
ഏതു പാതിരാത്രിയിലും ഒരു സ്ത്രീക്ക് ഭീതി കൂടാതെ തെരുവിലിറങ്ങി നടക്കാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് ഏതു നാട്ടിലും നിയമവ്യവസ്ഥയുടെ മികവ്. ആക്രമിക്കപ്പെടുമെന്ന ആശങ്കയില്ലാതെ ജനത്തിന് തെരുവിലിറങ്ങി നടക്കാൻ കഴിയുന്നെങ്കിൽ അവിടെ ക്രമസമാധാനം ഭദ്രം. പക്ഷേ, പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ ഗർഭിണിയുടെ കരണത്തടിക്കുകയും, നെഞ്ചിൽ അമർത്തി തള്ളുകയും,കള്ളക്കേസെടുക്കുകയും ചെയ്യുന്ന പൊലീസ് ഉള്ള നാട്ടിൽ നിയമവ്യവസ്ഥയ്ക്കും ക്രമസമാധാനത്തിനും എന്ത് അർത്ഥം? ക്രിമിനൽ കേസ് പ്രതികൾക്ക് പരോൾ അനുവദിക്കാൻ ബന്ധുക്കളിൽ നിന്ന് ലക്ഷങ്ങൾ ചോദിച്ചുവാങ്ങുന്ന ജയിൽ ഡി.ഐ.ജി കൂടിയുള്ള നാടാണെങ്കിലോ? 'ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാൽ" എന്നു കേട്ടിട്ടേയുള്ളൂ. നിർഭാഗ്യവശാൽ അതാണ് കേരളത്തിലെ സ്ഥിതിയെന്നായിരിക്കുന്നു!
പലപ്പോഴും പൊലീസിന്റെ മികവ് നോക്കിയാവും പൊതുജനം സർക്കാരിനെ വിലയിരുത്തുക. അതിന് ഒറ്റക്കാരണമേയുള്ളൂ- സാധാരണക്കാർക്ക് ആഭ്യന്തര സുരക്ഷ എന്നത് തന്റെയും കുടുംബത്തിന്റെയും സുരക്ഷയാണ്. അത്തരം സാധാരണക്കാർക്ക് പേടിക്കാതെയും മടിക്കാതെയും പൊലീസ് സ്റ്റേഷനിൽ നേരിട്ടുചെന്ന് വിവരം തിരക്കാനും, പരാതി ബോധിപ്പിക്കാനും കഴിയുന്ന സാഹചര്യമാണോ ഇപ്പോൾ കേരളത്തിലുള്ളത് എന്ന് അവർ സംശയിച്ചാൽ കുറ്റംപറയാനാവുമോ? കൊച്ചിയിൽ പൊലീസ് മർദ്ദനത്തിന് ഇരയായ ഷൈമോൾ എന്ന വീട്ടമ്മയുടെ ദുരനുഭവം ആ ക്രൂരതകൊണ്ട് തീർന്നില്ല. കഴിഞ്ഞ വർഷം നടന്ന സംഭവത്തിന്റെ സ്റ്രേഷൻ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം അവർ നല്കിയ അപേക്ഷ അനുവദിക്കപ്പെട്ടില്ല. ഒടുവിൽ അതിന് നിയമയുദ്ധംതന്നെ വേണ്ടിവന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം നിവൃത്തികെട്ട് നല്കേണ്ടിവന്ന ദൃശ്യങ്ങളിലൂടെയാണ് പൊലീസിന്റെ കിരാതസ്വഭാവം കഴിഞ്ഞ ദിവസം പുറത്തുവന്നത്.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ 2024 ജൂൺ 20-നു നടന്ന സംഭവത്തിൽ, കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ അതിലെ വില്ലൻ കഥാപാത്രമായ ഇൻസ്പെക്ടർ കെ,ജി. പ്രതാപചന്ദ്രനെ സർക്കാർ സസ്പെൻഡ് ചെയ്തത് നല്ല നടപടിതന്നെ. പക്ഷേ, ഇപ്പോൾ അരൂർ എസ്.എച്ച്.ഒ ആയ പ്രതാപചന്ദ്രന് എതിരെ നേരത്തേ മുതൽ നിരവധി പരാതികൾ ഉയർന്നിട്ടും ഉന്നതർ കണ്ണടച്ചതെന്ത്? ആവശ്യപ്പെട്ട ദൃശ്യങ്ങൾ നല്കാതെ ഇയാളെ സംരക്ഷിച്ചുപിടിക്കാൻ ജാഗ്രത പുലർത്തിയത് ആര്? പ്രതാപചന്ദ്രന് എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ട് മർദ്ദനത്തിന് ഇരയായ ഷൈമോൾ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. എല്ലാറ്രിനും കോടതി വേണമെന്നു വന്നാൽപ്പിന്നെ സംസ്ഥാനത്ത് നിയമപാലനത്തിന് അർത്ഥമെന്ത്? പൊലീസിലെ ക്രിമിനലുകളെ പുറത്താക്കുമെന്നത് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ നല്കിയ ഉറപ്പാണ്. സേനയിൽ ഇപ്പോഴും തുടരുന്ന മർദ്ദകവീരന്മാരുടെ പട്ടിക കാണുമ്പോൾ ആ ഉറപ്പ് ജനം എങ്ങനെ വിശ്വസിക്കും?
ഇതുപോലെ വിചിത്രമാണ്, പരോളിന് കൈക്കൂലി വാങ്ങിയതിന് വിജിലൻസിന്റെ പിടിയിലായ ജയിൽ ഡി.ഐ.ജി എം.കെ. വിനോദ്കുമാറിനെക്കുറിച്ചുള്ള വാർത്ത. പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി ആയ ഇദ്ദേഹത്തിന് ജയിലുകളിൽ പരിശോധന നടത്തേണ്ട ഉത്തരവാദിത്വമില്ല. എന്നിട്ടും സംസ്ഥാനമെമ്പാടും വിവിധ ജയിലുകളിൽ ഇദ്ദേഹം രാത്രി സന്ദർശനങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. അതേക്കുറിച്ച് അതത് മേഖലകളിലെ ഡി.ഐ.ജിമാർ തന്നെ ജയിൽ ഡി.ജി.പിക്ക് പരാതി നല്കിയിട്ടും ഫലമുണ്ടായില്ലത്രേ! അഴിമതിവീരനായ ഡി.ഐ.ജിയുടെ രക്ഷകരായി വകുപ്പിലെയും ഭരണത്തിലെയും ഉന്നതർ ഉണ്ടെന്നാണോ ജനം മനസിലാക്കേണ്ടത്? ദൈവത്തിന്റെ സ്വന്തം നാട്, കാക്കിയിട്ട ചെകുത്താന്മാരുടെ നാടായി മാറുന്നെങ്കിൽ അതിന് മറുപടി പറയേണ്ടത് വകുപ്പിന്റെ മേധാവികൾ തന്നെയല്ലേ? മറുപടിയല്ല, അടിയന്തര നടപടിയാണ് ജനം കാത്തിരിക്കുന്നത്. അക്രമികളെ പുറത്താക്കുകയും, അഴിമതിക്കാരെ നിയമത്തിനു മുന്നിലെത്തിക്കുകയും ചെയ്യുന്നതിലെ അമാന്തം കൂടുതൽ രോഷം ക്ഷണിച്ചുവരുത്തുകയേയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |