
കേരളത്തെ വലിയൊരു അപകടമുനമ്പിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കു തടയിടാൻ ഇപ്പോൾ കൈക്കൊള്ളുന്ന നടപടികൾ ഒട്ടും പര്യാപ്തമല്ലെന്നാണ് മനസിലാക്കേണ്ടത്. കാണാമറയത്ത് അതീവ രഹസ്യമായി നടന്നുവന്നിരുന്ന ലഹരിക്കച്ചവടം ഇന്ന് ഏതാണ്ട് പരസ്യമായിത്തന്നെയാണ് അരങ്ങേറുന്നത്. ആളുകൾ കണ്ടാലും കുഴപ്പമില്ലെന്ന ധാർഷ്ട്യം ലഹരിവില്പനക്കാരുടെ മുഖങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. അഥവാ ചോദിക്കാൻ ആരെങ്കിലും മുതിർന്നാൽ കഥ വേറെയാകും. കൊല്ലാൻ പോലും മടിക്കുകയില്ല. ഇതിന് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. കൗമാരക്കാരിൽ ലഹരി ഉപയോഗം അനിയന്ത്രിതമായി വർദ്ധിക്കുകയാണ്. സൗഹൃദ കൂട്ടായ്‌മകളിൽ മദ്യവും മറ്റു തരത്തിലുള്ള ലഹരികളും ഒഴിച്ചുകൂടാനാവാത്തതായി മാറിക്കൊണ്ടിരിക്കുകയാണ്. പഠിത്തം മതിയാക്കി, ഒരു തൊഴിലിനും പോകാതെ വീട്ടുകാർക്ക് പേടിസ്വപ്നമായി മാറുന്ന കൗമാരക്കാരും യുവാക്കളും സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ ചില്ലറയാെന്നുമല്ല.
ലഹരിവസ്തുക്കൾ വാങ്ങാനുള്ള പണം ലഭിക്കാതെ വീടുകളിൽ കലഹമുണ്ടാക്കുന്ന ഇക്കൂട്ടർ മാതാപിതാക്കളെ തല്ലാനും കൊല്ലാനും വരെ മടിക്കാത്ത വിധം ലഹരിക്ക് അടിമകളായി മാറുന്നു. ലഹരിക്ക് അടിമകളായ മക്കളെ ഭയന്നു കഴിയേണ്ട ദുർവിധി നേരിടുന്ന കുടുംബങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. വീടുകൾ ഉൾപ്പെടെ ഒരു ഇടവും ലഹരി മാഫിയകളിൽ നിന്ന് മുക്തമല്ലെന്നതാണ് യാഥാർത്ഥ്യം. എവിടെ വേണമെങ്കിലും രഹസ്യമായി ലഹരിവസ്തുക്കൾ എത്തിച്ചുനൽകാൻ ലഹരി മാഫിയയ്ക്ക് അതിവിപുലമായ സംവിധാനങ്ങളുണ്ട്. കൗമാരക്കാർ വരെ ഈ ശൃംഖലയിലെ കണ്ണികളാണ്. വിദ്യാലയങ്ങളിൽ വരെ അവ നീണ്ടുകിടക്കുന്നു. പ്രാണഭയം കാരണം സ്കൂൾ അധികൃതർ ഇതൊക്കെ കണ്ടാലും കണ്ടില്ലെന്നു നടിക്കാനാണ് ശ്രമിക്കുന്നത്. എക്സൈസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഡി- അഡിക്‌ഷൻ കേന്ദ്രങ്ങളിൽ മാത്രം ചികിത്സ തേടിയത് 17,399 പേരാണ്. ലഹരിക്ക് അടിമകളായവരുടെ ചെറിയൊരു വിഭാഗം മാത്രമാണിത്. ആശുപത്രികളിലും സ്വകാര്യ ഡി- അഡിക്‌ഷൻ കേന്ദ്രങ്ങളിലും എത്തുന്നവർ ഇതിന്റെ പല മടങ്ങാണ്.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കേസുകളിൽ കുടുങ്ങുന്നവരുടെ സംഖ്യയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാൾ മുമ്പുവരെ കഞ്ചാവുൾപ്പെടെയുള്ള ചെറുകിട ലഹരിവസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ അറസ്റ്റുകൾ. ഇപ്പോൾ സ്ഥിതി മാറി. രാസലഹരി പദാർത്ഥങ്ങളാണ് ഇപ്പോഴത്തെ താരം. സംശയം തോന്നാത്തവിധം കടത്താൻ ഇവ സൗകര്യപ്രദമാണ്. കൈമാറാനും എളുപ്പം. ഇതിനിടയിലും കഞ്ചാവ് വൻതോതിൽ സംസ്ഥാനത്ത് എത്തുന്നുണ്ട്. സംഘടിത ഗ്രൂപ്പുകളാണ് ഇതിനു പിന്നിൽ. ഇടയ്ക്കിടയ്ക്ക് പിടിക്കപ്പെടാറുണ്ടെങ്കിലും ഈ കേസുകളുടെ അവസ്ഥ പിന്നീട് പുറംലോകം അറിയാറില്ല. എം.എൽ.എ പുത്രനുൾപ്പെടെ ഏതാനും പേർ കഞ്ചാവു കടത്തുകേസിൽ പ്രതികളായിട്ട് ദിവസങ്ങളേ ആയുള്ളൂ. തന്റെ മകനെതിരെ കള്ളക്കേസെടുത്തതാണെന്ന് വരുത്തിത്തീർക്കാൻ എം.എൽ.എ വൃഥാശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പുതുവർഷത്തലേന്ന് തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന കൊലപാതകത്തിലെ പ്രതികൾ പതിനാലും പതിനാറും വയസുള്ള കൗമാരക്കാരാണെന്ന വെളിപ്പെടുത്തൽ ലഹരി ഉപയോഗം എത്രത്തോളം വളർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്. മദ്യപിച്ചെത്തിയ ഒരു മുപ്പതുകാരൻ ഈ കൗമാരക്കാരുമായി വഴക്കുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണത്രെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പതിനാലുകാരൻ കുത്തിയത്. പ്രായപൂർത്തിയെത്തും മുൻപേ കൊലക്കേസ് പ്രതികളായി മാറിയ കൗമാരക്കാരും ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എം.എൽ.എ പുത്രനുൾപ്പെടെയുള്ളവരെ കഞ്ചാവ് കടത്തുകേസിൽ പിടികൂടിയ എക്സൈസ് സംഘത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയത് ഇപ്പോൾ പൊതുസമൂഹത്തിലെ സജീവ ചർച്ചാവിഷയമാണ്. ഒരുവശത്ത് ലഹരിക്കെതിരെ കൊണ്ടുപിടിച്ച ക്യാമ്പെയിൻ നടക്കുമ്പോൾ മറുവശത്ത് ഇത്തരം പ്രീണന സമീപനത്തിനു മുതിരുന്നത് അധികൃതരുടെ ആത്മാർത്ഥതയ്ക്കും നിഷ്‌പക്ഷതയ്ക്കും വിരുദ്ധമാണ്. ലഹരി ഭീഷണി എന്ന കൊടും ഭീകരതയ്ക്കെതിരെ നിർഭയം നീങ്ങുമ്പോൾ അവിടെ സ്വന്തവും ബന്ധവുമൊന്നും ഇടയ്ക്കു വരരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |