
നെടുമ്പാശേരി: അന്യസംസ്ഥാനത്ത് നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ പുതിയ രീതി കണ്ടെത്തി പൊലീസ്. ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് ശേഖരിച്ച് മടങ്ങവേ ഒഡീഷ കണ്ഡമാൽ സ്വദേശി ശാലിനി ബല്ലാർ സിംഗ് (24) നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂരിൽ ഒഴിഞ്ഞ ഭാഗത്ത് നാല് കെട്ടുകളിലായി എട്ട് കിലോ കഞ്ചാവ് വലിച്ചെറിഞ്ഞ ട്രെയിൻ യാത്രക്കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പിടിയിലായ യുവതിയിൽ നിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നെടുവന്നൂരിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ രണ്ട് ദിവസം മുമ്പാണ് യുവതി എത്തിയത്.
ഇന്നലെ പുലർച്ചെ എറണാകുളത്തേക്ക് പോയ ട്രെയിനിൽ നിന്ന് നാല് കെട്ടുകൾ പുറത്തേക്ക് വീഴുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന യുവതി കെട്ടുകളുമായി പോയപ്പോൾ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
റെയിൽവേ സ്റ്റേഷനുകളിൽ പൊലീസും ആർ.പി.എഫും എക്സൈസുമെല്ലാം പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാർ പുതിയ തന്ത്രം പരീക്ഷിച്ചത്.
യുവതി ഉൾപ്പെടുന്ന സംഘം മുമ്പും ഈ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, സബ് ഇൻസ്പെക്ടർ എസ്.എസ്. ശ്രീലാൽ, എ.എസ്.ഐ പ്രീത, സീനിയർ സി.പി.ഒമാരായ രതീഷ്, വിപിൻ, മനു, സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |