SignIn
Kerala Kaumudi Online
Sunday, 22 December 2024 7.55 AM IST

വിജയ്‌യുടെ നയ പ്രഖ്യാപനം

Increase Font Size Decrease Font Size Print Page
vijay

വെള്ളിത്തിരയുടെ താരപരിവേഷം നൽകിയ കരുത്ത് ഊർജ്ജമാക്കി മറ്റൊരു നടൻകൂടി തമിഴ്നാട് രാഷ്ട്രീയത്തിൽ പയറ്റാനൊരുങ്ങിയിരിക്കുന്നു. വിജയ്: ക്ഷുഭിത യൗവ്വനത്തിന്റെ തീക്ഷ്ണ സൗന്ദര്യം കൊണ്ട് തമിഴ് മക്കളുടെ വികാരവും സ്വപ്നവും പ്രതീക്ഷയുമായി മാറി എന്നുറപ്പാക്കിയതിനുശേഷമാണ് വിജയ് രാഷ്ട്രീയപ്പോരാട്ടത്തിന്റെ ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്. 2026 ൽ മുഴുവൻ നിയമസഭാ സീറ്റിലും തന്റെ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. താരപ്പകിട്ടിന്റെ മാസ്‌മരികതയാൽ തമിഴകത്തിന്റെ ഹൃദയത്തുടിപ്പായി മാറി,കാൽനൂറ്റാണ്ടുകാലത്തോളം ഭരണത്തിന്റെ രാജകീയ സിംഹാസനം ഉറപ്പാക്കിയ എം.ജി. ആറിന്റെ രാഷ്ട്രീയ ചരിത്ര ഇടപെടലുകളുടെ ഓർമകളാകാം ഈ 50-ാം വയസ്സിൽ രാഷ്ട്രീയത്തിന്റെ ഇരമ്പങ്ങളിലേക്കും കലക്കങ്ങളിലേക്കും സ്വയം ഇറങ്ങിച്ചെല്ലാൻ വിജയ്‌യ്ക്ക് പ്രേരണയായത്. 50-ാം വയസ്സിൽ എം.എൽ.എ ആവുകയും പിന്നീട് ജീവിതത്തിന്റെ തിരശീല താഴുന്നതുവരെ മുഖ്യമന്ത്രിപദത്തിൽ തമിഴ്നാട് രാഷ്ട്രീയത്തിന്റെ ദിശാചലനങ്ങളെ കൈവെള്ളയിൽ അമ്മാനമാടുകയും ചെയ്ത എം.ജി. ആറിന്റെ ചരിത്രം വിജയ്‌യ്ക്ക് ആവേശം പകരുക തന്നെ ചെയ്യും.

വിജയ്‌യുടെ കഥാപാത്രങ്ങളെല്ലാം തമിഴകത്തെ യുവതയടക്കം സാധാരണ മനുഷ്യരുടെ വികാര പ്രപഞ്ചം ആവിഷ്കരിക്കുന്നവയായിരുന്നു. കേരളത്തിലും കുഞ്ഞുകുട്ടികളടക്കം വലിയ ആരാധകവൃന്ദം സ്വന്തമായുള്ള നടൻ കൂടിയാണ് വിജയ്. പൂവേ ഉനക്കാകെ, ഗില്ലി, തുപ്പാക്കി, സർക്കാർ, പോക്കിരി, മെർസൽ, നൻപൻ, കാവലൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കേരളത്തിലും തകർത്തോടിയിട്ടുണ്ട്.ഭാഷയെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചും ജീവിത മുന്നേറ്റത്തിന്റെ വഴികളെക്കുറിച്ചും ദ്രാവിഡ മനസ്സിൽ ഉൾച്ചേർന്ന ജനിതകഘടകം തന്നെയാണ് വിജയ് ആഘോഷമാക്കിയ കഥാപാത്രങ്ങളൊക്കെയും. അവ ഒരു കഥാപാത്രത്തിന്റെ കേവലമായ കെട്ടിയാടൽ മാത്രം ആയിരുന്നില്ല. ഒരു രക്ഷകന്റെ ബിംബമായി മാറാൻ ഈ കഥാപാത്രങ്ങൾ വഴിയൊരുക്കി. ഈ തിരിച്ചറിവിൽ നിന്നാണ് വിജയ് രാഷ്ട്രീയ ഭാഗ്യാന്വേഷണത്തിന്റെ ക്ളേശകരമായ വഴികളിലേക്ക് ഇറങ്ങി വന്നിരിക്കുന്നത്.

തമിഴക വെട്രികഴകം എന്ന സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ നീക്കങ്ങൾ എങ്ങനെ വേണം എന്നതിനെക്കുറിച്ച് ഏറെ ആലോചിച്ചുറപ്പിച്ചാണ് അദ്ദേഹം വന്നത് എന്നുവേണം കരുതാൻ. കാരണം ഈ വർഷം ഫെബ്രുവരിയിൽ പ്രഖ്യാപനം നടത്തി എട്ടുമാസത്തിനുശേഷമാണ് ഒരു കൂറ്റൻ സമ്മേളനവും നയപ്രഖ്യാപനവും നടത്തിയിരിക്കുന്നത്. രാഷ്ട്രീയമായാലും നിത്യജീവിത ദുരിതങ്ങളായാലും അത്യന്തം വികാരപരമായി പ്രതികരിക്കുന്നവരാണ് തമിഴ്നാട്ടുകാർ. ഈ വൈകാരിക ആഭിമുഖ്യത്തിന് പിന്നിൽ പെരിയാറുടെ ചിന്തകളുണ്ട്. ബ്രാഹ്മണിക സംസ്കാരത്തോട് സന്ധിയില്ലാതെ പോരാടാനുള്ള ആർജവധീരതയുണ്ട്. തമിഴ് ഭാഷയോട് ഹൃദയം ചേർത്തുവയ്ക്കുന്ന അഭിമാനാതിരേകമുണ്ട്. അടിച്ചമർത്തപ്പെടുന്ന ജാതി വിവേചനത്തിന്റെ കരാളതകളോട് കലഹിക്കുന്ന പോരാട്ട വീര്യമുണ്ട്.ഇതെല്ലാം കാച്ചിക്കുറുക്കിയെടുത്താണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ അതിരുകൾ വരച്ചെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് പെരിയാറിനൊപ്പം, കാമരാജിനെയും അംബേദ്കറെയും സമാന പോരാളികളെയും കഴകം പ്രതിനിധീകരിക്കുന്നുണ്ടെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പുതുതലമുറയിലെ തമിഴ് മക്കളുടെ ഹൃദയത്തിൽ കൂടൊരുക്കുന്നതിനുവേണ്ടിയാണ് തമിഴിനൊപ്പം ഇംഗ്ളീഷിനുകൂടി പ്രാധാന്യം കല്പിക്കുമെന്ന പ്രഖ്യാപനം. ഭരണത്തിൽ 50 ശതമാനം സ്ത്രീപ്രാതിനിദ്ധ്യം ഉറപ്പാക്കുമെന്നതും ഇപ്പോഴും പൊതുജീവിതത്തിന്റെ തിരുമുറ്റങ്ങളിലേക്ക് ഏറെയൊന്നും കടന്നുവരാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സ്ത്രീകളെ തന്റെ പ്രസ്ഥാനത്തോട് കൂടുതൽ അടുപ്പിക്കുന്നതായിരിക്കും. ജാതി സെൻസസ് ഉറപ്പാക്കുമെന്ന പ്രഖ്യാപനം ദ്രാവിഡ മനസ്സിന്റെ മണ്ണും മനവും കവരുന്നതാണ്. തമിഴകം ഭരിക്കുന്ന ഡി.എം.കെ. ഭരണത്തോട് വെല്ലുവിളി ഉതിർത്താണ് വിജയ്യുടെ തുടക്കം.

സൂപ്പർ താരങ്ങളായ രജനികാന്തിനും കമലഹാസനും എന്തിന് അഭിനയ ചക്രവർത്തി ശിവാജി ഗണേശനുപോലും ശോഭിക്കാൻ കഴിയാതെപോയ തമിഴക രാഷ്ട്രീയത്തിൽ വിജയ്‌യുടെ നേട്ടം അദ്ദേഹത്തിന്റെ ചെറുപ്പം തന്നെയാണ്. കഴിഞ്ഞ കുറച്ചു ദശകങ്ങളായി ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്ന രാഷ്ട്രീയ ദ്വയത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തമിഴകത്ത് ഒരുപക്ഷേ ഒരു മാതൃകാ വ്യതിയാനമുണ്ടാക്കാൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് കഴിഞ്ഞുവെന്നും വരും.

TAGS: VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.