ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഉൾപ്പെടെ മൊത്തം 50 ശതമാനം തീരുവ ഏർപ്പെടുത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുത്സിതനീക്കത്തെ അതേ അർത്ഥത്തിൽ പൊളിച്ചടുക്കാൻ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ രാജ്യത്തെ 140 കോടിയിലേറെ വരുന്ന ഇന്ത്യക്കാർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്. ട്രംപിന്റെ ഹുങ്കിനെ ഇന്ത്യൻ ജനത വകവച്ചു കൊടുക്കാൻ പോകുന്നില്ലെന്ന് തെളിയിക്കുന്ന നടപടികളാണ് ദ്രുതഗതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രാലയവും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയായി മാറാൻ പോകുന്ന ഇന്ത്യയ്ക്കുനേരെ ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ സ്ഥിരതയില്ലാത്ത ഒരു ഭരണാധികാരിയുടെ കൊഞ്ഞനം കുത്തലായേ കാണാൻ കഴിയുകയുള്ളൂ.റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് പാടില്ലെന്ന ട്രംപിന്റെ തിട്ടൂരത്തിന് നിന്നു കൊടുക്കാൻ ഇന്ത്യ തയ്യാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഇതിനൊപ്പം, രാജ്യത്തിനാകെ അഭിമാനമാവുകയും, പാകിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങളെ അവരുടെ കേന്ദ്രത്തിൽത്തന്നെ ചെന്ന് അമർച്ച ചെയ്യാൻ തയ്യാറാവുകയും, ഓപ്പറേഷൻ സിന്ദൂറിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ട്രംപ് നടത്തിയ പരിഹാസ്യമായ വാദത്തെ നരേന്ദ്ര മോദി അർത്ഥശങ്കയ്ക്കിട നൽകാതെ നിരാകരിച്ചതും ട്രംപിനെ ലോക രാഷ്ട്രങ്ങൾക്കു മുമ്പിൽ ഇളിഭ്യനാക്കി. ഈ ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി സ്വീകരിച്ച ചില നിലപാടുകൾ അത്യന്തം ദൗർഭാഗ്യകരമായിപ്പോയെന്ന് പറയാതെവയ്യ. ട്രംപിന്റെ ഇപ്പോഴത്തെ ഹാലിളക്കത്തിനു പിന്നിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയെടുക്കാനുള്ള തന്ത്രമുണ്ടെന്ന് കൊച്ചുകുട്ടികൾക്കുപോലും മനസിലാകും. പ്രസിഡന്റ് ഒബാമയ്ക്കു ലഭിച്ച നോബൽ പുരസ്കാരം എന്തുകൊണ്ടും തനിക്കും ലഭിക്കണമെന്ന് ട്രംപിന് മോഹമുണ്ട്. അതാണ് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് താൻ ഇടപെട്ടതുകൊണ്ടാണെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ട്രംപിന് നോബൽ നൽകണമെന്ന് ഇസ്രയേലും പാകിസ്ഥാനും കമ്പോഡിയയും ആവശ്യപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിൽ നിന്ന് അനുകൂല നിലപാട് ട്രംപ് പ്രതീക്ഷിച്ചു. അതില്ലാതെ വന്നതിലുള്ള രോഷപ്രകടനം കൂടിയാണ് ഇപ്പോഴത്തെ ഈ തീരുവക്കളി. നമ്മുടെ ഉത്പന്നങ്ങൾക്ക് ഇത്ര ഭീമമായ തീരുവ എർപ്പെടുത്തുന്നത് സ്വാഭാവികമായും നമ്മുടെ കയറ്റുമതിയെ ബാധിക്കും. താരതമ്യേന കുറഞ്ഞ തീരുവയിൽ അമേരിക്കയിലെത്തുന്ന മറ്റു പല രാജ്യങ്ങളുടെയും ഉത്പന്നങ്ങളുമായി മത്സരിക്കാൻ നമുക്ക് കഴിയാതെ വരും. ഇത് ഫലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ കുറയുന്ന സ്ഥിതിയുണ്ടാക്കും. നമ്മുടെ കയറ്റുമതിയിൽ 6 മുതൽ 6.4 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായും തൊഴിൽപരമായും ഇന്ത്യയെ വരിഞ്ഞുമുറുക്കി തങ്ങൾക്കൊപ്പം നിറുത്താൻ കഴിയുമോയെന്ന കുറുക്കൻ കൗശലവും ട്രംപിന്റെ സുതാര്യമല്ലാത്ത നീക്കത്തിനു പിന്നിലുണ്ട്. ഇതുകണ്ട് പേടിച്ച്, 'അയ്യോ ട്രംപേ ഞങ്ങളെ വലയ്ക്കരുതേ..." എന്നു കരഞ്ഞ് ഇന്ത്യ പിന്നാലെ ചെല്ലുമെന്ന് ഒരുപക്ഷെ ട്രംപ് വിചാരിച്ചു കാണും. മുമ്പ് അങ്ങനെയായിരുന്നല്ലോ.
എന്നാൽ, അത്തരം അസംബന്ധ വിചാരങ്ങൾക്ക് അതേ നാണയത്തിൽ ചുട്ട മറുപടി നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യവും പ്രതികരിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ റഷ്യയിലേക്ക് അയച്ചതും, പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യ സന്ദർശിക്കുന്നതും, പ്രധാനമന്ത്രി ചൈന സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതും ഒരർത്ഥത്തിൽ ട്രംപിനേറ്റ അടി തന്നെയാണ്. യൂറോപ്പിലെയും ഏഷ്യയിലെയും രാഷ്ട്രങ്ങളുമായി കൂടുതൽ വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ നീക്കവും ട്രംപിന്റെ കുനിഷ്ടുബുദ്ധിക്കുള്ള മറുമരുന്നു തന്നെയാണ്. 140 കോടി മനുഷ്യരുടെ വിഭവശേഷിയുള്ള, ലോകത്തെ മൂന്നാമത് സാമ്പത്തിക ശക്തിയെന്ന സുദൃഢ മേൽവിലാസം സ്വന്തമാക്കുന്ന ഇന്ത്യയെ ഉടുക്കു കൊട്ടി പേടിപ്പിക്കേണ്ട എന്നു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമ്മുടെ രാജ്യവും പറഞ്ഞിരിക്കുന്നത്. ട്രംപിന്റെ ഈ അഴിഞ്ഞാട്ടം അമേരിക്കയുടെ പ്രസിഡന്റിനെ ലോക സമൂഹത്തിൽ അപഹാസ്യനാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയംവേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |