SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 AM IST

ജനത്തെ സർക്കാരിൽ നിന്ന് അകറ്റരുത്

photo

സർക്കാരിന്റെ ചില നയസമീപനങ്ങളോട് പ്രതിപക്ഷത്തിന് എതിർപ്പുണ്ടാവുക സ്വാഭാവികമാണ്. ഈ എതിർപ്പ് സമരമുറകളിലൂടെ അവർ പ്രകടിപ്പിക്കും. ഇതിനെ നേരിടാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ അതിരുവിടുമ്പോഴാണ് നിഷ്‌പക്ഷമതികൾ പോലും അതിനെതിരെ ശബ്ദമുയർത്താൻ തുടങ്ങുന്നത്. ഏതെങ്കിലും പ്രശ്നത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടി കാണിക്കുന്നതും വാഹനങ്ങൾ തടയാൻ ശ്രമിക്കുന്നതുമൊക്കെ ജനാധിപത്യ സംവിധാനത്തിലെ സാധാരണ പ്രതിഷേധമുറകളാണ്. അത്തരം സമരമുറകൾ നേരിടാനുള്ള പൊലീസിന്റെ വിട്ടുവീഴ്ചയില്ലാത്ത മുറകൾ ഇപ്പോൾ സാധാരണക്കാരുടെ മനസിനെ അലട്ടുന്ന ദൃശ്യങ്ങളായിരിക്കുന്നു. മുഖ്യമന്ത്രിക്കു വഴിയൊരുക്കാനെന്ന പേരിൽ പൊലീസ് സ്വീകരിക്കുന്ന ചില നടപടികളാകട്ടെ ജനങ്ങൾക്കിടയിൽ അനല്പമായ എതിർപ്പും പരിഹാസവുമാണ് സൃഷ്ടിക്കുന്നത്. ജനങ്ങളിൽനിന്ന് മുഖ്യമന്ത്രിയെ മാത്രമല്ല സർക്കാരിനെത്തന്നെ അകറ്റിക്കളയുന്നതാണ് പൊലീസ് കാണിക്കുന്ന കോപ്രായങ്ങൾ.

മുഖ്യമന്ത്രിക്ക് മാവോവാദി ഭീഷണിയുള്ളതിനാലാണ് സുരക്ഷ കൂട്ടേണ്ടിവന്നതെന്നും ഡസൻകണക്കിന് അകമ്പടിക്കാരും വാഹനങ്ങളുമൊക്കെ ഏർപ്പെടുത്തേണ്ടിവന്നതെന്നും വിശദീകരണമുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയിൽ അശേഷം വിട്ടുവീഴ്ച പാടില്ലെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമെന്നോണം പൊതുനിരത്തുകളിൽ നിന്ന് ജനത്തെ ആട്ടിയകറ്റുന്ന പ്രാകൃതമുറകൾ അനിവാര്യമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. സുരക്ഷയുടെ ഭാഗമായി ഇതിനകം പലർക്കും നേരിട്ട തിക്താനുഭവങ്ങൾ ഈ ചിന്തയെ ബലപ്പെടുത്തുന്നു. ജനങ്ങളെ ശത്രുപക്ഷത്തു നിറുത്തിക്കൊണ്ടാകരുത് സുരക്ഷയൊരുക്കൽ. ഈ വിഷയത്തിൽ പൊലീസ് മേധാവികൾ കാണിക്കുന്ന അമിതോത്സാഹം എങ്ങനെയെല്ലാം തിരിച്ചടിക്കുമെന്നതിന് ഉദാഹരണങ്ങൾ തിരഞ്ഞ് അധികം പിന്നോട്ടുപോകേണ്ടതില്ല.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിൽ ഇരുമ്പുവേലിക്കകത്ത് പൊലീസുകാർക്കായി ഇപ്പോൾ പ്രത്യേക സുരക്ഷാപാത പണിതുകൊണ്ടിരിക്കുകയാണ്. സ്ഥിരം സമരവേദിയായ സെക്രട്ടേറിയറ്റിനു മുമ്പിലെത്തുന്ന പ്രതിഷേധക്കാർ കമ്പിവേലിചാടി അകത്തു കടക്കുന്നത് തടയാൻ വേണ്ടിയാണത്രെ പുതിയൊരു പൊലീസ് മതിൽ. സെക്രട്ടേറിയറ്റ് വളപ്പിൽ നിലവിലുള്ള വേലിക്കടുത്ത് 280 മീറ്റർ നീളത്തിൽ പുതിയ സുരക്ഷാപാതയും മറ്റ് അനുസാരികളും ഒരുക്കാൻ എന്തുമാത്രം പണം ചെലവഴിക്കേണ്ടിവരും. പ്രതിഷേധങ്ങൾക്കിടെ മതിൽ ചാടാൻ ശ്രമിക്കുന്ന സമരക്കാരെ നേരിടാനാവശ്യമായത്ര പൊലീസുകാരുള്ളപ്പോൾ ഇത്തരത്തിലൊരു മതിൽ കെട്ടി ഉയർത്തേണ്ടതിന്റെ ആവശ്യമെന്താണ്? പ്രതിഷേധക്കാരെ മാത്രമല്ല പലവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്ന പൗരന്മാരുടെ സഞ്ചാരത്തിനും ഭാവിയിൽ ഈ ഏർപ്പാട് ഭീഷണിയായി മാറില്ലെന്ന് ആർക്കു പറയാനാകും. ഇതിനേക്കാൾ ഭേദം സെക്രട്ടേറിയറ്റിനു മുമ്പിൽ സമരങ്ങളേ പാടില്ലെന്ന് വിലക്കേർപ്പെടുത്തുകയായിരുന്നു.

സമരങ്ങളോടും പ്രതിഷേധക്കാരോടും ഭരണത്തിലിരിക്കുന്നവർക്ക് ഈർഷ്യ തോന്നുക സാധാരണമാണ്. തങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോഴും ഇതോ ഇതിലധികമോ കാണിച്ചുകൂട്ടിയിട്ടുണ്ടെന്ന കാര്യം സൗകര്യപൂർവം അവർ മറക്കുന്നതിലും അത്ഭുതമില്ല. രാഷ്ട്രീയ ഗോദയിൽ കൗതുകം പകരുന്ന തമാശക്കളിയായിട്ടേ ജനങ്ങളും ഇതൊക്കെ കാണാറുള്ളൂ. ആർഭാടവും ധൂർത്തുമൊക്കെ ഒഴിവാക്കി ധനസ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സർക്കാർ സെക്രട്ടേറിയറ്റിനു ചുറ്റും പൊലീസ് പാറാവിനു മാത്രമായി പുതിയൊരു പാതയൊരുക്കാൻ ലക്ഷങ്ങൾ ചെലവിടുന്നത് വിരോധാഭാസമാണ്.

സെക്രട്ടേറിയറ്റ് മന്ദിരത്തിനുള്ളിൽ കടക്കാൻ ഇപ്പോൾത്തന്നെ പ്രതിബന്ധങ്ങൾ പലതാണ്. അപേക്ഷകളുടെ സ്ഥിതി അറിയാൻ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധിപേർ ദിവസേന എത്താറുണ്ട്. പുതിയ നിയന്ത്രണങ്ങൾ കാരണം ഏറെ കഷ്ടപ്പെട്ടാണ് പലർക്കും അകത്തു പ്രവേശിക്കാനാകുന്നത്. ഇ - ഗവേണൻസായിട്ടും ഫയലുകളിൽ തീരുമാനമുണ്ടാകാൻ ഇപ്പോഴും താമസം നേരിടുന്നുണ്ട്. ഈ വിഷയത്തിൽ പൊതുജനത്തെ സഹായിക്കാനുതകുന്ന എന്തെങ്കിലും പുതിയ തീരുമാനം കൂടി ഉണ്ടായെങ്കിലെന്ന് ആരും ആഗ്രഹിച്ചുപോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA CM SECURITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.