
കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യമിടുന്നത്. നല്ല ശാരീരിക ശീലങ്ങളും മാനസിക വ്യാപാരങ്ങളും ചിന്താശീലവുമുള്ള തലമുറയെ വാർത്തെടുക്കുവാൻ പാഠപുസ്തങ്ങൾ കാണാപ്പാഠം പഠിപ്പിക്കുന്നതുകൊണ്ടു മാത്രം കഴിയില്ല. പഠനവും പരീക്ഷകളും വിദ്യാർത്ഥികളെ ഭയപ്പെടുത്തുന്നതായി മാറരുത്. ഒരു കുട്ടിയിൽ ലീനമായിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവന്ന് പ്രോത്സാഹിപ്പിക്കുകയെന്നതും പഠന പ്രക്രിയയുടെ ലക്ഷ്യമാകണം. അതിനാണ് നമ്മുടെ സ്കൂളുകളിൽ കലാ-കായിക വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിർഭാഗ്യവശാൽ പാഠപുസ്തകങ്ങൾക്ക് പ്രാധാന്യമേറുകയും, കലാ- കായിക പ്രവർത്തനങ്ങൾ മാറ്റിനിറുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നമ്മുടെനാട്ടിലുള്ളത്.
ഫിസിക്കൽ എഡ്യുക്കേഷൻ പീരിയഡുകളും, ആർട്സ് പീരീഡുകളും മറ്റു വിഷയങ്ങൾ പഠിപ്പിക്കാനായി വഴി മാറിക്കൊടുക്കേണ്ടിവരുന്നു. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക അവാർഡ് ജേതാവ് സുഗതൻ എൽ. ശൂരനാട് സമർപ്പിച്ച ഹർജിയിൽ, സംസ്ഥാന ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ കലാ- കായിക പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. കേസിൽ എതിർകക്ഷികളായിരുന്ന ഗവ. വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവരോട് കമ്മിഷൻ ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും എസ്.സി.ഇ.ആർ.ടി മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടികൾക്ക് മാനസിക- ശാരീരിക ഉന്മേഷത്തിനും, കായികമായ കഴിവ് കണ്ടെത്തുന്നതിനും എല്ലാ ക്ലാസുകളിലും പീരിയഡുകൾ നീക്കിവച്ചിട്ടുണ്ടെന്നും, ഈ സമയം മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് കരിക്കുലം മുന്നോട്ടുവയ്ക്കുന്ന സമീപനത്തിന് വിരുദ്ധമാണെന്നും എസ്.സി.ഇ.ആർ.ടി ഡയറക്ടർ കമ്മിഷനെ അറിയിച്ചിരുന്നു.
ഇതേത്തുടർന്നാണ് പ്രസ്തുത പീരിയഡുകൾ മറ്റു വിഷയങ്ങൾ പഠിപ്പിക്കാനായി മാറ്റിവയ്ക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നവംബർ 17 ന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും, ജില്ലാ- ഉപജില്ലാ ഓഫീസർമാർക്കും പ്രഥമാദ്ധ്യാപകർക്കും നിർദ്ദേശം നൽകിയത്. അതിപ്രധാനമായ ഒരു വിഷയത്തിൽ വിദ്യാഭ്യാസ സെക്രട്ടറിയും, പൊതു വിദ്യാഭ്യാസ ഡയറക്ടറും റിപ്പോർട്ട് സമർപ്പിക്കാത്തത് ഗൗരവമായാണ് നിരീക്ഷിക്കുന്നതെന്ന് കമ്മിഷൻ ഉത്തരവിൽ സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാനത്തെ ഒട്ടുമിക്ക സ്കൂളുകളിലും കലാ- കായിക വിഷയങ്ങൾ പഠിപ്പിക്കുവാൻ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരില്ലാത്ത സ്ഥിതിയാണ്. സംസ്ഥാനത്തെ 86 ശതമാനം യു.പി. സ്കൂളുകളിലും, 45 ശതമാനം ഹൈസ്കൂളുകളിലും, മുഴുവൻ പ്രൈമറി, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും കായികാദ്ധ്യാപകരില്ല. എൽ.പി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള 40 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് കായിക വിദ്യാഭ്യാസവും പരിശീലനവും നൽകാനുള്ളത് വെറും 1869 കായികാദ്ധ്യാപകരാണ്. മറ്റ് സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെയും വംശം കുറ്റിയറ്റുകൊണ്ടിരിക്കുകയാണ്.
അതേസമയം, ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കാനായി അദ്ധ്യാപകരെ നിയമിക്കുന്നതിനു പകരം ഓൺലൈനായി കായികപഠനം നടത്താൻ വഴിതേടുകയാണ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ ഗ്രൗണ്ടിലിറക്കാതെ ക്ളാസ് മുറികളിൽ കമ്പ്യൂട്ടറിനു മുന്നിലിരുത്തുന്നത് ഇപ്പോൾത്തന്നെ ആശങ്കയുണർത്തുന്ന ഡിജിറ്റൽ അഡിക്ഷൻ കൂട്ടുകയേയുള്ളൂ. കുറച്ചു ദിവസം മുമ്പ് സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ, ഓരോ കുട്ടിയും ഒരു കായിക ഇനമെങ്കിലും പഠിച്ചിരിക്കണമെന്ന് നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ആത്മാർത്ഥതയോടെയാണെങ്കിൽ അതിനുള്ള അടിസ്ഥാന സൗകര്യവും ഒരുക്കേണ്ടതുണ്ട്. മികച്ച ഡോക്ടർമാരെയും എൻജിനിയർമാരെയും മാത്രമല്ല, മികച്ച കായിക താരങ്ങളെയും കലാകാരന്മാരെയും കൂടി സമൂഹത്തിനു വേണം. അതിലെല്ലാമുപരി ആരോഗ്യമുള്ള തലമുറയെ വേണം. അതിലേക്ക് കണ്ണുതുറപ്പിക്കുന്നതാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. കളിച്ചും ചിരിച്ചും രസിച്ചും നമ്മുടെ കുട്ടികൾ പഠിക്കട്ടെ. ആ പഠനം അവരെ മികവുറ്റ പൗരന്മാരാക്കി മാറ്റട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |