
നാലു വയസുള്ള ഒരു കുട്ടി, മൂന്നു വയസുള്ള അനുജത്തിയോടൊപ്പം ചന്തയിലേക്ക് പോവുകയായിരുന്നു. ഒരു കളിപ്പാട്ടക്കടയുടെ മുന്നിലെത്തിയപ്പോൾ പെൺകുട്ടി കണ്ണാടിച്ചില്ലിലൂടെ അകത്തുള്ള പാവകളെ കൗതുകത്തോടെ നോക്കിക്കൊണ്ടു നിന്നു. ഇതുകണ്ട് സഹോദരൻ ചോദിച്ചു: 'നിനക്ക് എന്തെങ്കിലും വേണോ?" പെൺകുട്ടി കൈ ഉയർത്തി, ഒരു പാവയെ ചൂണ്ടിക്കാണിച്ചു. ആൺകുട്ടി സഹോദരിയുടെ കൈ പിടിച്ച് കടയ്ക്കകത്തു കയറി. ഉത്തരവാദിത്വമുള്ള ഒരു മൂത്ത സഹോദരനെപ്പോലെ അവൻ ആ പാവയെടുത്ത് സഹോദരിക്കു നല്കി.
അവൾക്കു സന്തോഷമായി. പിന്നീട് അവൻ ഉടമയുടെ അടുത്തുചെന്ന് ചോദിച്ചു: 'ഈ പാവയുടെ വില എത്രയാണ് ?" അതുവരെ ആ കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരുന്ന കടയുടമയ്ക്ക് ആൺകുട്ടിയുടെ പക്വതയുള്ള പെരുമാറ്റം കണ്ട് ആശ്ചര്യം തോന്നി. നല്ലൊരു മനുഷ്യനായിരുന്ന അദ്ദേഹം കുട്ടിയോട് സ്‌നേഹപൂർവം ചോദിച്ചു- 'മോനേ! നിനക്ക് എന്തു വില നല്കാൻ കഴിയും?" പോക്കറ്റിൽനിന്ന് ഭംഗിയുള്ള കുറച്ച് ചിപ്പികളെടുത്ത് കുട്ടി കടയുടമയുടെ നേർക്കു നീട്ടി. അദ്ദേഹം അവ വാങ്ങി പണം എണ്ണുന്നതുപോലെ എണ്ണിനോക്കി.
ഇടയ്ക്ക് അദ്ദേഹം ആ കുട്ടിയെ നോക്കി. അവൻ പറഞ്ഞു: അതു മതിയാവില്ലെങ്കിൽ പറയൂ. എന്റെ കൈയിൽ ഇനിയുമുണ്ട്! 'വേണ്ട, ഇത് ഈ പാവയുടെ വിലയേക്കാൾ കൂടുതലാണ് " എന്നു പറഞ്ഞ് കടയുടമ അതിൽനിന്ന് നാല് ചിപ്പികൾ തിരികെ കുട്ടിക്കു നൽകി. കുട്ടി വളരെ സന്തോഷത്തോടെ ആ ചിപ്പികൾ പോക്കറ്റിലിട്ട്, സഹോദരിയെയും കൂട്ടി പുറത്തേക്കിറങ്ങി. കടയിലെ സഹായി ഇതെല്ലാം കണ്ടു നില്ക്കുകയായിരുന്നു. അയാൾ ചോദിച്ചു- 'മുതലാളീ, കുറച്ച് ചിപ്പികൾക്കു പകരമായി ആ കുട്ടിക്ക് ഇത്ര വിലയുള്ള പാവ എന്തിനാണ് നല്കിയത്?"
കടയുടമ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'നമ്മുടെ കണ്ണിൽ ഇവ വിലകുറഞ്ഞ ചിപ്പികളാണ്. പക്ഷേ ആ കുട്ടിയെ സംബന്ധിച്ചിടത്തോളം അവ പണത്തിനു തുല്യമാണ്. ഈ പ്രായത്തിൽ പണം എന്താണെന്ന് അവനറിയില്ല. എന്നാൽ വളർന്നു വലുതാകുമ്പോൾ വില കുറഞ്ഞ ചിപ്പികൾക്കു പകരം കടക്കാരൻ വില കൂടിയ പാവ തനിക്കു തന്ന സംഭവം അവൻ ഓർക്കാതിരിക്കില്ല. ഈ ലോകത്ത് നല്ല മനുഷ്യർ ധാരാളമുണ്ടെന്ന വിശ്വാസം അവനുണ്ടാകും. ദയയും ഉദാരതയും എന്തെന്ന് മനസിലാക്കും. അത് അവനിലെ നന്മയെ ഉണർത്തും. ഒരു നല്ല വ്യക്തിയായിത്തീരാൻ അത് അവന് പ്രേരണയേകും."
നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ചുറ്റുമുള്ളവരെ സ്വാധീനിക്കുന്നുണ്ട്. അറിയാതെയാണെങ്കിലും അത് അവരിൽ പരിവർത്തനം സൃഷ്ടിക്കുന്നുണ്ട്. നന്മ നിറഞ്ഞ ഇത്തരം കൊച്ചുകൊച്ചു പ്രവൃത്തികൾ നമ്മളിൽ ഓരോരുത്തർക്കും ചെയ്യാനാകും. മൂല്യങ്ങൾ പകർന്നു നല്‌കേണ്ടത് പ്രവൃത്തിയിലൂടെ ആയിരിക്കണം. പ്രസംഗമല്ല, പ്രവൃത്തിയാണ് ആവശ്യം. മാറ്റം നമ്മളിൽ നിന്ന് ആരംഭിക്കണം. അപ്പോൾ അത് നന്മയുടെ വിത്തു വിതയ്ക്കലാകും. ഒരു വലിയ സാമൂഹ്യ പരിവർത്തനത്തിന് തുടക്കമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |