നഗരങ്ങളാണ് ഭാവിയിൽ ലോകത്തെ നിയന്ത്രിക്കുക എന്ന രീതിയിലാണ് വികസനത്തിന്റെ മുന്നോട്ടുള്ള പോക്ക്. അതിനാൽ ഒരു നഗര വികസന നയം വേണമെന്നത് ഇക്കാലത്ത് അതിപ്രധാനമാണ്. വൻ നഗരങ്ങളും ഉപ നഗരങ്ങളുമായി അതിവേഗം നഗരവത്‌കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗര നയമാണ് വേണ്ടതെന്ന് കൊച്ചിയിൽ നടന്ന ദ്വിദിന കേരള അർബൻ കോൺക്ളേവിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. തദ്ദേശ സ്വയംഭരണ വകുപ്പാണ് കോൺക്ളേവ് സംഘടിപ്പിച്ചത്. കേരളത്തിന്റെ കരട് നഗര നയം, കോൺക്ളേവിലെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട് ഉടൻ തയ്യാറാക്കുമെന്ന് സമാപന സമ്മേളനത്തിൽ മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കുകയും ചെയ്തു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒട്ടാകെ ഒരു പട്ടണമാണെന്ന് വേണമെങ്കിലും പറയാം. കുറഞ്ഞത് 5000 പേർ താമസിക്കുകയും, അതിൽ 75 ശതമാനം പേരും കാർഷികേതര മേഖലകളിൽ നിന്ന് വരുമാനം കണ്ടെത്തുകയും ചെയ്യുന്ന ഏതൊരു സ്ഥലവും പട്ടണമായി കണക്കാക്കാമെന്നാണ് ഇതുസംബന്ധിച്ച മാനദണ്ഡങ്ങളിൽ പറയുന്നത്. ഇതുപ്രകാരം നോക്കിയാൽ വലിയ പട്ടണങ്ങളെ ഒഴിച്ചുനിറുത്തിയാൽ മുന്നൂറ്റമ്പതോളം ചെറിയ പട്ടണങ്ങൾ കേരളത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്. 2035-ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ. കേരള നഗരവത്‌കരണം വ്യവസായത്തെ മാത്രമല്ല സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ മറ്റ് ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
കൊച്ചി ഇത്രമാത്രം വികസിക്കാൻ പ്രധാനമായും കാരണമായത് തുറമുഖം തന്നെയാണ്. അതോടൊപ്പം വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ കേന്ദ്രീകരണവും കര, റെയിൽ, വിമാന മാർഗങ്ങളുടെ സൗകര്യങ്ങളും കൊച്ചി അതിവേഗം വികസിക്കാൻ ഇടയാക്കി. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന ആദ്യത്തെ മുപ്പത് നഗരങ്ങളിൽ വരുന്ന സ്ഥാനം കൊച്ചി നേടിയിട്ടുണ്ട്. എന്നാൽ, കൊച്ചിക്ക് തൊട്ടടുത്തുള്ള ആലപ്പുഴയുടെ വികസനം ഏറ്റവും പിന്നിലാണ്. അതുപോലെ മലപ്പുറം അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റ് വടക്കൻ നഗരങ്ങൾ അതനുസരിച്ച് മുന്നേറുന്നില്ല. നഗരങ്ങളുടെ വളർച്ചയുടെ കാര്യത്തിൽ അസന്തുലിതാവസ്ഥ വലിയ തോതിൽ നിലനിൽക്കുന്നു. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ സജ്ജമാകുന്നതോടെ തിരുവനന്തപുരം നഗരം വൻ വികസന കുതിപ്പിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാം.
നഗരങ്ങളുടെ വികസനത്തിന് മികച്ച ആസൂത്രണത്തോടൊപ്പം വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപനവും അത്യന്താപേക്ഷിതമാണ്. അതിന്റെ കുറവാണ് നഗരങ്ങളുടെ വളർച്ചയിൽ സംഭവിച്ചിട്ടുള്ള അസന്തുലിതാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്. പ്രവാസി പണത്തിന്റെ ഒഴുക്ക് ഉള്ളതിനാൽ ഇതൊന്നും പെട്ടെന്ന് തിരിച്ചറിയുന്നില്ലെന്നു മാത്രം. അതിനാൽ സംസ്ഥാനത്തെ നഗരങ്ങളുടെ വികസനത്തിന് ഒരു പൊതു നഗര നയം രൂപീകരിക്കേണ്ടത് അനിവാര്യമാണ്. വിവിധ നഗരങ്ങളെ കേന്ദ്രമാക്കി കേരളത്തിൽ അഞ്ച് സാമ്പത്തിക വളർച്ചാ ഹബ്ബുകൾക്ക് രൂപം നൽകുക, ഓരോ നഗരത്തിലും ബിസിനസ് ഡവലപ്‌മെന്റ് കൗൺസിലുകൾ രൂപീകരിക്കുക, നഗര ഭരണം കൂടുതൽ കാര്യക്ഷമമാക്കാനായി പ്രൊഫഷണലുകളെ നിയോഗിക്കുക തുടങ്ങി അർബൻ കോൺക്ളേവിൽ മുന്നൂറോളം നിർദ്ദേശങ്ങൾ ഉയർന്നുവന്നിരുന്നു. നഗര വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പദ്ധതികളും നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നു കൂടി ഉണ്ടാകേണ്ടതാണ്. കൊച്ചിയിൽ നടന്ന അർബൻ കോൺക്ളേവ് സംസ്ഥാനത്തിന് ഒരു മികച്ച നഗര നയം രൂപപ്പെടുവാൻ അടിത്തറയാകുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |