അപ്രതീക്ഷിതങ്ങളും അപ്രതിരോദ്ധ്യങ്ങളുമാണ് പ്രകൃതിദുരന്തങ്ങൾ. അതിൽ പലതിനും വഴിയൊരുക്കുന്നത് മനുഷ്യർ തന്നെയാണ് താനും. ജീവിതത്തിന്റെ സമൃദ്ധസൗന്ദര്യം നിറഞ്ഞുനില്ക്കുന്ന വയനാട്ടിൽ, മുണ്ടക്കൈയും ചൂരൽമലയും ഉൾപ്പെടുന്ന ഒരു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലെ ജീവസാന്നിദ്ധ്യമാകെ തുടച്ചെടുത്ത ഉരുൾപൊട്ടലിന് ഇന്ന് ഒരാണ്ട് തികഞ്ഞു. ഒരു വർഷം മുമ്പ്, ഇതുപോലെയൊരു ദിവസം പുലരുമ്പോൾ പുഞ്ചിരിമുറ്റവും അട്ടാമലയും ആറാമലയുമൊക്കെ ഭൂപടത്തിലെങ്ങുമില്ലാത്ത സ്വപ്നഗ്രാമങ്ങൾ മാത്രമായിത്തീർന്നിരുന്നു. 298 മനുഷ്യജീവനുകൾക്കു മീതെ പാറകളും മണ്ണും ചെളിയും വെള്ളവുമൊക്കെച്ചേർന്ന് വലിയൊരു മൃതിമൈതാനം തീർത്തിരുന്നു. ഉരുൾജലം ഗ്രാമത്തെ രണ്ടായി പകുത്തിരുന്നു. കുഴഞ്ഞു പുതയുന്ന മണ്ണിലൂടെ, മരണഭൂമിയിൽ ബാക്കിയായ മനുഷ്യർ നിലവിളിച്ചും കാണാതായവരുടെ പേരുകൾ വിളിച്ചും കരച്ചിലോടെ തിരഞ്ഞുകൊണ്ടിരുന്നു. എന്നാൽ, ദുരന്തങ്ങൾ വിലാപങ്ങളുടേതു മാത്രമല്ല, വാശിയോടെയുള്ള തിരിച്ചുവരവിന്റേതു കൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും പുനരധിവാസ ദൗത്യത്തിന്റെയും മാസങ്ങളായിരുന്നു പിന്നീട്!
അഗ്നിരക്ഷാ സൈനികരും പൊലീസും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ദുരന്ത പ്രതികരണ സേനയും മുതൽ ഇന്ത്യൻ സൈനികരും അർദ്ധസേനാ വിഭാഗങ്ങളും രാജ്യമെമ്പാടും നിന്നുള്ള സന്നദ്ധപ്രവർത്തകരും സുമനസുകളായ പൊതുജനങ്ങളും വരെ കൈകൾ കോർത്തുപിടിച്ചു നടത്തിയ രക്ഷാദൗത്യത്തിന്റെ വൈപുല്യം ഇന്ത്യയിൽ മറ്രെവിടെയും ഏതു ദുരന്തമുഖത്തും നടന്ന രക്ഷാപ്രവർത്തനങ്ങളെ മറികടക്കുന്നതായിരുന്നു. മനുഷ്യജീവനെന്നല്ലാതെ മറ്റൊരു ചിന്തയും ആരുടെയും മനസിലുണ്ടായിരുന്നില്ല. ഉരുൾപൊട്ടൽ ബാക്കിവച്ചവരെയും, മണ്ണിൽ നിന്ന് വീണ്ടെടുത്തവരെയും ആശുപത്രികളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റുന്നതിനും, ആശ്വാസകേന്ദ്രങ്ങളിൽ നിന്ന് പിന്നീട് അവരെ താത്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ അതിന്റെ എല്ലാ ഔദ്യോഗിക സംവിധനങ്ങളെയും സദാ സജ്ജമാക്കി. ഉരുൾ പകുത്ത ഗ്രാമത്തെ കൂട്ടിയോജിപ്പിച്ച് സൈന്യം പണിത ബെയ്ലി പാലത്തിലൂടെ കേരളമെമ്പാടും നിന്ന് സഹായങ്ങൾ മലമുകളിലേക്ക് എത്തി.
പ്രകൃതിദുരന്തം കശക്കിയെറിഞ്ഞ ഗ്രാമങ്ങളിൽ ജീവിതത്തിന്റെ പുതിയ ചിത്രം വരച്ചെടുക്കുകയെന്ന മഹാദൗത്യമായിരുന്നു, പിന്നെ. പഠനം തടസപ്പെട്ട കുട്ടികൾക്ക് താത്കാലിക ക്ളാസ് മുറികൾ, പുതിയ സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി, ജീവനോപാധികൾ നഷ്ടമായവർക്ക് സാമ്പത്തിക സഹായം, ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് സഹായധനം, കാർഷികവിളകൾ നശിച്ചുപോയവർക്ക് അർഹമായ നഷ്ടപരിഹാരം, വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറേണ്ടിവന്നവർക്ക് പ്രതിമാസ സഹായം, അതിനൊപ്പം പുതിയ ടൗൺഷിപ്പിനായുള്ള ഭഗീരഥപ്രയത്നങ്ങൾ, ഏറ്റെടുക്കാൻ ഉദ്ദേശിച്ച സ്ഥലവുമായി ബന്ധപ്പെട്ട് അതിന്റെ ഉടമകൾക്കെതിരെ വേണ്ടിവന്ന നിയമ പോരാട്ടങ്ങൾ, പ്രത്യേക പാക്കേജിനായുള്ള അപേക്ഷയോട് കേന്ദ്രം കാട്ടിയ നിസംഗത, സമാന സന്ദർഭങ്ങളിൽ ഇതരസംസ്ഥാനങ്ങൾക്ക് നൽകാറുള്ള സഹായം പോലും അനുവദിക്കാതെയുള്ള നിസഹകരണം... ഇതെല്ലാം മറികടന്ന് ദുരന്തബാധിതരുടെ കുടുംബങ്ങളോടും പൊതുസമൂഹത്തോടും സംസ്ഥാന സർക്കാർ പുലർത്തിയ പ്രതിബദ്ധതയ്ക്ക് ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനോട് കേരളം കടപ്പെട്ടിരിക്കും.
ദുരന്തമുണ്ടായി ഒരു വർഷം തികയുമ്പോൾ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ പൂർത്തിയാകുന്ന ആദ്യ വീടിന്റെ താക്കോൽ കൈമാറ്റത്തിനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളും മറ്റും അതിനെ വൈകിക്കുകയായിരുന്നു. വീടുകളുടെ പണി എത്രയും വേഗം പൂർത്തിയാക്കാനുള്ള നിർമ്മാണജോലികൾ പൂർണതോതിൽ പുരോഗമിക്കുകയാണ്. പ്രകൃതിദുരന്തങ്ങൾ മനുഷ്യജീവിതത്തിനു മേലുള്ള പ്രഹരങ്ങൾ മാത്രമല്ല, പാഠങ്ങൾ കൂടിയാണെന്ന് മറന്നുപോകരുത്. പ്രകൃതിക്കു മേലുള്ള അമിതചൂഷണവും വീണ്ടുവിചാരമില്ലാത്ത കൈയേറ്റങ്ങളും നിയന്ത്രിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. ഏതു വെല്ലുവിളിയേയും പതറാതെ നേരിട്ട് ജീവിതം അതിന്റെ ധീരസഞ്ചാരം തുടരുമ്പോൾ നമുക്ക് കൈകൾ കോർത്തുതന്നെ തുടരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |