
കൊച്ചി: എറണാകുളം നോർത്തിൽ ലിസി ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ കൊലപ്പെടുത്തിയത് ജാമ്യത്തിൽ കഴിയുന്ന വധശ്രമക്കേസ് പ്രതിയെന്ന് സൂചന. കല്ലുകൊണ്ട് തലയ്‌ക്കിടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥീരീകരിച്ചു.
കാഞ്ഞിരപ്പള്ളി വട്ടക്കപ്പാറ നാച്ചിക്കോളനിയിൽ വിനീഷ് - അനിത ദമ്പതികളുടെ മകൻ അഭിജിത്ത് വിനീഷാണ് (21) കൊല്ലപ്പെട്ടത്. ഞായറാഴ്ച അർദ്ധരാത്രി ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിലാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നും സ്ഥിരീകരിച്ചു.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ വധശ്രമക്കേസിൽ പ്രതിയായ അലിക്കി വേണ്ടിയാണ് തെരച്ചിൽ. ഇയാൾ വിനീഷിനൊപ്പം പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. രണ്ടുമാസം മുമ്പ് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നു പോയ അഭിജിത്ത് എറണാകുളം റെയിൽവേ മേൽപ്പാലത്തിന് താഴെയാണ് തങ്ങിയിരുന്നത്. അഭിജിത്തിന് ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. നോർത്ത് മേൽപ്പാലത്തിന് സമീപം ചുറ്റിക്കറങ്ങുന്ന സാമൂഹ്യവിരുദ്ധർ ആശുപത്രിക്ക് സമീപത്തെ ട്രാക്കിനോട് ചേർന്നുള്ള വീട്ടിൽ ഒത്തുകൂടി മദ്യപിക്കുന്നത് പതിവാണ്. ഇതേപ്പറ്റി സമീപവാസികൾ പരാതിപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രിയും മദ്യപാനം നടന്നതായി പൊലീസ് പറഞ്ഞു. അഭിജിത്ത് കൊല്ലപ്പെട്ട മുറിയിൽ നിന്ന് മദ്യക്കുപ്പികളും രക്തം പുരണ്ട കല്ലും കണ്ടെത്തി. ഇന്നലെ ഫോറൻസിക് സംഘം തെളിവെടുത്തു. തലയ്‌ക്കിടിച്ചു വീഴ്‌ത്തിയ ശേഷം വിനീഷിന്റെ കൈവശമുണ്ടായിരുന്ന മൊബൈലും പണവും കവർന്നതായാണ് വിവരം.
രണ്ടാഴ്ച മുമ്പ് വിളിച്ചപ്പോൾ ഫിലിം ഷൂട്ടുമായി ബന്ധപ്പെട്ട ജോലി തീർന്നെന്നും റിസോർട്ടിൽ ഉടൻ ജോലിക്ക് ചേരുമെന്നും മകൻ പറഞ്ഞതായി വിനീഷ് മൊഴി നൽകി. മൃതദേഹം ഇന്നലെ വൈകിട്ട് ബന്ധുക്കൾക്ക് വിട്ടുനൽകി. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. എറണാകുളം സെൻട്രൽ എ.സി.പിയുടെ ക്രൈം സ്ക്വാഡിലെ അംഗങ്ങളും സംഘത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |