
തിരുവനന്തപുരം: മദ്രാസ് റെജിമെന്റ് രണ്ടാം ബറ്റാലിയന്റെ 250-ാമത് സ്ഥാപകദിനം 13ന് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിക്കും. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും വിരമിച്ചവരും അവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ 3000പേർ പങ്കെടുക്കും. സൈനികർക്കിടയിൽ "ഗുണ്ടാസ്" എന്നറിയപ്പെട്ടിരുന്ന ബറ്റാലിയനെ 1952ൽ രാജസ്ഥാൻ ഗവർണറായിരുന്ന സവായ് മാൻ സിംഗാണ് വിളിപ്പേരിട്ടത്. 1776 ഡിസം.13ന് ക്യാപ്റ്റൻ സി.എൽ.ഡബ്ല്യു.ഡേവിസാണ് തഞ്ചാവൂരിൽ 15-ാമത് കർണാടക ഇൻഫൻട്രി ബറ്റാലിയൻ രൂപീകരിച്ചത്. 249വർഷത്തെ ചരിത്രത്തിൽ ബറ്റാലിയൻ ഒമ്പത് പരിവർത്തനങ്ങൾക്ക് വിധേയമായി. 1953ൽ മദ്രാസ് റെജിമെന്റിന്റെ രണ്ടാമത്തെ ബറ്റാലിയൻ എന്ന നിലവിലെ പദവി ലഭിച്ചു.
1952സെപ്തം., ജോധ്പൂരിലെ ലെഫ്റ്റനന്റ് കേണൽ മുള്ളെനക്സിന്റെ നേതൃത്വത്തിൽ വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങളെത്തിക്കാൻ ബറ്റാലിയനെ ചുമതലപ്പെടുത്തി. വ്യാപകമായ തീവയ്പ്പും കൊള്ളയും കാരണം ട്രെയിൻ ഓടിക്കാൻ റെയിൽവേ അധികൃതർ വിസമ്മതിച്ചു. ബറ്റാലിയൻ ഹവിൽദാർ മേജർ ബയണറ്റുപയോഗിച്ച് ഡ്രൈവറെ നിർബന്ധപൂർവം ഭക്ഷണവും സാധനങ്ങളും നിറച്ച ട്രെയിൻ ദുരിതബാധിത പ്രദേശത്തേക്ക് ഓടിപ്പിച്ചു. ഈ പ്രക്രിയയിൽ സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ ട്രെയിൻ നിറുത്താൻ ശ്രമിച്ച എല്ലാവരെയും നേരിടേണ്ടി വന്നു. രാജസ്ഥാൻ ഗവർണർ സവായ് മാൻ സിങ്ങിനോട് റെയിൽവേയും ഗവ.അധികൃതരും പരാതിപ്പെടുകയും യൂണിറ്റിനെ "ഗുണ്ടാസ്" എന്ന് പരാമർശിക്കുകയും ചെയ്തു. ഗവർണർ യൂണിറ്റിന്റെ ശ്രമങ്ങളെയും കഴിവുകളെയും പ്രശംസിക്കുകയും "ഇത്തരം ഗുണ്ടാസ് ലഭിക്കാൻ ഞാനും ആഗ്രഹിക്കുന്നു" എന്ന് പറയുകയും, ആ വിളിപ്പേര് നൽകുകയും ചെയ്തു. അങ്ങനെയാണ് ഗുണ്ടാസ് എന്ന പേരിൽ അറിയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |