
പൊന്നാനി: രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളുടെ നൂറോളം വ്യാജ സീലുകളും നിരവധി സർട്ടിഫിക്കറ്റുകളുമായി പത്തംഗ അന്തർസംസ്ഥാന ക്രിമിനൽ സംഘത്തെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി കേന്ദ്രീകരിച്ചാണ് സർട്ടിഫിക്കറ്റുടെ പ്രിന്റിംഗ്. ഇവിടെ നിന്ന് വിവിധ യൂണിവേഴ്സിറ്റി മുദ്ര പതിപ്പിച്ച ഒരുലക്ഷത്തിലധികം സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. വൈസ് ചാൻസലർമാരുടെ സീലുകളും അത്യാധുനിക കമ്പ്യൂട്ടറും പ്രിന്ററും ഉൾപ്പെടെ പിടിച്ചെടുത്തു.
സംഘത്തലവനും തിരൂർ മീനടത്തൂർ സ്വദേശിയുമായ നെല്ലിക്കത്തറയിൽ ധനീഷ് ധർമ്മൻ (38), പൊന്നാനി നരിപ്പറമ്പ് മൂച്ചിക്കൽ ഇർഷാദ് (39), തിരൂർ പുറത്തൂർ പുതുപ്പള്ളി നമ്പ്യാരകത്ത് രാഹുൽ (30), പയ്യനങ്ങാടി ചാലുപറമ്പിൽ അബ്ദുൽ നിസാർ (31), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ മണകോട് ജസീം മൻസിലിൽ ജസീം (35), പി.എസ് നഗർ രതീഷ് നിവാസിൽ രതീഷ് (37), ആര്യനാട് കടയറ വീട്ടിൽ ഷെഫീഖ് (37), തമിഴ്നാട് സ്വദേശികളായ ശിവകാശി അയ്യപ്പൻ കോളനിയിലെ ജമാലുദ്ദീൻ (40), വിരുതനഗർ എസ്.എൻ പുരം റോഡിൽ അരവിന്ദ് കുമാർ (24), ശിവകാശി റെയിൽവേ ഫീഡർ റോഡിലെ വെങ്കിടേഷ് (24) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നവംബർ 11ന് ഇർഷാദിന്റെ ചമ്രവട്ടത്തെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തിൽ പരിശോധിച്ചപ്പോൾ കൊറിയർ വഴി വിതരണത്തിനെത്തിച്ച നൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും കണ്ടെത്തിയിരുന്നു. ഇവ കൊറിയർ ചെയ്ത ജസീം, രതീഷ്, ഷെഫീഖ് എന്നിവരെയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന രാഹുൽ, അബ്ദുൽ നിസാർ എന്നിവരെയും പിടികൂടി. പൊള്ളാച്ചിയിലെ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചതോടെ, അവിടെയെത്തി തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തലവനായ ധനീഷിലേക്ക് അന്വേഷണമെത്തിയത്. ഇക്കാര്യമറിഞ്ഞ് കുടുംബസമേതം വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കുന്ദമംഗലത്ത് വച്ചാണ് ധനീഷ് പിടിയിലായത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന് 2013ൽ കൽപ്പകഞ്ചേരി പൊലീസ് ധനീഷിനെ പിടികൂടിയിരുന്നു.
വ്യാജ സർട്ടിഫിക്കറ്റിന് ലക്ഷം
50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് വ്യാജ സർട്ടിഫിക്കറ്റിന് ഈടാക്കുന്നത്. മുഖ്യപ്രതി ധനീഷിന് തിരൂരിൽ കോടികളുടെ ആഡംബര വീടും പൂനെയിൽ രണ്ട് ഫൈവ് സ്റ്റാർ ബാറുകളും അപ്പാർട്ട്‌മെന്റുകളുമുണ്ട്. ഗൾഫിലും കോടികളുടെ ബിസിനസ് സ്ഥാപനവും അപ്പാർട്ട്‌മെന്റുകളുമുണ്ട്. ഏജന്റുമാർക്കിടയിൽ ഡാനിയെന്ന വ്യാജ പേരിലാണ് അറിയപ്പെട്ടിരുന്നത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |