തിരുവനന്തപുരം സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നുവെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതിരിക്കാൻ പരമാവദി ജാഗ്രത പുലർത്തണമെന്നും പൊലീസ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. 50,000 രൂപ മുതൽഎത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കാൻ ശ്രമിക്കണമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |