ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മയായ ജെ ഇന്ദുവിന്റെ (42) മരണം തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചല്ലെന്ന് വ്യക്തമാക്കി പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു എന്നും അതാകാം മരണകാരണമെന്നുമാണ് പൊലീസ് പറയുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകളിൽ നിന്നാണ് പൊലീസിന്റെ പ്രതികരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേർത്തല പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ചേർത്തല എക്‌സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പച്ചെടികൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെയാണ് തുമ്പയ്ക്ക് വില്ലൻ പരിവേഷം കിട്ടിയത്.
ഇക്കഴിഞ്ഞ മേയിൽ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാൽ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചത് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
യു.കെയിൽ നഴ്സിംഗ് ജോലി കിട്ടി, യാത്രയ്ക്കു പുറപ്പെടുന്നതിനു മുമ്പ് അയൽവീടുകളിൽ യാത്രപറയാൻ പോയതായിരുന്നു സൂര്യ. മടങ്ങുംവഴി മൊബൈലിൽ കാൾ വന്നപ്പോൾ അടുത്തുള്ള അരളിച്ചുവട്ടിൽ നിന്ന് ഫോണെടുത്തു. സംസാരത്തിനിടെ അരളിയുടെ ഇലയും പൂവും പറിച്ചെടുത്ത് വെറുതെ അതിന്റെ തുമ്പ് വായിൽവച്ചു കടിച്ചു. പെട്ടെന്ന് തുപ്പിക്കളയുകയും ചെയ്തു. എമിഗ്റേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ സൂര്യയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് കൊടുക്കുന്ന പ്രസാദങ്ങളിൽ നിവേദ്യത്തിലും അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഈ സംഭവത്തിനുശേഷം അരളിച്ചെടി കഴിച്ച് ചില വളർത്തുമൃഗങ്ങൾ ചത്തെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിരുന്നു. അതോടെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിന്ന് അരളിച്ചെറി പുറത്തായി. നഴ്സറികളിൽ അരളിച്ചെടി വാങ്ങാനെത്തുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കുറവാണ്.
തുമ്പച്ചെടി
കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ.ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കാറുണ്ട്. അത്തപ്പൂവിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുമ്പപ്പൂവ്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്. പ്രസവം കഴിഞ്ഞുകിടക്കുന്ന സ്ത്രീകൾക്ക് തുമ്പ കുറുക്കായി നൽകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |