രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കുക എന്നതാണ് പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്വം. നിയമം പാലിക്കാൻ ബാദ്ധ്യതയുള്ളവരുടെ നിയമലംഘനം ചില പൊലീസുകാരെങ്കിലും ഒരു അവകാശം പോലെയാണ് കൊണ്ടുനടക്കുന്നത്. പൊലീസിനെതിരെ പരാതി നൽകി പൊല്ലാപ്പിലാകാൻ ഒരുമാതിരിപ്പെട്ടവർ മടിക്കും എന്നത് മുതലെടുത്താണ് 'പഴയ പൊലീസ് മുറ" ചിലരെങ്കിലും പുറത്തെടുക്കുന്നത്. കാലം മാറുന്ന പ്രകാരം പൊലീസും മാറിയേ തീരൂ. കസ്റ്റഡി പീഡനവും കള്ളക്കേസ് എടുക്കലും മറ്റും പഴകി ദ്രവിച്ച പൊലീസ് ഉപകരണങ്ങളാണ്. ശാസ്‌ത്രീയമായി കേസ് തെളിയിക്കുന്നതിലാണ് പൊലീസ് ഉദ്യോഗസ്ഥർ വൈഭവം കാട്ടേണ്ടത്. എന്നാൽ അതിനുള്ള കഴിവില്ലാത്തവർ ദേഹോപദ്രവം ഏൽപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മാനസികമായി പീഡിപ്പിച്ചോ കേസുകൾ തെളിയിക്കാൻ ശ്രമിക്കാറുണ്ട് എന്നത് കാണാതിരുന്നുകൂടാ. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇങ്ങനെയാണെന്ന് പൊതുവായി പറയുന്നതും ശരിയല്ല. പക്ഷേ, പൊലീസിലെ മിടുക്കുള്ളവർക്ക് കൂടി പേരുദോഷം വരുത്തിവയ്‌ക്കുന്നതാണ് ഒരു ചെറിയ ന്യൂനപക്ഷം കാണിക്കുന്ന ക്രൂരതകൾ. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിരപരാധിയായ ദളിത് യുവതിയെ ഇരുട്ടി വെളുക്കുവോളം മാനസികമായി പീഡിപ്പിക്കുകയും തെളിവെന്തെങ്കിലും ലഭിക്കുന്നതിന് മുൻപ് തന്നെ കള്ളിയായി മുദ്രകുത്തുകയും ചെയ്‌ത സംഭവം. പൊലീസിന്റെ ഈ നടപടി ഗുരുതരമായ കുറ്റകൃത്യമാണ്. ഈ സംഭവം നടന്നിട്ട് 27 ദിവസമായി. ഇതുസംബന്ധിച്ച ആദ്യത്തെ വാർത്ത പ്രസിദ്ധീകരിച്ചത് കേരളകൗമുദിയാണ്. പിന്നാലെയുള്ള ദിവസങ്ങളിൽ മറ്റ് മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും മറ്റും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ ഈ സംഭവം പുറംലോകം അറിഞ്ഞിരുന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ മാല മോഷ്ടിച്ചവൾ എന്ന പേരുദോഷവുമായി ആ നിസ്സഹായയായ സ്ത്രീക്ക് കഴിയേണ്ടിവന്നേനേ. മാത്രമല്ല, പൊലീസിന് പറ്റിയ തെറ്റ് പുറത്തുവരാതിരിക്കാൻ ഇവരുടെ മേൽ മറ്റ് മോഷണക്കുറ്റങ്ങളും കെട്ടിയേൽപ്പിക്കാൻ മടിക്കുന്നവരൊന്നുമല്ല ഇതിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ എന്ന് കരുതുന്നതിൽ പിഴവൊന്നുമില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിൽ മാനസിക പീഡനത്തിനിരയായ സ്‌ത്രീ നേരിട്ട് പരാതി നൽകിയിട്ടും ആഭ്യന്തര വകുപ്പ് യാതൊരു നടപടിക്കും തുനിയാതിരുന്നത് അക്ഷന്തവ്യമായ തെറ്റാണ്.
ഈ കസ്റ്റഡി പീഡനം രാഷ്ട്രീയമായി തലവേദന സൃഷ്ടിക്കും എന്ന് കണ്ടതിനാലാണ് ഇത്രയും ദിവസത്തിനു ശേഷം സർക്കാർ നടപടിക്ക് തയ്യാറായത്. പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു. കാണാൻ കള്ളിയെപ്പോലെയുണ്ടെന്നും കള്ളി തന്നെയെന്നും ആക്രോശിച്ച സി.ഐയെയും മറ്റ് രണ്ട് പൊലീസുകാരെയും സ്ഥലംമാറ്റി പ്രശ്നം ഒതുക്കാനാണ് പൊലീസ് വകുപ്പ് ശ്രമിക്കുന്നത്. മോഷണം പോയെന്ന് പരാതി നൽകിയ വീട്ടുടമയും നിയമപരമായ നടപടിക്ക് വിധേയയാകണം. മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് വീട്ടുജോലിക്ക് നിന്ന ബിന്ദു എന്ന ആ പാവം സ്‌ത്രീയുടെ നിരപരാധിത്വം പൊതുസമൂഹത്തിന് ബോദ്ധ്യപ്പെട്ടത്. രാത്രിയിൽ അനാവശ്യമായി ഇവരെ കസ്റ്റഡിയിൽ വയ്ക്കുകയും രാത്രിയിൽ തന്നെ തെളിവെടുപ്പിന് കൊണ്ടുപോകുകയും മറ്റും ചെയ്തത് ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഇത്തരം പ്രവൃത്തികൾ ചെയ്തത് ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു ദളിത് സ്‌ത്രീയാണെന്ന ചിന്തയിലാണ്. ഇത്തരം ചിന്ത വച്ചുപുലർത്തുന്ന ഉദ്യോഗസ്ഥർ കാക്കിക്കുപ്പായമിടാൻ അർഹരല്ല. ഈ സംഭവത്തിന് ഉത്തരവാദികളായ എല്ലാ പൊലീസ് സേനാംഗങ്ങൾക്കുമെതിരെ മാതൃകാപരമായ ശിക്ഷ എടുത്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |