
ജനങ്ങളുടെ അജ്ഞത ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖലയാണ് ആരോഗ്യരംഗം. ആതുരസേവനം എന്ന സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ച് മനുഷ്യന്റെ പരാധീനതകൾ പരമാവധി മുതലെടുക്കുന്ന മേഖലയായി അത് പരിണമിക്കുകയും, പണം കൊയ്യാനുള്ള എളുപ്പവഴികളിലൊന്നായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു. അത്യാധുനിക ചികിത്സാ സമ്പ്രദായങ്ങൾ അനാവശ്യത്തിനു പോലും ഉപയോഗപ്പെടുത്തി കനത്ത ബില്ല് അടിച്ചേല്പിക്കുന്നതിൽ മത്സരിക്കുന്ന സ്വകാര്യ ആശുപത്രികളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ മേഖലയിലുള്ള ആശുപത്രികളിൽ പല കാരണങ്ങളാൽ പര്യാപ്തമായ ചികിത്സ ലഭിക്കില്ലെന്ന ബോധം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സാമാന്യ ജനങ്ങൾക്കിടയിൽ ശക്തമാവുകയും ചെയ്‌തിരിക്കുന്നു.
ആധുനിക കാലഘട്ടത്തിൽ ചികിത്സയ്ക്ക് ഏറ്റവുമധികം പ്രയോജനപ്പെടുകയും അതേസമയം വളരെയേറെ ദുരുപയോഗപ്പെടുകയും ചെയ്ത യന്ത്രസംവിധാനമാണ് സ്‌കാനിംഗ്. ഒരു തരത്തിലും ആവശ്യമില്ലെന്ന് ബോദ്ധ്യപ്പെട്ടാലും സ്‌കാനിംഗിന് കുറിപ്പെഴുതുന്നതിൽനിന്ന് ഭൂരിപക്ഷം ചികിത്സകരും മാറിനിൽക്കാറില്ല. ഒറ്റയടിക്ക് സാമാന്യം നല്ല തുക രോഗിക്ക് സ്കാനിംഗിനായി ചെലവാക്കേണ്ടിവരും. ആ തുകയുടെ പകുതിയിലേറെയും ബ്ളാക്ക് മണിയായി ഡോക്ടർമാരിലേക്ക് തിരിച്ചെത്തുകയാണെന്നത് ഏറക്കുറെ എല്ലാവർക്കും അറിയാവുന്നതാണ്. അങ്ങനെ, രോഗിയുടെ ചികിത്സയ്ക്കുപരി മറ്റ് ധനാഗമ മാർഗങ്ങൾക്കാണ് ഇന്നത്തെ ആരോഗ്യരംഗം മുൻതൂക്കം നൽകുന്നത്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ പരിചരണ രംഗത്ത് നിയന്ത്രണം ഏർപ്പെടുത്താനും പൊതുജനാരോഗ്യ താത്‌പര്യങ്ങൾ ഉയർത്തിപ്പിടിക്കാനുമായി സംസ്ഥാന സർക്കാർ 2018-ൽ കേരള ക്ളിനിക്കൽ എസ്റ്റാബ്ളിഷ്‌മെന്റ്‌സ് നിയമം കൊണ്ടുവന്നത്. ഈ നിയമത്തിന് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകാരം നൽകിയിരിക്കുന്നു.
നേരത്തേ തന്നെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിയമത്തിന് അംഗീകാരം നൽകിയിരുന്നെങ്കിലും സ്വകാര്യ ആശുപത്രികളുടെ സംഘടനയും ഉടമകളും ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇവരുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി.എം. ശ്യാംകുമാർ, ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ ഈ മേഖലയെ ഗ്രസിച്ചിരിക്കുന്ന പല അനാരോഗ്യ പ്രവണതകളെയും ദുരികരിക്കാൻ ഇടയാക്കുമെന്ന് കരുതാം. മുൻകൂറായി പണം അടയ്ക്കാത്തതിന്റെ പേരിൽ ജീവൻരക്ഷാ ചികിത്സ നിഷേധിക്കരുതെന്നതാണ് ഏറ്റവും പ്രധാനമായ മാർഗനിർദ്ദേശം. ഇത് ലംഘിച്ചാൽ ആശുപത്രിയുടെ രജിസ്ട്രേഷൻ വരെ റദ്ദാക്കാം. അതിനു പുറമെ, പിഴ ചുമത്തുകയും സിവിലായും ക്രിമിനലായും കേസെടുക്കുകയും ചെയ്യാം. ഓരോ രോഗത്തിന്റെയും ചികിത്സാ നിരക്ക് പ്രസിദ്ധപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സേവനങ്ങൾ എന്തൊക്കെയാണ്, ഓരോ രോഗത്തിനും അടിസ്ഥാന ചികിത്സയ്ക്ക് ചെലവാകുന്ന തുകയെത്ര, സൗകര്യങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങളും നൽകണം.
ഡിസ്‌ചാർജ് സമയത്ത് ചികിത്സാ സംബന്ധമായ എല്ലാ രേഖകളും കൈമാറണം. ചികിത്സാ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങൾ ഇനി സ്വകാര്യ ആശുപത്രികൾക്ക് പാലിക്കേണ്ടിവരും. ഇവ ആശുപത്രികളുടെ ഉത്തരവാദിത്വമാക്കുന്നതാണ് നിയമം. ഈ വ്യവസ്ഥകൾ ഭരണഘടനാപരമാണെന്നും ഇടപെടാൻ കാരണമില്ലെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് സ്വകാര്യ ആശുപത്രികൾക്ക് അവരുടെ തന്നിഷ്ടങ്ങളുമായി മുന്നോട്ടു പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതാകയാൽ, സ്വാഭാവികമായും അവർ സുപ്രീംകോടതിയിൽ പോയി നിയമം നടപ്പാക്കുന്നത് വൈകിക്കാൻ ശ്രമം നടത്താതിരിക്കില്ല. ജനക്ഷേമകരമായ നിയമങ്ങൾ സർക്കാർ പാസാക്കിയാലും അതു നടപ്പാക്കാൻ പിന്നീടും വർഷങ്ങൾ വൈകേണ്ടിവരുന്നത് ദൗർഭാഗ്യകരമാണ്.
ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്കും നിയമത്തിലെ വ്യവസ്ഥകൾക്കും പരമാവധി പ്രചാരണം നൽകി ജനങ്ങളെ ബോധവാന്മാരാക്കാനുള്ള സത്വര നടപടികൾക്കാണ് സർക്കാർ ഇനി മുൻഗണന നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |