
''നമുക്കിന്ന് ഇതുവരെ പറയാത്തത് ചിലതുകേട്ടാലോ! കുടുംബക്കോടതിയാണ് രംഗം. ഭാര്യയുമായുള്ള ബന്ധം വേർപിരിയാൻ ഹർജി ഫയൽചെയ്ത് വർഷങ്ങളായി കാത്തിരിക്കുന്നയാളിന്റെ മൊഴിരേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ജഡ്ജി: 'ങേ, അപ്പോൾ നിങ്ങൾ ഡിവോഴ്സ് ഹർജിയുമായി മുന്നോട്ടു പോവുകയാണോ?" ജഡ്ജിയുടെ നേരിട്ടുള്ള ചോദ്യത്തിനു മുന്നിൽ മറുപടി പറയാനാകാതെ ഒരു നിമിഷം അയാൾ പതറിപോയി! സത്യത്തിൽ വിവാഹമോചനമെന്ന ശാന്തസുന്ദരകർമ്മം ഇത്രയേറെ ശോകമൂകമാക്കേണ്ട കാര്യമുണ്ടോ? അതിലും ആയിക്കൂടെ അല്പം ആഘോഷമൊക്കെ! കോടികൾ മുടക്കി, അടിപൊളിയാക്കിയില്ലെങ്കിലും, അല്പസ്വൽപ്പം ആർഭാടമൊക്കെ അതിനുമാകാമല്ലോ. ഇങ്ങനെയൊക്കെ ചിന്തിക്കാൻ കാര്യമെന്തെന്നല്ലേ. ഗുരുവായൂർ മഹാക്ഷേത്രത്തിൽ വച്ച് പൊടിപൊടിച്ചൊരു വിവാഹം, കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ വധുവിന്റെ പിതാവ് എന്നെ തേടിയെത്തി. ആ കുട്ടിയുടെ വിവാഹമോചന ഹർജി ഫയൽ ചെയ്യാൻ വേണ്ട ഉപദേശങ്ങൾക്കായിട്ടാണ് അദ്ദേഹം വന്നത്. കാരണം, ഭർത്താവിന്റെ വേഷത്തിലെത്തിയ ആ വഷളൻ ഡോക്ടറിന് വൈദ്യത്തെക്കാൾ വൈദഗ്ധ്യം, മദ്യം-മയക്കുമരുന്ന് വിഷയങ്ങളിലാണത്രെ! ഇത്തരം കേസുകളിലെങ്കിലും, അത്രമാത്രം ആശ്വാസമായിരിക്കില്ലേ ആ പെൺകുട്ടിക്ക് ലഭിക്കുക!" "ഇപ്രകാരം പറഞ്ഞുകൊണ്ട്, പ്രഭാഷകൻ സദസ്യരെ നോക്കിയപ്പോൾ, പുതുമയുള്ളൊരു ചിന്ത പ്രകാശിച്ചപോലെയുള്ള തിളക്കം മിക്ക കണ്ണുകളിലും കണ്ടു. എല്ലാവരേയും നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''അയാൾക്ക്, ആ വീട്ടിലെ വാസം മടുത്തിട്ട് വർഷങ്ങളായി. ഒടുവിൽ, ആ വസ്തു വിൽക്കാൻ അയാൾ തീരുമാനിച്ചു. പകരം പുതിയൊരു നല്ലവീട് വാങ്ങാനുള്ള ആഗ്രഹവും ബ്രോക്കറെ അറിയിച്ചു. രണ്ടുമൂന്ന് ആഴ്ച്ചകൾക്കുശേഷം, ബ്രോക്കർ, അഞ്ചെട്ടു വീടുകളുടെ വീഡിയോ ക്ലിപ്പുകൾ അയാളെ കാണിച്ചു. അതിലൊന്ന് അയാൾക്ക് ഇഷ്ടപ്പെട്ടു. അയാൾ പറഞ്ഞ വിലക്ക് വീട് നൽകാമെന്ന് ബ്രോക്കർ സമ്മതമറിയിച്ചു.
ആ വീടിന്റെ ഭംഗിയും, ഐശ്വര്യവും അപ്രകാരം ആസ്വദിച്ചിരിക്കുമ്പോഴാണ്, അതിന്റെ പൂമുഖത്ത് പഴയൊരു കുടുംബചിത്രം ശ്രദ്ധയിൽപ്പെട്ടത്. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ആ ചിത്രം, തന്റെ അച്ഛനും, അമ്മയും, താനും സഹോദരങ്ങളുമുൾപ്പെടുന്ന കുടുംബഫോട്ടോയാണെന്ന് മനസിലായത്. അതെ, ആ മനോഹരഭവനം, അയാൾ വെറുപ്പോടെ, കിട്ടുന്ന വിലക്ക് കളയാൻ വെച്ചിരുന്ന സ്വന്തംവീടായിരുന്നു. പക്ഷെ, അയാൾ അതിന്റെ സൗന്ദര്യവും, സൗകര്യങ്ങളും തിരിച്ചറിഞ്ഞത് മറ്റൊരാൾ കാണിച്ചു കൊടുത്തപ്പോഴാണെന്നു മാത്രം. ചിലരുടെയെങ്കിലും ദാമ്പത്യ ജീവിതത്തിൽ ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നില്ലേ!' സാർ, ഞാനെന്റെ ഡിവോഴ്സ് ഹർജി പിൻവലിക്കുകയാണ്, അതിന് അനുവാദം തരണം". 'എന്ത്, ഹർജി പിൻവലിക്കുന്നെന്നോ, അതെന്താ?" കുടുംബക്കോടതി ജഡ്ജിചോദിച്ചു. 'അതെ, സാർ, ഞാനെന്റെ ഭാര്യയെ ഉപേക്ഷിച്ചാൽ, പിന്നെ ഇതുപോലൊന്നു കിട്ടാൻ വലിയ പാടാണു സാർ!"ജഡ്ജിക്കും മസിലുപിടിക്കാതെ ചിരിക്കാൻ കഴിയുമെന്ന് അന്നാണ് എനിക്കു മനസിലായത്."" ഇപ്രകാരം പറഞ്ഞുനിർത്തി, പ്രഭാഷകനിറങ്ങിയപ്പോൾ, സദസ്യരിൽ പലരും ചിരിച്ചു വീണ് മണ്ണുകപ്പാതിരിക്കാൻ തങ്ങളുടെ ഭാര്യമാരെ ചേർത്തുപിടിച്ചിരിക്കുകയായിരുന്നു.!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |