം ഭാഷ ഉപയോഗിക്കുന്നതിനും പരാതികൾ അവഗണിക്കുന്നതിനും പൊലീസിനെതിരേ നിരവധി പരാതികളുണ്ടായിട്ടുണ്ട്. എന്നാൽ റിമാൻഡിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത് സേനയിലെ ക്രിമിനലുകൾ എത്രത്തോളം തഴച്ചു വളരുന്നെന്നതിന് ഉദാഹരണമാണ്. മുൻപ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെതിരേയും ക്വാറി മാഫിയയുമായി ബന്ധപ്പെട്ട അഴിമതി ആരോപണമുണ്ടായിരുന്നു. എന്നാൽ നടപടിയെടുക്കാതെ അത് ഒതുക്കിതീർത്തതാണ് മറ്റുള്ളവർക്കും പ്രചോദനമായത്.

മാഫിയയുമായും ക്രിമിനലുകളുമായും അവിശുദ്ധ ബന്ധം പുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസെടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഒത്താശയോ സഹായമോ ചെയ്തെന്ന് കണ്ടെത്തിയാലോ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാലോ പൊലീസുകാർക്കെതിരേ ക്രിമിനൽ കേസെടുക്കാനാണ് തീരുമാനം. പൊലീസുകാരുടെ ഗുണ്ടാ-ക്രിമിനൽ ബന്ധം കണ്ടെത്താൻ നിയോഗിച്ച രഹസ്യസ്വഭാവമുള്ള ആഭ്യന്തര വിജിലൻസ് സെല്ലുകൾ ഇതേക്കുറിച്ച് അന്വേഷിച്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ മലപ്പുറത്ത് ഇത്രയും ഗുരുതര സംഭവമുണ്ടായിട്ടും ക്വാറിയുടമ വിവരമറിയിച്ചപ്പോഴാണ് പൊലീസ് അറിഞ്ഞത്.

കൈക്കൂലി വാങ്ങി കേസുകൾ അട്ടിമറിക്കുന്നതും തുടർക്കഥയാവുകയാണ്. ഗുണ്ടാസംഘങ്ങൾക്ക് പൊലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നത് കേസന്വേഷണത്തെയും ഗുണ്ടാവിരുദ്ധ ഓപ്പറേഷനുകളെയും ബാധിക്കുന്നുണ്ട്. എതിർസംഘങ്ങളുടെ ഫോൺചോർത്തി ഗുണ്ടാത്തലവന്മാർക്ക് കൈമാറിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഗുണ്ടകൾക്കെതിരേ പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാനും പണമിടപാടുകൾ ഒത്തുതീർക്കാനുമെല്ലാം പൊലീസുദ്യോഗസ്ഥർ ഇടപെടുന്നുണ്ട്. തലസ്ഥാനത്തെ ചില ക്വട്ടേഷനുകളുടെ സ്ഥലം തിരഞ്ഞെടുക്കുന്നതിൽ പോലും ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗുണ്ടാ,മാഫിയാ സംഘങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഒത്താശ ചെയ്യുന്ന പൊലീസുകാർക്കെതിരേ ക്രിമിനൽ കേസെടുക്കാനുള്ള തീരുമാനം. പക്ഷേ ഇതും കാര്യമായ ഗുണം കണ്ടിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്.

ഗുണ്ടാ-മാഫിയാ ബന്ധമുള്ള പൊലീസുകാരുടെ പട്ടികയുണ്ടാക്കി ഇതിൽ കുറ്റവാളികൾക്ക് ഒത്താശയും സഹായവും നൽകുന്നവരെ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തി ആഭ്യന്തര വിജിലൻസ് സെൽ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടികൾ ഇഴയുകയാണ്. എല്ലാ റാങ്കുകളിലുമുള്ള പൊലീസുദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണമുണ്ടാവുമെന്നും പൊലീസ് മേധാവിയും അഡി.ഡി.ജി.പിമാരുമടങ്ങിയ സമിതി ഈ റിപ്പോർട്ട് പരിശോധിച്ച് കേസെടുക്കാൻ നിർദ്ദേശിക്കുമെന്നായിരുന്നു തീരുമാനം. ഗുരുതര കുറ്റങ്ങൾ ചെയ്തവരെ വകുപ്പുതല അന്വേഷണം നടത്തി പിരിച്ചുവിടും. ഗുണ്ടാ-മാഫിയാ ബന്ധമുള്ള പൊലീസുകാർ സുരക്ഷിതരായി വിലസുന്നെന്നും മണ്ണ്- മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെ പൊലീസുകാരുടെ ചങ്ങാതിമാരാണെന്നും ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ നേരത്തേ തുറന്നുപറഞ്ഞിരുന്നു. ക്രിമിനൽ ബന്ധമുള്ള ഉദ്യോഗസ്ഥർ സേനയിൽ വേണ്ടെന്നും റാങ്ക് നോക്കാതെ നടപടിയെടുക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

എന്ത് കുറ്റം ചെയ്താലും നല്ലനടപ്പ്,പരിശീലനം,സസ്പെൻഷൻ,സ്ഥലംമാറ്റം എന്നിങ്ങനെ ലഘുവായ ശിക്ഷകൾ നൽകുന്നതാണ് പൊലീസ്- ക്രിമിനൽ മാഫിയാ ബന്ധം തഴച്ചുവളരാൻ ഇടയാക്കിയത്. ഗുണ്ടകളെയും മാഫിയകളെയും സഹായിച്ചാലും നിലവിൽ സസ്പെൻഷനാണ് കടുത്തശിക്ഷ. അല്ലെങ്കിൽ ലോക്കൽ സ്റ്റേഷനിൽ നിന്ന് ക്യാമ്പുകളിലേക്ക് സ്ഥലംമാറ്റം. 15ദിവസത്തെ നല്ലനടപ്പ്,പരിശീലനം,സ്ഥലംമാറ്റം എന്നിങ്ങനെ നിസാരശിക്ഷകളും നൽകാറുണ്ട്. സസ്പെൻഷനിലായവരെ ഉടനടി തിരിച്ചെടുത്ത് ക്രമസമാധാനം നൽകിയിട്ടുമുണ്ട്. അതേസമയം, ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതികളായ 21പൊലീസുദ്യോഗസ്ഥരെയാണ് രണ്ടുവർഷത്തിനിടെ പിരിച്ചുവിടുകയോ സർവീസിൽ നിന്ന് നീക്കുകയോ ചെയ്തിട്ടുള്ളത്. മൂന്ന് ഉദ്യോഗസ്ഥർക്ക് പിരിച്ചുവിടലിന് മുന്നോടിയായി കാരണംകാണിക്കൽ നോട്ടീസ് നൽകി.

നിലയ്ക്കാതെ മാഫിയാ

ചങ്ങാത്തം

ഗുണ്ടാ- മാഫിയാ ബന്ധമുള്ള പൊലീസുദ്യോഗസ്ഥർക്കെതിരേ ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ,ഗുണ്ടകളെക്കുറിച്ച് രഹസ്യാന്വേഷണം നടത്തേണ്ട ഡിവൈ.എസ്.പി ഗുണ്ടകളുടെ വിരുന്നിൽ പങ്കെടുത്തതായി നേരത്തേ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്പെഷ്യൽ ബ്രാഞ്ചിലെ മുൻ ഡിവൈ.എസ്.പിയാണ് ഗുണ്ടകളുടെ സത്കാരത്തിൽ പങ്കെടുത്തതായി കണ്ടെത്തിയത്. ഈ ഉദ്യോഗസ്ഥനെതിരേ വിശദമായ അന്വേഷണം നടത്താൻ ഡി.ജി.പി ഉത്തരവിട്ടെങ്കിലും തുടർനടപടികളുണ്ടായില്ല. ഗുണ്ടസംഘങ്ങളുടെ ഒത്തുചേരലിനായി നടത്തിയ ആഘോഷ വിരുന്നിലാണ് ഈ ഡിവൈ.എസ്.പി പങ്കെടുത്തത്. ഈ ഉദ്യോഗസ്ഥനു ശേഷം സ്പെഷ്യൽ ബ്രാഞ്ചിലെത്തിയ ഡിവൈ.എസ്.പിക്കും ഗുണ്ടാബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം നഗരത്തിനു പുറത്തുള്ള മേഖലകളിലെ ഗുണ്ടാ സംഘങ്ങളുമായാണ് ഈ ഡിവൈ.എസ്.പിമാർ അടുപ്പം പുലർത്തിയത്. തലസ്ഥാനത്തെ മറ്റൊരു ഡിവൈ.എസ്.പി മകളുടെ ജന്മദിനാഘോഷത്തിന് ഗുണ്ടകളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയതായും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ശക്തമായ നടപടിയെടുക്കാതെ ഒതുക്കി.

വടിയെടുത്ത്

ഹൈക്കോടതി

ജനങ്ങളെ ‘എടാ’, ‘പോടാ’ വിളിക്കാതെയും തെറി പറയാതെയും മോശം വാക്കുകൾ ഉപയോഗിക്കാതെയും പൊലീസിന് പ്രവർത്തിക്കാൻ അറിയില്ലേ എന്നാണ് ഹൈക്കോടതി ചോദിച്ചത്. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ചോദ്യം. ‘‘മോശം വാക്കുകൾ ഉപയോഗിച്ചാൽ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് ആരാണ് പൊലീസിനോട് പറഞ്ഞത്? മേലുദ്യോഗസ്ഥരെ അത്തരം വാക്കുകൾ ഉപയോഗിച്ച് വിളിക്കാൻ പൊലീസ് തയാറാകുമോ? വിളിച്ചാൽ വിവരമറിയും. അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങൾ ആവാം എന്ന് കരുതരുത്. ഈ അധികാരം എല്ലാക്കാലത്തും നിലനിൽക്കും എന്നു കരുതരുത്’’– ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

‘‘ജനങ്ങൾ പേടിയോടുകൂടി പൊലീസിനെയും പൊലീസ് സ്റ്റേഷനേയും സമീപിക്കുന്ന സാഹചര്യം മാറണം. സ്ത്രീകളും കുട്ടികളുമൊക്കെ പേടിച്ചിട്ട് പൊലീസ് സ്റ്റേഷനിലേക്ക് വരുമോ? ഭീതിയുടെ അന്തരീക്ഷം മാറ്റണം.‘‘പൊലീസുകാർ സംസ്കാരത്തോടും മര്യാദയോടും കൂടി പെരുമാറണമെന്ന് ഡിജിപി സർക്കുലർ ഇറക്കിയ കാര്യം പോലും അറിയില്ല എന്നുണ്ടോ? അതോ അത് അനുസരിക്കാൻ വിസമ്മതിക്കും എന്നാണോ? അത്തരം സാഹചര്യങ്ങളിൽ ഒരു പൊലീസ് മേധാവിക്ക് എങ്ങനെയാണ് ആ സ്ഥാനത്തിരിക്കാൻ പറ്റുന്നത്? മര്യാദയ്ക്കു പെരുമാറണം എന്നു പറയുന്നത് ഉൾക്കൊള്ളാൻ പൊലീസിനുള്ളിലെ ചില‍ർക്കെങ്കിലും സാധിക്കുന്നില്ല എന്നാണോ? രാജ്യത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് കേരളത്തിലേത് എന്നതിൽ സംശയമില്ല. എന്നാൽ ജനങ്ങളെ സേവിക്കാൻ വേണ്ടിയുള്ളതാണ് പൊലീസ് എന്നതു മനസ്സിലാക്കണം. അവരെ സംരക്ഷിക്കേണ്ടവർ തന്നെയാണ് എടാ പോടാ വിളിക്കുന്നത്. സംസ്കാരവും മര്യാദയുമുള്ള ആധുനിക പൊലീസ് സേനയായി മാറണം എന്നതു കൊണ്ടാണ് ഈ കാര്യങ്ങൾ പറയുന്നത്’’– ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.