വെഞ്ഞാറമൂട്: പോത്തൻകോട് അയിരൂപ്പാറ രാധാകൃഷ്ണൻ വധക്കേസിലെ പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ച നിർണായക തെളിവ് കണ്ടെത്തിയ വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി. വൃക്ക രോഗങ്ങളെ തുടർന്നായിരുന്നു ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട സാറയുടെ മരണം. എട്ട് വയസുണ്ടായിരുന്നു.
ഗ്വാളിയാറിൽ ജനിച്ച സാറ ബി.എസ്.എഫിൽ പരിശീലനം പൂർത്തിയാക്കി ഏഴ് വർഷം മുമ്പാണ് കേരള പൊലീസിന്റെ ഭാഗമായി വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെത്തിയത്. മൂന്നുദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തി. ഇതിന്റെ ചികിത്സയ്‌ക്കിടെയാണ് മരണം.
റാങ്ക് ഉണ്ടായിരുന്ന സമയത്ത് ഡിവൈ.എസ്.പിക്ക് തുല്യമായിരുന്നു. സാറയ്‌ക്കൊപ്പം ജനിച്ച മറ്റു രണ്ട് നായ്ക്കൾ കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലുണ്ട്. വെഞ്ഞാറമൂട് പൊലീസ് സേനയിലെ ഡോഗ് ഹാൻഡിലർമാരായ ധനേഷ്, മനോജ് എന്നിവർക്കായിരുന്നു സാറയുടെ ചുമതല. അവർ ആഹാരം കൊടുത്താൽ മാത്രമേ സാറ കഴിക്കുമായിരുന്നുള്ളൂ. ഇഷ്ട ഭക്ഷണമായിരുന്നാലും മറ്റാരു കൊടുത്താലും കഴിക്കില്ല.
ടെന്നീസ് ബാൾ കൊണ്ടുള്ള കളിയായിരുന്നു സാറയുടെ പ്രിയപ്പെട്ട വിനോദം. മൂന്ന് ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്. ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് 1.30ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. റൂറൽ എസ്.പി കിരൺ നാരായൺ, ആറ്റിങ്ങൽ ഡിവൈ.എസ്.പി എൻ.മഞ്ചുനാഥ്, വെഞ്ഞാറമൂട് പൊലീസ് ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
രണ്ടര കിലോമീറ്റർ മണത്ത് തെളിവ് കണ്ടെത്തി
രാധാകൃഷ്ണൻ കൊലക്കേസിലെ പ്രധാന തെളിവായ രക്തം പുരണ്ട വസ്ത്രവും പ്രതി ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെടുക്കാൻ രണ്ടര കിലോമീറ്ററാണ് സാറ മണം പിടിച്ച് സഞ്ചരിച്ചത്. സാറയുടെ ഈ മിടുക്കിന് റിവാർഡിനും പൊലീസ് ശുപാർശ ചെയ്തിരുന്നു. വെഞ്ഞാറമൂട്, പോത്തൻകോട്, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകൾ തെളിയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |