ദീർഘകാലമായുള്ള രണ്ട് കുരുക്കുകൾ നീക്കിക്കൊണ്ടുള്ള റവന്യു വകുപ്പിന്റെ രണ്ട് നടപടികൾ അഭിനന്ദനം അർഹിക്കുന്നു. ബഹുനില സമുച്ചയങ്ങളിലെ ഓരോ ഫ്ളാറ്റിനും പ്രത്യേകം തണ്ടപ്പേരും കൈവശാവകാശ സർട്ടിഫിക്കറ്റും നൽകാനുള്ള തീരുമാനമാണ് ഒന്ന്. മറ്റൊരു നടപടി, വനമേഖലയിൽ കഴിയുന്ന ആദിവാസികൾക്ക് വനാവകാശ രേഖ നൽകാനുള്ള നടപടിയാണ്. നാളിതുവരെ ഫ്ളാറ്റുടമകൾക്ക് സ്വന്തം പേരിൽ കരം ഒടുക്കാനുള്ള അവകാശം ലഭിച്ചിരുന്നില്ല. ഓരോ ഫ്ളാറ്റ് സമുച്ചയവും നിൽക്കുന്ന ആകെ ഭൂമി ഒറ്റ തണ്ടപ്പേരായി കണക്കാക്കിയാണ് നിലവിൽ പോക്കുവരവ് അനുവദിക്കുന്നത്. മിക്ക ഫ്ളാറ്റ് സമുച്ചയങ്ങളിലും അസോസിയേഷനാണ് വില്ലേജ് ഓഫീസുകളിൽ ഒരുമിച്ച് കരമൊടുക്കുന്നത്. യഥാസമയം ഇത് ചെയ്യാത്ത അസോസിയേഷനുകളുമുണ്ട്. ഇങ്ങനെ വരുമ്പോൾ, ഫ്ളാറ്റുകൾ പണയപ്പെടുത്തി ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാനും വിൽപ്പന നടത്താനുമൊക്കെ സാങ്കേതിക തടസങ്ങൾ വരുമായിരുന്നു.
റവന്യു നിമയങ്ങൾക്ക് രൂപം നൽകിയ കാലയളവിലൊന്നും ഫ്ളാറ്റ് എന്നൊരു സങ്കല്പം പോലും നിലവിലില്ലായിരുന്നു. ജനസംഖ്യ വർദ്ധിക്കുകയും കൂട്ടുകുടുംബ വ്യവസ്ഥ തകരുകയും ഭൂമിയുടെ ലഭ്യത കുറയുകയും ചെയ്തപ്പോൾ ഫ്ളാറ്റ് ജീവിതം ഒരു യാഥാർത്ഥ്യമായി ഇന്ന് മാറിക്കഴിഞ്ഞു. സാഹചര്യങ്ങളുടെ സൃഷ്ടിയാണത്. സംസ്ഥാനത്ത് ഇപ്പോൾത്തന്നെ രണ്ടു ലക്ഷത്തോളം ഫ്ളാറ്റുകളാണുള്ളത്. ഫ്ലാറ്റ് സമുച്ചയം നിൽക്കുന്ന ഭൂമിക്ക് മാതൃ തണ്ടപ്പേർ അനുവദിക്കുകയും ഓരോ ഫ്ളാറ്റുടമയ്ക്കും മാതൃ തണ്ടപ്പേർ ഉൾപ്പെടുത്തി പ്രത്യേകം സബ് നമ്പർ അനുവദിച്ച് കരം ഒടുക്കാൻ അവസരം ഒരുക്കുവാനാണ് തീരുമാനം. പ്രതിസന്ധി പരിഹരിക്കാൻ ലാൻഡ് റവന്യു കമ്മിഷണർ സർക്കാരിനു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അഞ്ച് വർഷം കൊണ്ടാണ് തടസങ്ങൾ നീക്കി ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. ജനങ്ങൾക്ക് ഗുണകരമായ ഇത്തരം നടപടികൾ സ്വീകരിക്കാൻ ഈ ആധുനിക കാലത്ത് അഞ്ച് വർഷം വേണമായിരുന്നോ എന്ന ചോദ്യം റവന്യു വകുപ്പ് സ്വയം ചോദിക്കേണ്ടതാണ്.
സ്വന്തമായി ഭൂമി എന്ന അവകാശത്തിനുവേണ്ടി ആദിവാസി സമൂഹം സംസ്ഥാനത്തിന്റെ ശ്രദ്ധയാകർഷിച്ച ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി യാതൊരു അവകാശവുമില്ലാതെയാണ് ആദിവാസികൾ വനമേഖലയിൽ കഴിഞ്ഞുവന്നിരുന്നത്. ഇതിൽ 566 പട്ടികവർഗ സങ്കേതങ്ങളിലായി 29,166 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ രേഖ അനുവദിച്ചതായാണ് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചിട്ടുള്ളത്. ഇനിയും കേരളത്തിന്റെ വിവിധ കോണുകളിൽ പട്ടികവർഗ വിഭാഗങ്ങൾ വനാവകാശ രേഖയ്ക്കായി പൊരുതുന്നുണ്ട്. അവരെയും നിശ്ചയമായും സർക്കാർ പരിഗണിക്കേണ്ടതാണ്. വനാവകാശ രേഖയുടെ പൂർണത കൈവരിക്കാൻ പട്ടയം അനുവദിച്ച 566 പട്ടികവർഗ സങ്കേതങ്ങളെയും റവന്യു ഗ്രാമങ്ങളായി പ്രഖ്യാപിക്കുമെന്നാണ് മന്ത്രി ഉറപ്പുനൽകിയിരിക്കുന്നത്.
ഇതോടെ 29,166 കുടുംബങ്ങൾക്ക് വനാവകാശ രേഖയിലൂടെ ലഭിച്ച 38,582 ഏക്കർ ഭൂമിക്ക് കരം അടയ്ക്കാനുള്ള അവകാശം കൂടി ലഭ്യമാകും. ആദിവാസികൾക്ക് ഭൂമിയിൽ അവകാശം ഉറപ്പിക്കുന്നതിനു വേണ്ടി വനാവകാശങ്ങൾ അംഗീകരിക്കൽ എന്ന പേരിൽ 2006-ൽ കേന്ദ്ര സർക്കാർ നിർമ്മിച്ച നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സർക്കാർ വനാവകാശ രേഖകൾ നൽകിയിരിക്കുന്നത്. വനാവകാശ രേഖ അനുവദിക്കപ്പെട്ട ഭൂമിക്ക്, അവകാശികളുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തി തണ്ടപ്പേർ രജിസ്റ്റർ തയ്യാറാക്കാനും 1961-ലെ ഭൂനികുതി നിയമ പ്രകാരം കരം ഈടാക്കാനുമുള്ള നടപടികൾ വൈകാതെ പൂർത്തിയാക്കാൻ റവന്യു വകുപ്പ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |