പല കുറ്റകൃത്യങ്ങളും തെളിയിക്കാൻ പൊലീസ് ഇപ്പോൾ ആശ്രയിക്കുന്നത് സ്വകാര്യ വ്യക്തികളും കടഉടമകളും സ്ഥാപിച്ചിരിക്കുന്ന കാമറകളെയാണ്. നിരത്തുകളിലും മറ്റും പരമാവധി കാമറകൾ സ്ഥാപിച്ച് ട്രാഫിക് ലംഘനങ്ങൾ കണ്ടുപിടിച്ച് ഫൈനടിക്കാനും പൊലീസ് മുന്നിലാണ്. അതേ കാമറ അവർക്ക് നേരെ തിരിയുമ്പോൾ മുഖംതിരിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത് എന്നത് വിരോധാഭാസമാണ്. ലോക്കപ്പ് മർദ്ദനമടക്കം ജനങ്ങളോടുള്ള അതിക്രമങ്ങൾ തടയാൻ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും കാമറ വലയത്തിലാക്കണമെന്ന് രണ്ടുവർഷം മുമ്പാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതുവരെ പകുതി സ്റ്റേഷനുകളിൽ മാത്രമാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ പൊലീസ് മെല്ലെപ്പോക്ക് നയം സ്വീകരിച്ചിരിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച സുപ്രീംകോടതി എല്ലാ സ്റ്റേഷനുകളിലും ഒരുമാസത്തിനുള്ളിൽ കാമറകൾ സ്ഥാപിച്ച് റിപ്പോർട്ട് നല്‌കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്നാണ് ഉന്നതകോടതി അന്ത്യശാസനം നല്‌കിയിരിക്കുന്നത്.
ഇതിന് മൊത്തം ചെലവാകുന്ന 41.6 കോടി രൂപ നല്‌കാൻ ആഭ്യന്തരവകുപ്പ് നേരത്തേ ഉത്തരവിട്ടിരുന്നതാണ്. എന്നാൽ 2021 - 22ൽ 11.89 കോടിയും 22- 23ൽ 4.8 കോടിയും മാത്രമേ അനുവദിച്ചിട്ടുള്ളൂ. 40 ശതമാനം കേന്ദ്രവിഹിതമാണ്. അതും സമയത്ത് കിട്ടിയില്ല. ഇതാണ് കാമറ സ്ഥാപിക്കൽ വൈകിപ്പിച്ചത്. കേരളത്തിലെ 520 പൊലീസ് സ്റ്റേഷനുകളിലാണ് കാമറ സ്ഥാപിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷൻസ് ലിമിറ്റഡാണ് കാമറ സ്ഥാപിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. പണം നേരത്തേ അനുവദിച്ചിരുന്നെങ്കിൽ അവർ ജോലി പൂർത്തിയാക്കുമായിരുന്നു. ഇനി പണം അനുവദിച്ചാലും ഒരുമാസത്തിനകം പൂർത്തിയാക്കാനാകുക പ്രയാസകരമാണ്. സുപ്രീംകോടതി അന്ത്യശാസനം നല്‌കിയിരിക്കുന്ന സ്ഥിതിക്ക് നടപടികൾ സർക്കാർ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഈ കാമറ സ്ഥാപിക്കൽ ഭാവിയിൽ പൊലീസിന്റെ സ്വഭാവത്തെത്തന്നെ നേരായ രീതിയിൽ സ്വാധീനിക്കാൻ വഴിയൊരുക്കുന്നതാണ്. കാമറയിൽ പതിയുന്ന ലോക്കപ്പ് മർദ്ദനങ്ങൾക്കും മറ്റും ഇവർ മറുപടി നല്‌കേണ്ടിവരും. ദൃശ്യങ്ങളും ശബ്ദവും ഒന്നരവർഷം വരെ സൂക്ഷിച്ചുവയ്ക്കാവുന്ന സംവിധാനമടക്കമാണ് കാമറ സ്ഥാപിക്കുന്നത്. കസ്റ്റഡി മർദ്ദനകേസുകളിൽ കാമറ ദൃശ്യവും ശബ്ദവും പൊലീസിനെതിരായ പ്രധാന തെളിവുകളായി മാറും.
ഒരു സ്റ്റേഷനിൽ 13 കാമറകളാണ് സ്ഥാപിക്കേണ്ടത്. പ്രവേശന കവാടം, ലോക്കപ്പുകൾ, ഇടനാഴികൾ, സ്റ്റേഷൻ അധികാരികളുടെ മുറികൾ, സ്റ്റേഷന്റെ പരിസരം, കുറ്റാരോപിതരെ ഇരുത്തുന്ന മുറികൾ തുടങ്ങി എല്ലായിടത്തും കാമറകളുണ്ടായിരിക്കും. കേടായാൽ ആറുമണിക്കൂറിനകം അറ്റകുറ്റപ്പണി നടത്തണം. ഓഫ് ചെയ്യുന്നില്ലെന്ന് എസ്.എച്ച്.ഒ ഉറപ്പുവരുത്തണം. ദൃശ്യങ്ങൾ തുറക്കണമെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ പാസ്‌വേഡ് ഉപയോഗിക്കണം തുടങ്ങിയ കർശന നിർദ്ദേശങ്ങളാണ് 2020ലെ ഉത്തരവിൽ സുപ്രീംകോടതി നല്‌കിയിരുന്നത്. മനുഷ്യാവകാശം ലംഘിച്ചെങ്കിൽ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ ഇരയ്ക്ക് ആവശ്യപ്പെടാമെന്നും മനുഷ്യാവകാശ കമ്മിഷനടക്കം തെളിവായി ഇത് സ്വീകരിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനോപകാരപ്രദമായ ഉത്തരവാണ് സുപ്രീംകോടതിയുടേത്. അത് വലിച്ചുനീട്ടി വൈകിപ്പിക്കുന്നത് ജനവിരുദ്ധമായ നടപടി തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |