SignIn
Kerala Kaumudi Online
Sunday, 27 July 2025 6.42 PM IST

ആലയ്ക്കലിന്റെ അടിവേരുകൾ

Increase Font Size Decrease Font Size Print Page
s

കൊല്ലം ജില്ലയ്ക്ക് തെക്കു പടിഞ്ഞാറെ കോണിൽ, മയ്യനാട് എന്ന വിശാലദേശത്തിലെ ചരിത്ര സമ്പന്നമായ ഒരു തറവാട്- ആലയ്ക്കൽ! തെക്കും പടിഞ്ഞാറും പരവൂർ കായൽ അതിരിടുന്ന ഈ തറവാടിന്റെ ഐശ്വര്യത്തിനു പിന്നിൽ ചരിത്രവും ഐതിഹ്യവും ആത്മീയതയുമൊക്കെ പിണഞ്ഞുകിടക്കുന്ന കൗതുകങ്ങളും കഥകളുമുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള ഒരു ഭദ്രകാളി ക്ഷേത്രമാണ് ആലയ്ക്കൽ തറവാടിന്റെ സർവൈശ്വര്യങ്ങൾക്കും നിദാനമെന്ന് വിശ്വസിക്കപ്പെടുന്നു.

കൊല്ലം രാജാവിൽ നിന്നു തുടങ്ങുന്നു,​ ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള കഥ. ഈ ക്ഷേത്രം പണ്ട് കളരിയായിരുന്നു എന്നതാണ് വസ്തുത. അതിലെ കളരി ദൈവം എന്ന നിലയിൽ,​ ഒരു പീഠവും അതിൽ ചാരിനിറുത്തിയ ഒരു വാളും മാത്രമായിരുന്നു ആദ്യ സങ്കല്പം. പണ്ടുകാലത്ത് രാജാക്കന്മാർക്ക് സ്ഥിരമായ സൈന്യമൊന്നും ഉണ്ടായിരുന്നില്ല. നാട്ടിലെ ചട്ടമ്പിമാരെ ക്ഷണിച്ചുവരുത്തി സത്കരിച്ച് കളരിയഭ്യാസം പഠിപ്പിച്ചു വിടുകയും,​ യുദ്ധം വേണ്ടിവരുമ്പോൾ അവരെ തിരികെ വിളിച്ച് ശത്രുക്കളെ നേരിടാൻ ഉപയോഗിക്കുകയും ചെയ്യുക- അതായിരുന്നു രാജാവിന്റെ പതിവ്.

ചട്ടമ്പികളും ആ സുന്ദരികളും

ഇത്തരത്തിൽ ചട്ടമ്പികളായ രണ്ട് സഹോദരങ്ങളിൽ ഒരാളാണ് ആലയ്ക്കൽ തറവാട്ടിൽ ഇന്ന് കാണുന്ന മുഹൂർത്തി ക്ഷേത്രത്തിന്റെ ആദ്യകാല സങ്കല്പമായി, ഒരു കളരി സ്ഥാപിക്കുകയും അതിൽ വാൾ പ്രതിഷ്ഠിച്ച് കളരി ദൈവമാക്കി ആരാധിക്കുകയും ചെയ്തത്. കളരിനാഥനായ ആ സഹോദരൻ താമസത്തിനായി നിർമ്മിച്ച വീടാണ് പിൽക്കാലത്ത് ആലയ്ക്കൽ തറവാട് ആയി മാറിയത്. ആ സഹോദരൻ കുടുംബസ്ഥനായതിന് പുറകിൽ വലിയൊരു കഥയുണ്ട്.

മേൽപ്പറഞ്ഞ സഹോദരന്മാർ ഒരിക്കൽ താന്നി കടപ്പുറത്ത് നിൽക്കുന്ന സമയം. അപ്പോൾ രണ്ടു സുന്ദരിമാർ വടക്കുദിക്കിൽ നിന്ന് തീരത്തുകൂടി നടന്നുവരുന്നതായി കണ്ടു. അവർ താത്പര്യപൂർവം അവിടെ കാത്തുനിന്നു. സ്ത്രീകൾ അടുത്തെത്തിയപ്പോൾ അവരെ ബലംപ്രയോഗിച്ച് തടഞ്ഞുനിറുത്തി ചോദ്യംചെയ്യാൻ തുടങ്ങി. അവർ അവരുടെ ദൈന്യകഥ സഹോദരന്മാർക്ക് വിവരിച്ചുകൊടുത്തു. ചെങ്ങന്നൂരുള്ള ഒരു നമ്പൂതിരി കുടുംബത്തിലെ സഹോദരിമാരായിരുന്നുവത്രേ അവർ.

മൂത്തവൾ ഒരു പ്രണയബന്ധത്തിലകപ്പെട്ടോ മറ്റോ ഗർഭിണിയായി. കുടുംബം ആ സ്ത്രീയെ അക്കാലത്തെ പതിവനുസരിച്ച് പടിയടച്ച് പിണ്ഡംവച്ചു പുറത്താക്കി. പക്ഷേ ജ്യേഷ്ഠത്തിയെ തീവ്രമായി സ്നേഹിച്ചിരുന്ന അനുജത്തി ജേഷ്ഠത്തിക്കു കൂട്ടായി ഒപ്പം പുറപ്പെട്ടു. അവർ തങ്ങളുടെ ഗൃഹത്തിൽ നിന്നു പുറപ്പെട്ട്,​ വിജനമായ സ്ഥലം സുരക്ഷിതമായിരിക്കുമെന്ന വിചാരത്തോടെ സമുദ്രതീരം വഴി തെക്കോട്ടു നടന്നു. വിശപ്പിന് കായ്‌കനികൾ പറിച്ചുതിന്നും,​ തീരത്തെ കുടിലുകളിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചും അവർ രണ്ടുദിവസം നടന്നു ചെന്നെത്തിയ സ്ഥലത്തുവച്ചാണ് നമ്മുടെ ചട്ടമ്പി സഹോദരന്മാർ അവരെ തടഞ്ഞുനിറുത്തിയത്. നിരാലംബരായ ആ രണ്ട് സുന്ദരിമാരെ അവർ നിർബന്ധപൂർവം തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജേഷ്ഠൻ ജേഷ്ഠത്തിയെയും അനുജൻ അനുജത്തിയെയും ഭാര്യമാരായി സ്വീകരിച്ചു. അങ്ങനെയാണത്രെ മയ്യനാട് ഇല്ലത്ത് രണ്ടു കുടുംബങ്ങൾ രൂപംകൊണ്ടത്.

സങ്കരത്തിലെ ജനിതക വീര്യം

മയ്യനാട്ടെ ഈഴവ സമൂഹത്തിന് തലശേരിയിലെ തീയരുടെ ജർമ്മൻ ബന്ധംപോലെ ഒരു സങ്കരസ്വഭാവമുണ്ടെന്നത് ഒരു ജീവശാസ്ത്ര യാഥാർത്ഥ്യമാണ്. ജനിതകശാസ്ത്രം പഠിച്ചവർക്ക് അത് തിരിച്ചറിയാം. ജനിതകപരമായി അകന്ന ജാതികൾ തമ്മിലുള്ള ബന്ധത്തിലൂടെ ഉണ്ടാകുന്ന സന്തതികൾക്ക് സങ്കരവീര്യം (Hybrid vigour) ഉണ്ടായിരിക്കുമെന്ന്. ചെടികളിലും മൃഗങ്ങളിലും നാം ഇത് തെളിയിച്ചു കഴിഞ്ഞതാണ്. സങ്കരവീര്യമുള്ള ജനസമൂഹത്തിന് അതിന്റേതായ വീര്യമുണ്ടാകും എന്നതിന്റെ പ്രശസ്തമായ ഉദാഹരണമാണ് 18 എഥ്‌നിക് ഗ്രൂപ്പുകളിൽ നിന്നുള്ള യൂറോപ്യൻ ജനങ്ങളും പിന്നെ ആഫ്രിക്കയിൽ നിന്നുള്ള നീഗ്രോ വംശജരും അമേരിക്കയിലെ തദ്ദേശീയരുംകൂടി കലർന്നുണ്ടായ Melting pot എന്നറിയപ്പെടുന്ന അമേരിക്കൻ ജനസമൂഹം.

അവരുടെ വീര്യം ബൗദ്ധികവും കായികവും ആണെന്ന് നോബൽ സമ്മാനിതരുടെയും ഒളിമ്പിക് സമ്മാനിതരുടെയും കണക്ക് പരിശോധിച്ചാൽ മനസിലാകും. അതുപോലെ വിദ്യയിലും പ്രവാസന സ്വഭാവത്തിലും മുന്നിട്ടുനിൽക്കുന്ന ഒരു ജനതയാണ് മയ്യനാട്ടിലേത് എന്നത് ആദ്യ സെൻസസിൽത്തന്നെ, മ്പൂർണ സാക്ഷരത നേടിയ ഗ്രാമം എന്ന നിലയിൽ, പ്രസിദ്ധമായി. ആലയ്ക്കൽ തറവാട്ടിലെ അംഗങ്ങളും ഇക്കാര്യത്തിൽ മുന്നിട്ടുതന്നെ നിൽക്കുന്നു. ആദ്യമായി ബി.എ ബിരുദം നേടിയതും തഹസിൽദാർ പദവിയിലേക്ക് ഉയരാൻ കഴിഞ്ഞതും ആലയ്ക്കൽ തറവാട്ടിലെ കാരണവരായ നാരായണനായിരുന്നു.

അദ്ദേഹത്തിന്റെ മക്കളും ചെറുമക്കളും എല്ലാംതന്നെ ഉന്നത ബിരുദങ്ങൾ നേടിയവരും, പ്രൊഫസർമാരായും ജഡ്ജിമാരായും ഡോക്ടർമാരായും മറ്റും ഉയർന്ന പദവികളിൽ എത്തിയവരുമത്രെ. മയ്യനാട്ടു നിന്നും ആദ്യമായി അന്യനാടുകളിലേക്ക് പ്രവാസനം നടത്തി ജോലിയെടുക്കാൻ ധൈര്യം കാണിച്ചവതും ആലയ്ക്കൽ തറവാട്ടിൽ പിറന്നവർ തന്നെയായിരുന്നു. വ്യവസായ രംഗത്ത് മുതലാളി എന്ന ബിരുദം രാജാവിൽനിന്ന് നേടാനുള്ള കഴിവും ആലയ്ക്കൽ തറവാട്ടിൽ ജനിച്ചവർക്കുണ്ടായി. ഇന്നും അവരിൽ ഭൂരിപക്ഷവും അമേരിക്കയിലും ഗൾഫ് നാടുകളിലും പ്രൊഫസർമാരായും ഡോക്ടർമാരായും എൻജിനീയർമാരായും തിളങ്ങുന്നു.

ഗുരുദേവനും മയ്യനാടും

ആലയ്ക്കൽ തറവാട്ടിലെ ഒരംഗമായ എം. പ്രഭയുടെ 'സ്മൃതിപഥങ്ങൾ" എന്ന ആത്മകഥയിൽ, ശ്രീനാരായണ ഗുരുദേവന് മയ്യനാടുമായുള്ള ഗാഢബന്ധത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ഗുരുദേവന്റെ പൂർവചരിത്രം വിവരിക്കുന്ന ഭാഗത്ത് ഒരു ഖണ്ഡിക ഇങ്ങനെയാണ്: 'ഈ സന്ദർഭത്തിൽ,​ കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥാപകനായ സി.വി. കുഞ്ഞിരാമൻ ഒരിക്കൽ എന്നോടു പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു. ശ്രീനാരായണ ഗുരു ഒരു സന്ദർഭത്തിൽ അദ്ദേഹത്തോട് പറഞ്ഞുവത്രേ- 'എന്റെ മൂലകുടുംബം മയ്യനാട്ടായിരുന്നു എന്നാണ് പറഞ്ഞുകേട്ടത്. ശാസ്താംകോവിൽ എന്ന ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു വീടാണത്രേ അത്. അവിടെ ഒരു ദേവീക്ഷേത്രമുണ്ടെന്നും ഞാൻ മയ്യനാട് ഇല്ലത്തിൽ നിന്നുള്ള ആളാണെന്നും പ്രമാണങ്ങളിൽ ഉണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുമുണ്ട്."

'യുക്തിരേഖ" മാസികയുടെ 1994 സെപ്തംബർ ലക്കത്തിലാണ് ഇത് (പേജ് 29). എം. പ്രഭയുടെ ആത്മകഥ 'യുക്തിരേഖ"യിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ യുക്തിവാദ സംഘടനയുടെ ജനയിതാക്കളിൽ ഒരാളായ എം. പ്രഭ പിൽക്കാലത്ത് കേരളത്തിൽ ആദ്യമായി രൂപീകരിക്കപ്പെട്ട ഔദ്യോഗിക ഭാഷാ കമ്മിഷന്റെ ആദ്യ ചെയർമാനായി ദീർഘകാലം പ്രവർത്തിക്കുകയും,​ ഭരണഘടനയുടെ മലയാള പരിഭാഷ പൂർത്തിയാക്കുകയും ചെയ്തയാളാണ്. കേരള സർവകലാശാലയിൽ സമർപ്പിച്ച ഒരു പിഎച്ച്.ഡി തീസിസിലും ഗുരുവും മയ്യനാടുമായുള്ള ബന്ധം വിസ്തരിച്ച് പറയുന്നുണ്ട്. ഗുരുവിന്റെ അമ്മയുടെ കുടുംബവഴിക്കാണ് ആ ബന്ധമെന്നും പറയുന്നുണ്ട്.

ആലയ്ക്കലിന്റെ പ്രഭാവം

പണ്ട് സോവിയറ്റ് റഷ്യയിൽ നടത്തിയ ഒരു പഠനത്തിൽ 'അകലെനിന്നുള്ള വിവാഹങ്ങളിൽ നിന്ന് പിറക്കുന്ന സന്തതികളുടെ ഐ ക്യു​" ബന്ധുവിവാഹങ്ങളിൽ നിന്നുള്ള സന്തതികളിലേതിനെക്കാൾ പ്രകടമാം വിധം വർദ്ധിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സങ്കരവീര്യത്തിനുള്ള മറ്റൊരു തെളിവാണ് വിശാല മയ്യനാട് ദേശത്തിന് (മയ്യനാട്, തട്ടാമല, ഇരവിപുരം, പാലത്തറ തുടങ്ങി തെക്കോട്ട് പരവൂരും അഞ്ചുതെങ്ങും ഉൾപ്പെടെയുള്ള സ്ഥലം) പുറത്തുള്ള ഈഴവ സമുദായത്തിന്റെ പില്ക്കാലത്തെ സ്ഥിതി. നീണ്ടകര പാലത്തിനപ്പുറം ചങ്ങനാശേരി വരെയുള്ള ഭാഗങ്ങളിലെ ഈഴവരിൽ ബഹുഭൂരിഭാഗവും കർഷകത്തൊഴിലാളികളായും, ക്രൈസ്തവരുടെയും നായർ തറവാടുകളിലെയും വേലക്കാരായും കഷ്ടജീവിതം നയിച്ചിരുന്നതായി കാണാം.

അതുപോലെയാണ് അഞ്ചുതെങ്ങിന് അപ്പുറമുള്ള വലിയൊരു വിഭാഗം ഈഴവരുടെയും സ്ഥിതി. അതിൽ ഒറ്റപ്പെട്ട ചിലരുണ്ടാകാം. കുമാരനാശാനെ അധഃകൃതനാക്കി പന്തിയിൽനിന്ന് എഴുന്നേൽപ്പിച്ചതു പോലെയുള്ള സംഭവങ്ങളും നമുക്ക് ഓർക്കാം. ഇവിടെ മനസിലാക്കേണ്ടുന്ന ഒരു കാര്യം,​ ബുദ്ധിക്ക് ആധാരമായ വിശേഷ ജീനുകൾ പകർന്നുകിട്ടുന്നവരാണ് കണക്കും ശാസ്ത്രവും പഠിച്ച് മുന്നേറുന്നവരിൽ അധികവും എന്നതാണ്.

തിരുവനന്തപുരം ജില്ലയുടെ തെക്കു ഭാഗത്ത് (വെങ്ങാനൂർ, വിഴിഞ്ഞം) ജീവിച്ച അയ്യങ്കാളി എന്ന സുദായ പരിഷ്കർത്താവ് തന്റെ കുടുംബത്തിലെ ഒരു പെൺകുട്ടിയെ രഹസ്യമായി പ്രണയിച്ച ഒരു നായർ യുവാവിനെ ബലമായി പിടിച്ചുകെട്ടി രഹസ്യമായി വിവാഹം നടത്തിച്ച കഥയുണ്ട്. എന്തായാലും,​ ആ കുടുംബത്തിലെ പിൻതലമുറക്കാരിൽ പലരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും കോളേജ് പ്രൊഫസർമാരും ഡോക്ടർമാരും ഒക്കെയായി പ്രശസ്തരാണ്. ഇതെല്ലാം ഇവിടെ ഇത്രയും വിവരിച്ചത് ആലയ്ക്കൽ തറവാടിന്റെ ഇന്നത്തെ മഹത്വങ്ങൾക്കു പിന്നിൽ സുനിശ്ചിതമായ ഒരു സങ്കര പാരമ്പര്യത്തിന്റെ പ്രഭാവം പ്രകടമാണെന്ന് തെളിയിക്കാൻ മാത്രമാണ്. ആലയ്ക്കൽ തറവാട് വളരെ വർഷങ്ങൾക്കു മുമ്പുതന്നെ പൊളിക്കുകയും,​ ആ സ്ഥലം ദേവീക്ഷേത്രത്തിന്റെ വളപ്പിനോട് ചേർക്കുകയും ചെയ്തിരുന്നു.

TAGS: ALACKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.