കഞ്ചാവും രാസലഹരികളുമെല്ലാം കെെവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിവരുന്നുവെന്ന കണക്കുകൾക്ക് അപ്പുറമാണ് വസ്തുത. പൊലീസും എക്‌സൈസും നൽകുന്ന രഹസ്യവിവരങ്ങൾ അത് വ്യക്തമാക്കുന്നുണ്ട്. അദ്ധ്യാപകരും രക്ഷകർത്താക്കളും സ്കൂൾ അധികൃതരും പുറത്തുപറയാത്ത സംഭവങ്ങളും നിരവധിയാണ്. പരിശോധനകൾ കടുപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വലക്കണ്ണികൾ മുറുക്കി രാസലഹരി വസ്തുക്കൾ യുവത്വത്തെ കാർന്നു തിന്നുകയാണ്. ഓണവും ക്രിസ്മസും പുതുവർഷവും തുടങ്ങി ആഘോഷവേളകളെല്ലാം ലഹരിവ്യാപനത്തിന്റെ ഇടങ്ങളായി മാറിയിരിക്കുകയാണ്. വിനോദസഞ്ചാര മേഖലകളിലും മലയോര തീരമേഖലകളിലും നഗരങ്ങളിലെ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ചുമാണ് മയക്കുമരുന്നുകളും രാസലഹരി വസ്തുക്കളും ഏറെയും വിൽക്കുന്നതെന്ന് പറയുന്നു. ചെക്ക്പോസ്റ്റുകളിലെ പരിശോധന ലഹരിക്കടത്തുകാർ എളുപ്പം മറികടക്കും. വളരെക്കുറഞ്ഞ അളവിൽ കൊണ്ടുവരാമെന്നതിനാൽ പിടികൂടാനും പ്രയാസമാണ്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സംഘങ്ങളുടെ കണ്ണികൾ ഇനിയും അറ്റുപോയിട്ടില്ല.
അയൽജില്ലകളിൽ നിന്ന് പാഴ്‌സൽ വഴിയും മറ്റ് രാജ്യങ്ങളിൽ നിന്ന് വിമാനത്തിലും എം.ഡി.എം.എ പോലുള്ള രാസലഹരികൾ എത്തുന്നുണ്ട്. ബംഗളൂരുവിൽ നിന്നാണ് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതലും ലഹരി എത്തിക്കുന്നത്.
നിയമലംഘകരായ ഡ്രൈവർമാരെ പിടികൂടുന്നതുവഴി അപകടങ്ങൾ ഒഴിവാക്കാനും മയക്കുമരുന്ന് കണ്ണികളിലേക്ക് അന്വേഷണം എത്തിക്കാനും കഴിയും. പക്ഷേ വിമാനത്താവളങ്ങളിലും മറ്റും രാസലഹരി വസ്തുക്കൾ കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങൾ ഇല്ലെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ ലഹരിയുടെ മൊത്തക്കച്ചവടക്കാരെയും മുഖ്യസൂത്രധാരൻമാരെയും കണ്ടെത്താൻ പൊലീസിനോ അന്വേഷണ ഏജൻസികൾക്കോ കഴിയുന്നില്ല. കണ്ടെയ്‌നറുകൾ വഴിയും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുകൾ രാജ്യത്ത് എത്തുന്നുണ്ട്. ഇത് തടയാനുള്ള ശ്രമങ്ങളും ഫലപ്രദമായി നടക്കുന്നില്ല.
അന്യസംസ്ഥാനക്കാർ
ഇരകളും വേട്ടക്കാരും
അന്യസംസ്ഥാന തട്ടിപ്പുകാർ മുതൽ സൈബർ തട്ടിപ്പുകാർ വരെ മയക്കുമരുന്നിന്റെ വലയിലുണ്ട്. അവരിൽ പലരും ഒരേസമയം ഇരകളും കടത്തുകാരും ആസൂത്രകരുമെല്ലാമാണ്. കഞ്ചാവും മയക്കുമരുന്നും അടക്കം ഉപയോഗിക്കുകയും കടത്തുകയും ചെയ്യുന്ന സംഘങ്ങൾ ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കൂടിവരുന്നുണ്ട്. കേരളത്തിലെത്തുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം കൂടിവരികയാണ്. അതേസമയം, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പാൻമസാല മുതൽ മയക്കുമരുന്നുകൾ വരെ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയതായാണ് പൊലീസ് പറയുന്നത്. മറുനാട്ടുകാരും തദ്ദേശീയരും ചേർന്ന് മുറുക്കുന്ന ലഹരിവലകൾ ഇപ്പോഴും ശക്തമാണ്.
കുട്ടികളെ
കളിക്കളങ്ങളിലിറക്കാം
ഓരോ റേഞ്ചിലെയും ഒരു സ്കൂളിനെ തിരഞ്ഞെടുത്ത് പതിനായിരം രൂപ സാമ്പത്തിക സഹായം നൽകി സ്പോർട്സ് ടീമുകളെ സജ്ജമാക്കി ലഹരിയോ പ്രതിരോധിക്കാൻ പദ്ധതിയുമായി എക്സൈസ് സജീവമാണ്. എക്‌സൈസിന്റെ കീഴിലുള്ള വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് കായിക മത്സരങ്ങളിൽ വിദ്യാർത്ഥികളെ സജീവമാക്കാൻ പദ്ധതി ഒരുക്കുന്നത്. ബാസ്‌കറ്റ് ബാൾ, ഫുട്ബാൾ എന്നീ ടീമുകൾ ഒൻപത് റേഞ്ചിലുമുണ്ടാകും. നാലുവർഷം മുമ്പേ പദ്ധതി തുടങ്ങിയെങ്കിലും ഈ വർഷം വ്യാപകമാക്കുന്നുണ്ട്. കായിക ഫണ്ടുകൾ ലഭിക്കാത്ത സ്‌കൂളുകൾക്ക് മുഖ്യപരിഗണന നൽകുന്നുണ്ട്. കായിക ഉപകരണങ്ങൾ വാങ്ങാനും കുട്ടികളുടെ ഭക്ഷണത്തിനും മറ്റുമായാണ് ഫണ്ട് വിനിയോഗിക്കുക. ഡി അഡിക്ഷൻ സെന്ററുകളിൽ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും ചികിത്സ നൽകുന്നതിന് കൂടി സൗകര്യങ്ങൾ ഏർപ്പാട് ചെയ്യാനുള്ള നടപടികളും നടക്കുന്നുണ്ട്.
പട്ടികവർഗ്ഗ തീരദേശ
മേഖലകളിൽ ഉണർവ്
കഴിഞ്ഞ തവണത്തെ ഉണർവ് പദ്ധതി ഭൂരിപക്ഷം പട്ടികവർഗ വിദ്യാർത്ഥികൾ പഠിക്കുന്ന വെറ്റിലപ്പാറ ഹൈസ്‌കൂളിലായിരുന്നു. അഞ്ചുലക്ഷം രൂപയുടെ വോളിബാൾ, ഓപ്പൺ ജിം, ആർച്ചറി എന്നീ ഇനങ്ങളിലേക്കുള്ള കായികോപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇത്തവണ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിങ്ങാലക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ വിദ്യാലയങ്ങളെയാണ് തിരഞ്ഞെടുത്തത്. ആർച്ചറി, വോളിബാൾ, ഗോൾഫ്, കബഡി തുടങ്ങിയ കളികൾക്കുള്ള സൗകര്യമാണ് ഒരുക്കുക. കോച്ചിനുള്ള ശമ്പളവും ഭക്ഷണവും ഫണ്ടിൽ ഉൾപ്പെടുത്തും.
റീ കണക്ടിംഗ് യൂത്ത്
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് തൃശൂരിലെ സ്കൂളിലും കോളേജിലും എസ്.സി- എസ്.ടി കോളനികളിലും റീ കണക്ടിംഗ് യൂത്ത് ബോധവത്ക്കരണ ക്ലാസും നടക്കുന്നുണ്ട്. എൻട്രൻസ് കോച്ചിംഗ് സെന്ററിലും ട്യൂഷൻ സെന്ററിലും ബോധവത്ക്കരണ ക്യാമ്പയിൻ 11 കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന പരിപാടി കഴിഞ്ഞവർഷം 13 സ്‌കൂളിൽ നടപ്പാക്കിയിരുന്നു. ലഹരിയുടെ വഴികളിൽ നിന്ന് വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള നവമേഖലയിൽ പരിശീലനം നൽകാനുള്ള പദ്ധതി 100 സ്‌കൂളുകളിൽ നടപ്പാക്കുന്നുണ്ട്. അതെ, കായിക പ്രവർത്തനങ്ങളിലൂടെയേ ലഹരിയെ പ്രതിരോധിക്കാനാവൂ. വിദ്യാർത്ഥികളെ കായിക മത്സരങ്ങളിലേക്ക് കൂടുതലായി അടുപ്പിക്കുക എന്നതാണ് നമുക്കു മുന്നിലുള്ള പ്രധാന പോംവഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |