SignIn
Kerala Kaumudi Online
Monday, 01 September 2025 2.49 AM IST

കടമ മറക്കുന്ന പൊലീസ്

Increase Font Size Decrease Font Size Print Page

photo

ഭരണസിരാകേന്ദ്രത്തിൽ നിന്ന് രണ്ടുകിലോമീറ്റർ മാത്രം അകലെ പാറ്റൂരിൽ ഇക്കഴിഞ്ഞ പതിമൂന്നിന് രാത്രി ഒരു വീട്ടമ്മയ്ക്കുണ്ടായ ദുരനുഭവം ഒരിക്കൽക്കൂടി സംസ്ഥാന പൊലീസ് സേനയിലെ നാഥനില്ലായ്മയുടെ തെളിവാണ്. പാതിരാത്രിയിൽ അജ്ഞാതന്റെ ആക്രമണത്തിൽനിന്ന് കഷ്‌ടിച്ച് രക്ഷപെട്ട് മാനവും ജീവനും സംരക്ഷിക്കാൻ തൊട്ടടുത്തുള്ള പേട്ട പൊലീസ് സ്റ്റേഷന്റെ സഹായം തേടിയ വീട്ടമ്മയോട് നേരിട്ടെത്തി പരാതിയെഴുതാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ചുമതലാബോധം എങ്ങനെയുണ്ട്!. സഹായത്തിന് എത്തിയില്ലെന്നതോ പോകട്ടെ കേസെടുക്കാൻ പോലും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ വേണ്ടിവന്നു.

സ്‌ത്രീയെന്നല്ല, രാത്രികാലത്ത് സഹായം അഭ്യർത്ഥിച്ച് ആര് സമീപിച്ചാലും പൊലീസ് ഓടിയെത്തുമെന്ന പൊതുധാരണ തിരുത്തുന്നതായി പേട്ട പൊലീസിൽനിന്ന് വീട്ടമ്മയ്ക്കുണ്ടായ കയ്‌പേറിയ അനുഭവം. മൊഴിയെടുക്കാൻ പോലും സ്‌ത്രീകളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തരുതെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. പാറ്റൂരിൽ അക്രമിയുടെ ക്രൂരമായ അതിക്രമങ്ങൾക്ക് ഇരയാകേണ്ടിവന്ന സ്‌ത്രീയോട് സ്റ്റേഷനിൽ വന്ന് പരാതി നല്‌കാനാണ് തെല്ലും ചുമതലാബോധമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. പൊലീസിന് ഇതെന്തുപറ്റിയെന്ന് മൂക്കിൽ വിരൽവച്ചിട്ട് കാര്യമൊന്നുമില്ല. പലപ്പോഴും പലരുടെയും കാര്യത്തിൽ നമ്മുടെ പൊലീസിന്റെ സമീപനം ഇതുതന്നെയാണ്. അടിയന്തരമായി സഹായിക്കേണ്ട സന്ദർഭങ്ങളിൽ ഒരു മനസാക്ഷിക്കുത്തുമില്ലാതെ അവർ പെരുമാറിയെന്നിരിക്കും. സ്റ്റേഷനിലെ രാത്രിഭരണം താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ഏല്പിച്ചുപോകുന്ന മേലധികാരികൾ തങ്ങളുടെ അഭാവത്തിൽ അവിടെ എന്താണ് നടക്കുന്നതെന്ന് ഇടയ്ക്കിടെ വിളിച്ചന്വേഷിക്കാനെങ്കിലും തയ്യാറാകണം. ഇല്ലെങ്കിൽ ഇതുപോലുള്ള ദുഷ്‌പേര് ഉണ്ടായെന്നിരിക്കും. വീട്ടിൽ സഹായത്തിനാരുമില്ലാതെ കഴിയുന്ന വീട്ടമ്മ രാത്രിയായിട്ടും സ്കൂട്ടറിൽ റോഡിലിറങ്ങിയത് തലവേദനയ്ക്ക് മരുന്നു വാങ്ങാനാണ്.

സംസ്ഥാനത്തെ മറ്റേതൊരു നഗരവും പോലെ രാത്രികാലങ്ങൾ സ്‌ത്രീകൾക്ക് തിരുവനന്തപുരവും തീരെ സുരക്ഷിതമല്ലാതായിക്കഴിഞ്ഞു. ഒരു വർഷത്തിനിടെ എത്രയോ സ്‌ത്രീകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. പൊലീസിന്റെ സഹായം വേണ്ടിവരുന്ന ഏതു സന്ദർഭത്തിലും ഒരു ശങ്കയും കൂടാതെ പൊതുജനങ്ങൾക്ക് നേരിലോ ഫോൺ മുഖേനയോ സമീപിക്കാമെന്നാണ് വാഗ്ദാനം. ഏട്ടിലെ പശു പുല്ലുതിന്നുകയില്ലെന്നു പറഞ്ഞതുപോലെ കാര്യത്തോടടുക്കുമ്പോഴാണ് സത്യം പുറത്താകുന്നത്. പാറ്റൂരിലെ വീട്ടമ്മയുടെ കാര്യംതന്നെ നോക്കൂ. അക്രമിയുടെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് അവർ രക്ഷപ്പെട്ടത്. ദേഹം മുഴുവൻ പരിക്കേറ്റ നിലയിൽ അവശയായിട്ടും അവരോട് കരുണകാണിക്കാൻ പൊലീസുകാർ തയ്യാറായില്ല. സ്റ്റേഷനിൽ നിന്ന് സംഭവസ്ഥലത്തേക്ക് ഒരുകിലോമീറ്റർ പോലുമില്ലെന്ന് ഓർക്കണം. പൊലീസ് എത്തുന്നതുവരെ പ്രതി അവിടെത്തന്നെ തുടരണമെന്നില്ലെങ്കിലും വീട്ടമ്മയിൽനിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആ രാത്രി തന്നെ അന്വേഷണം ആരംഭിക്കാൻ കഴിയുമായിരുന്നു. പരിഷ്‌കൃത നാടുകളിലെല്ലാം ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് പിന്തുടരുന്ന രീതി ഇതാണ്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെക്കുറിച്ച് സൂചനപോലും ശേഖരിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മുമ്പു നടന്ന പല സംഭവങ്ങളിലുമെന്നപോലെ ഈ കേസും തെളിവൊന്നുമില്ലാതെ വിസ്‌മൃതിയിലായാലും അത്ഭുതമില്ല.

സംഭവദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ ഇക്കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച കേരളകൗമുദിയാണ് വീട്ടമ്മയ്ക്ക് നേരിട്ട ദുരനുഭവം ആദ്യമായി പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത്. സംഭവം വിവാദമായതോടെയാണ് വനിതാ കമ്മിഷനും മറ്റും രംഗത്തെത്തുന്നത്. സ്‌ത്രീസ്വാതന്ത്ര്യ‌ത്തെയും സ്‌ത്രീസുരക്ഷയെയും കുറിച്ച് ഒരുപാടു സംസാരിക്കുന്നവർക്ക് ഈ വിഷയത്തിൽ എന്താണു പ്രത്യേകിച്ച് പറയാനുള്ളതെന്ന് അറിയില്ല. സർക്കാരിന്റെയും പൊലീസിന്റെയും പ്രതിച്ഛായയ്ക്കു കോട്ടം തട്ടുന്ന സംഭവമായതിനാൽ എല്ലാവരും ഏറെ കരുതലോടെയേ പ്രതികരിക്കൂ. കേരളത്തിനു പുറത്തു നടക്കുന്ന ഇമ്മാതിരി സംഭവങ്ങളിലേ അവരുടെ ശബ്ദം ഉറക്കെ കേൾക്കാനാവൂ.

TAGS: ATTACK ON WOMAN IN PATTOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.