ഇന്ത്യാ വിരുദ്ധതയുടെ പേരിൽ അധികാരത്തിന്റെ അവസാന കാലത്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവനകൾ മറക്കാറായിട്ടില്ല. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതറിയാതെയാണ് ഇന്ത്യയ്ക്കെതിരെ ട്രൂഡോ കോമരംതുള്ളി ആരോപണങ്ങൾ പുലമ്പിയത്. അധികം താമസിയാതെ ജനപ്രീതി നഷ്ടപ്പെട്ട ട്രൂഡോയ്ക്ക് പ്രധാനമന്ത്രി പദത്തിൽ നിന്ന് കണ്ണീർ തൂകിക്കൊണ്ട് ഇറങ്ങേണ്ടിവന്നു. ഒരു കാലത്തും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതോ, അവർക്ക് അഭയം നൽകി മറ്റു രാജ്യങ്ങൾക്കെതിരെ പ്രവർത്തിക്കാൻ സഹായം നൽകുന്നതോ ഇന്ത്യയുടെ നയമല്ല. അങ്ങനെയുള്ള ഒരു രാജ്യത്തെ ലോകത്തിനു മുന്നിൽ അപമാനിക്കാൻ ട്രൂഡോ ശ്രമിച്ചത് ഖാലിസ്ഥാൻ ഭീകരരെ സന്തോഷിപ്പിക്കാനായിരുന്നു എന്നത് പകൽ പോലെ വ്യക്തവുമായിരുന്നു.
2015-ൽ അധികാരത്തിലേറിയ ആദ്യനാളുകളിൽ ഇന്ത്യയുമായി നല്ല ബന്ധമാണ് ട്രൂഡോ പുലർത്തിയിരുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലിക്കും പഠനത്തിനും മറ്റുമായി കുടിയേറിയിട്ടുള്ള രാജ്യം കൂടിയാണ് കാനഡ. ഇന്ത്യയിൽ നിന്നുള്ള സിഖ് സമൂഹമാണ് അതിൽ ഏറ്റവും പ്രബലം. ബിസിനസ് രംഗത്തും രാഷ്ട്രീയരംഗത്തും അവർക്ക് വലിയ സ്വാധീനവുമുണ്ട്. അതിന്റെ മറവിൽ ഇന്ത്യയ്ക്കെതിരെ ചില വിദ്വേഷ പ്രകടനങ്ങൾ അവരിൽ മതമൗലികവാദം പുലർത്തുന്ന വിഭാഗങ്ങൾ നടത്താറുമുണ്ടായിരുന്നു. ഇതിനെതിരെയൊന്നും ട്രൂഡോ ചെറുവിരൽ പോലും അനക്കിയിട്ടില്ല. കാനഡയുടെ മണ്ണിൽ ഇരുന്നുകൊണ്ട് പഞ്ചാബിൽ വിഘടനവാദം ആളിക്കത്തിക്കാൻ പണവും ആയുധങ്ങളും മറ്റും നൽകാൻ തുടങ്ങിയപ്പോഴാണ് ഇന്ത്യ പ്രതികരണങ്ങൾ നടത്തിയത്.
2023 ജൂണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതോടെയാണ് ഇന്ത്യ - കാനഡ ബന്ധം വലിയ രീതിയിൽ ഉലഞ്ഞുതുടങ്ങിയത്. നിജ്ജർ വധത്തിനു പിന്നിൽ ഇന്ത്യയാണെന്നും അതിന് വിശ്വസനീയമായ തെളിവുണ്ടെന്നുമാണ് ട്രൂഡോ ആദ്യം ആരോപിച്ചത്. ഇന്ത്യ ആരോപണം തള്ളിയതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. എന്നാൽ, ഒരു മാസത്തിനുള്ളിൽ, ഇന്ത്യയുടെ പങ്കിന് തെളിവുണ്ടെന്ന ആരോപണം ട്രൂഡോ തിരുത്തി. കാനഡയുടെ മൂന്നു ശതമാനം വരുന്ന സിഖ് വോട്ടുകൾ പിടിച്ചുനിറുത്താനാണ് ഇന്ത്യാ വിരുദ്ധത പ്രോത്സാഹിപ്പിക്കാനും ഇന്ത്യയെ എതിർക്കാനും ട്രൂഡോ തയ്യാറായത്. വോട്ടുകൾക്കു വേണ്ടി ചില ഗ്രൂപ്പുകൾക്ക് അനാവശ്യ സംരക്ഷണം നൽകുന്ന എല്ലാ ഭരണാധികാരികൾക്കും പാഠമാകേണ്ടതാണ് ട്രൂഡോയുടെ പതനം. സിഖ് വംശജൻ ജഗ്‌മീത് സിംഗ് നയിക്കുന്ന ന്യൂ ഡമോക്രാറ്റിക് പാർട്ടിയുടെ പിൻബലത്തിലായിരുന്നു 2021-നു ശേഷം ട്രൂഡോയുടെ ഭരണം. അവരെ സുഖിപ്പിക്കാനാണ് ട്രൂഡോ പല ഇന്ത്യാ വിരുദ്ധ നടപടികൾക്കും മുതിർന്നത്.
എന്നാൽ, ഒടുവിൽ അവർ പിന്തുണ പിൻവലിച്ചതും ജനപ്രീതിയിലുണ്ടായ ഇടിവുമാണ് ട്രൂഡോയുടെ രാജിക്ക് ഇടയാക്കിയത്. സാമ്പത്തിക പ്രതിസന്ധി, പാർപ്പിടക്ഷാമം, കുതിച്ചുയരുന്ന പണപ്പെരുപ്പം, അനിയന്ത്രിത കുടിയേറ്റം, ജനങ്ങൾക്ക് താങ്ങാനാവാത്ത ജീവിതച്ചെലവ് തുടങ്ങിയവയാണ് ട്രൂഡോയുടെ പതനത്തിന് വഴിയൊരുക്കിയത്. കാനഡയുടെ ഗവർണർ എന്നു വിളിച്ച് ട്രൂഡോയെ പരിഹസിക്കുന്ന ട്രംപ്, താൻ അധികാരത്തിലെത്തുമ്പോൾ കാനഡയുടെ ഇറക്കുമതിക്കു മേൽ 25 ശതമാനം ചുങ്കം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. 10 ശതമാനം അധിക ഇറക്കുമതിച്ചുങ്കം ചുമത്തിയാൽത്തന്നെ കാനഡയ്ക്ക് പ്രതിവർഷം 3000 കോടി കനേഡിയൻ ഡോളറിന്റെ അധിക ബാദ്ധ്യതയുണ്ടാകും. ഒക്ടോബറിലാണ് പാർലമെന്റ് തിരഞ്ഞെടുപ്പ്. ഇന്ത്യൻ വംശജയായ ഗതാഗതമന്ത്രി അനിത ആനന്ദിന്റെ വരെ പേര് ലിബറൽ പാർട്ടി നേതൃത്വത്തിലേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. അങ്ങനെയൊക്കെ സംഭവിച്ചാൽ ട്രൂഡോയ്ക്ക് ചരിത്രം നൽകുന്ന മധുര പ്രതികാരമായിരിക്കും അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |