ജനവാസ മേഖലയിലിറങ്ങി ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും മറ്റും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനു നൽകിക്കൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. നിയമസഭ പാസാക്കിയതിനു പുറമെ രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമാകും. ഇതോടെ കേരളത്തിലെ മലയോരവാസികൾ നേരിട്ടിരുന്ന ഏറ്റവും വലിയ ഒരു പ്രശ്നത്തിനാണ് പരിഹാരത്തിന്റെ മാർഗങ്ങൾ തുറന്നുകിട്ടുന്നത്. കാട്ടുപന്നി ശല്യമാണ് മലയോര മേഖലയിൽ കൃഷിയിറക്കുന്നതിൽ നിന്ന് ഒട്ടേറെ കർഷകരെ പിന്തിരിപ്പിക്കുന്നത്. കൈയിലുള്ളതും കടം വാങ്ങിയതും ഇട്ട് കൃഷിയിറക്കുന്ന കർഷകന്റെ മൊത്തം അദ്ധ്വാനവും പണവും ഒറ്റരാത്രികൊണ്ടാവും പന്നിക്കൂട്ടങ്ങൾ ഇളക്കിമറിച്ച് ഇല്ലാതാക്കുക. നിയമത്തിന്റെ തടസങ്ങൾ കാരണം പന്നിയെ കൊല്ലാനും കഴിയില്ല.
ഇനി ആരെങ്കിലും സഹികെട്ട് അതിനു തുനിഞ്ഞാൽ അവർക്കെതിരെ വനം വകുപ്പ് ചന്ദ്രഹാസവുമായി ഇറങ്ങുമായിരുന്നു. പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നാണ് പന്നിശല്യം രൂക്ഷമാകുമ്പോഴൊക്കെ വനം വകുപ്പ് മന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ പഴിചാരിക്കൊണ്ടിരുന്നാൽ ചില വിവാദങ്ങൾക്ക് വളമായി മാറും എന്നുള്ളതല്ലാതെ ഒരു പ്രശ്നവും ഭരണപരമായി പരിഹരിക്കപ്പെടില്ല. ഇതിൽ നിന്ന് മാറിയുള്ള ഒരു ചുവടുവയ്പാണ് സംസ്ഥാന സർക്കാർ കരട് ബില്ലിന് അംഗീകാരം നൽകിയതിലൂടെ ചെയ്തിരിക്കുന്നത്. പട്ടിക രണ്ടിലെ ഏതു വന്യമൃഗത്തെയും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുവാനുള്ള അധികാരം കൂടി സംസ്ഥാന സർക്കാർ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാകട്ടെ മലയോര പ്രദേശങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിന് നല്ല രീതിയിൽ ഉതകുന്ന നടപടിയായി ഭാവിയിൽ മാറുമെന്ന് പ്രതീക്ഷിക്കാം.
ഇതാദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരമൊരു ബില്ലിന് രൂപം നൽകുന്നത്. അതുകൊണ്ടു തന്നെ ബിൽ നിയമസഭ പാസാക്കിയാൽ കാലതാമസം വരുത്താതെ രാഷ്ട്രപതി അംഗീകാരം നൽകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതും. കാട്ടുപന്നികളുടെയും തെരുവുനായ്‌ക്കളുടെയും ശല്യം കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാൻ നിൽക്കാതെ നേരത്തേ തന്നെ ഇത് പരിഹരിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. വൈകിയാണെങ്കിലും വന്യമൃഗ ശല്യത്തിന് അറുതി വരുത്താനുള്ള സർക്കാർ നീക്കം അഭിനന്ദനീയമാണ്. കാർഷിക വിളകൾ മാത്രമല്ല, കാട്ടുപന്നികൾ കാരണം നഷ്ടമായത്. വാഹനങ്ങൾക്കു മുന്നിൽ ചാടിയുള്ള അപകടത്തിൽ നിരവധി ഇരുചക്ര വാഹനയാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ മാത്രം ആറു വർഷത്തിനിടെ അഞ്ചുപേരാണ് പന്നി കുറുകെ ചാടിയുണ്ടായ അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാട്ടുപന്നിശല്യം നേരിടാൻ നിയമാനുസൃതമായ നടപടിക്ക് രൂപം നൽകണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നതാണ്.
അതേസമയം പുതിയ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധർ ഇതൊരു അവസരമാക്കി മാറ്റി വന്യമൃഗങ്ങളെ വേട്ടയാടാനുള്ള സാദ്ധ്യത പൂർണമായും തള്ളിക്കളയാനാവില്ല. അതിനാൽ ബന്ധപ്പെട്ട വനം വകുപ്പ് അധികൃതരും പൊലീസുമൊക്കെ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയും കരുതലും കാണിക്കേണ്ടത് ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |