തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്ത സഹായം വെെകുന്നതിനെതിരെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വയനാട്ടിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിട്ട് 100 ദിവസത്തോളമായി. ഇതിനിടെ മറ്റ് പല സംസ്ഥാനങ്ങൾക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ ധനം സഹായം നൽകി. എന്നാൽ മുണ്ടക്കെെ -ചൂരൽ മല ദുരന്തത്തിൽ കേരളത്തിന് പ്രത്യേക സഹായമായി ഒരു രൂപപോലും അനുവദിച്ചിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
'കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ തെറ്റ്. കേരളം കണക്ക് നൽകാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദവും തെറ്റാണ്. ഇല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പ് പറഞ്ഞ് കേന്ദ്രം നേരത്തെ തെറ്റിദ്ധരിപ്പിച്ചു. പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ തന്നെ ആവശ്യം അറിയിച്ചതാണ്. അതിന് പിന്നാലെ ഇനം തിരിച്ച് വിശദമായ നിവേദനവും നൽകി. പ്രധാനമന്ത്രി വയനാട്ടിൽ നിന്ന് പോയിട്ട് 100 ദിവസം കഴിഞ്ഞു. ആദ്യ മെമ്മോറാണ്ടത്തിന് പുറമേ പിഡിഎൻഎ പ്രകാരം ആവശ്യം ഉന്നയിച്ചിരുന്നു.
വയനാട് ദുരന്തത്തിന്റെ ഉത്തരവാദിത്തതിൽ നിന്ന് കേന്ദ്രം ഒളിച്ചോടുകയാണ്. കേരളത്തിന് പ്രത്യേക സഹായമായി ഒരു രൂപ പോലും ഇതുവരെ അനുവദിച്ചിട്ടില്ല. ഇതിനിടെ മറ്റ് പല സംസ്ഥാനങ്ങൾക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ ധന സഹായം നൽകി. ഈ ദുരന്തത്തെ അതിജീവിക്കാൻ പ്രത്യേക ധന സഹായം ആവശ്യപ്പെട്ടിട്ടും അത് അനുവദിച്ചില്ല. പിഡിഎൻഎ റിപ്പോർട്ട് വെെകിയിട്ടില്ല. വിശദമായ റിപ്പോർട്ട് കേരളം നൽകാത്തതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. ഇതുതീർത്തും വസ്തുതാവിരുദ്ധമാണ്. ഓഗസ്റ്റ് 17ന് കേരളം കേന്ദ്രത്തിന് നിവേദനം നൽകി. 1202 കോടി രൂപയുടെ പ്രാഥമിക സഹായം ആണ് ആവശ്യപ്പെട്ടത്. മെമ്മോറാണ്ടം നൽകിയിട്ട് മൂന്ന് മാസവും കഴിഞ്ഞു. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി',- മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |