SignIn
Kerala Kaumudi Online
Friday, 28 November 2025 4.26 AM IST

ജനങ്ങളുടെ മനസിലാണ് ഇടതുപക്ഷം: എം.വി. ഗോവിന്ദൻ, 'ഞങ്ങൾക്ക് ഭയമില്ല'

Increase Font Size Decrease Font Size Print Page

s

ശബരിമലയും ലേബർകോഡും അടക്കം ആളിക്കത്തുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രചാരണാർത്ഥം കേരളം മുഴുവൻ ഓടിനടക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ; പഴയ കായിക അദ്ധ്യാപകന്റെ അതേ ചുറുചുറുക്കോടെ. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു വിശേഷങ്ങൾക്കൊപ്പം രാഷ്ട്രീയവും അദ്ദേഹം കേരളകൗമുദിയോട് പങ്കുവച്ചു.

?​ ശബരിമല വിഷയത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം വരെ അറസ്റ്റിലായല്ലോ.

 അയ്യപ്പന്റെ ഒരുതരി സ്വർണം കട്ടവനെപ്പോലും വെളിച്ചത്ത് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത് ഇടതു സർക്കാരാണ്. ഒരന്വേഷണത്തെയും,​ ഒരു നേതാവിന്റെ അറസ്റ്റിനെയും സി.പി.എമ്മോ സർക്കാരോ തടഞ്ഞിട്ടില്ല. പത്മകുമാർ ജയിലിലാണ്. അദ്ദേഹം നിലവിൽ ഔദ്യോഗിക സ്ഥാനമൊന്നും വഹിക്കുന്നില്ല. പിന്നെ പാർട്ടി ഭാരവാഹിത്വം- അക്കാര്യം പാർട്ടി ആലോചിച്ച് നടപടിയെടുക്കും. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോൾ പൊലീസിന്റെ വണ്ടിക്കു മുമ്പിൽ ചാടി തടയാനൊന്നും ആരും പോയിട്ടില്ലല്ലോ. അപ്പോൾ,​ ഇതൊന്നും തിരഞ്ഞെടുപ്പ് വിഷയമേ അല്ല. പിന്നെ,​ ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലല്ലേ കോൺഗ്രസിന്റെ മുഖ്യ പ്രചാരകൻ!

?​ തദ്ദേശ തിരഞ്ഞെടുപ്പിനെ പേടിയുണ്ടോ.

 പേടിക്കേണ്ടത് യു.ഡി.എഫും ബി.ജെ.പിയുമല്ലേ- ഞങ്ങളെന്തിന് ഭയക്കണം?​ ജനങ്ങളുടെ മനസിലാണ് ഇടതുപക്ഷം. വീടുവീടാന്തരം കയറി ഒന്നും നടന്നിട്ടില്ലെന്ന് പറയാൻപോലും പേടിയാണ് അവർക്ക്. കേരളത്തിൽ ഒന്നും നടന്നില്ലെന്ന് പറയാനുള്ള ധൈര്യമുണ്ടോ,​ ഇവർക്ക്?​ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സ്ത്രീകൾക്കും നൽകിയ അവരുടെ അവകാശങ്ങൾ തിരഞ്ഞെടുപ്പിനുള്ള കൈക്കൂലിയാണെന്ന് പറഞ്ഞുപരത്തുമ്പോൾ,​ വീടുവീടാന്തരം കയറി അതു പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ?​ ഉണ്ടെങ്കിൽ പറയട്ടെ. വോട്ട് വീഴുമ്പോഴറിയാം,​ സത്യം.

?​ വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ടോ.

 എന്താണ് സംശയം?​ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ മുന്നേറ്റമുണ്ടാക്കും. നേടിയതെല്ലാം മികച്ച ഭൂരിപക്ഷത്തിൽ നിലനിറുത്തുമെന്നു മാത്രമല്ല, കണ്ണൂർ അടക്കം മുഴുവൻ കോർപ്പറേഷനുകളും ഇത്തവണ ഇടതുപക്ഷത്താവും. ഭൂരിപക്ഷം പഞ്ചായത്തുകളും നഗരസഭകളും എല്ലാ ജില്ലാ പഞ്ചായത്തുകളും ഇടതുപക്ഷത്ത് നിലയുറപ്പിക്കും. ഇതൊന്നും വെറുതെ പറയുന്നതല്ല, തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കിയ ജനകീയ പ്രവർത്തനങ്ങളും,​ കഴിഞ്ഞ പത്തുവർഷമായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ മികവിലുള്ള അവകാശവാദവുമാണ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാവുക.

?​ സംസ്ഥാന സെക്രട്ടറിയുടെ നഗരസഭയിലടക്കം എതിരില്ലാതെ ജയിച്ചത് സി.പി.എമ്മിന്റെ ഭീഷണി കാരണമെന്ന്

കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നല്ലോ.

 ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?​ ആര്,​ ആരെ ഭീഷണിപ്പെടുത്തി?​ എന്റെ നഗരസഭയായ ആന്തൂരിൽ ഞാൻ വരാം. മാദ്ധ്യമപ്രവർത്തകരും ഒപ്പം പ്രതിപക്ഷ നേതാവും കണ്ണൂരിലെ ഡി.സി.സി പ്രസിഡന്റും വരട്ടെ. അവിടെ ഏതെങ്കിലും സി.പി.എം നേതാവ് ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥികളെ പിൻവലിച്ചെന്ന് തെളിയിക്കാമോ?​നട്ടാൽ മുളയ്ക്കാത്ത നുണ പറഞ്ഞ് നടക്കുകയാണ്.

?​ ലേബർ കോഡിൽ പാർട്ടിയും സർക്കാരും രണ്ടു തട്ടിലാണോ.

 അക്കാര്യത്തിൽ ഒരു വിശദീകരണത്തിന്റെയും ആവശ്യമില്ല. രാജ്യമാകെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലാണ്. രാജ്യം ഗുരുതരമായ തൊഴിലില്ലായ്മയിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടന്നുപോകുമ്പോൾ ലേബർകോഡ് പോലുള്ള കരിനിയമങ്ങളുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ എങ്ങനെ വക്രീകരിച്ചാലും സർക്കാരും പാർട്ടിയും ഒറ്റ നിലപാടിലാണ്.

TAGS: M.V GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.