SignIn
Kerala Kaumudi Online
Friday, 26 April 2024 12.50 PM IST

പൂത്തോട്ട എന്ന മഹത്തായ മാതൃക

photo

എറണാകുളത്തെ പൂത്തോട്ട വല്ലഭക്ഷേത്രത്തിൽ ഇന്നാരംഭിക്കുന്ന പതിന്നാലു ദിവസത്തെ ഉത്സവം ഇക്കുറി ശ്രദ്ധേയമാകുന്നത് ഒരു പുണ്യപ്രവൃത്തിയുടെ പേരിലാവും. സ്വന്തമായി വീടില്ലാത്ത പത്ത് കുടുംബങ്ങൾക്ക് ക്ഷേത്രഭാരവാഹികൾ മുൻകൈയെടുത്ത് നിർമ്മിച്ചു നല്‌കുന്ന വീടുകളുടെ താക്കോൽദാനം ഇന്നാണ്. രണ്ടുവർഷം മുൻപേയെടുത്ത തീരുമാനമാണ്. അർഹരായ കുടുംബങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചത്. കൊവിഡ് മഹാമാരിയെത്തുടർന്ന് രണ്ടുവർഷം ഉത്സവപരിപാടികൾ നടന്നില്ല. ഉത്സവത്തിനായി സ്വരൂപിച്ച പണം മിച്ചം വന്നപ്പോഴാണ് അതൊരു നല്ലകാര്യത്തിനായി ചെലവഴിക്കാനുള്ള ആലോചനയുണ്ടായത്. വീടില്ലാത്തവർക്ക് വീടുവച്ചു കൊടുക്കുന്നതാണ് ഏറ്റവും ഉചിതമെന്നതിൽ ഭരണസമിതിയിൽ ഏകാഭിപ്രായമായിരുന്നു. അങ്ങനെയാണ് രണ്ടുഘട്ടമായി ഇരുപതു കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചുനല്‌കാനുള്ള തീരുമാനമെടുത്തത്. ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറുന്നതിനൊപ്പം ആദ്യഘട്ടത്തിൽ ഉൾപ്പെട്ട പത്തുവീടുകളുടെ താക്കോൽദാന കർമ്മവും നടക്കുകയാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് താക്കോൽദാനം നിർവഹിക്കുന്നത്. ഗുണഭോക്താക്കളിലൊരാളായ കൈരളിയുടെ വീടും അദ്ദേഹം സന്ദർശിക്കും. പൂത്തോട്ട വല്ലഭക്ഷേത്ര ഭാരവാഹികൾ സ്വമനസാലെ തുടങ്ങിവച്ച ഈ മഹദ് കർമ്മത്തിന്റെ വെളിച്ചം പൂത്തോട്ടയും കടന്ന് സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലേക്ക് പ്രസരിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.

അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നമായി സൂക്ഷിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങൾ ഇന്നുമുണ്ട്. ചെറിയ തോതിലാണെങ്കിലും സമൂഹത്തിലെ വിവിധ കൂട്ടായ്മകൾ മുൻകൈയെടുത്താൽ ഇവരിൽ കുറച്ചുപേർക്കെങ്കിലും കിടപ്പാടമുണ്ടാകും. കൊവിഡ് മഹാമാരി ഒഴിഞ്ഞതോടെ നാടൊട്ടുക്കും ഇപ്പോൾ ഉത്സവാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷം മുടങ്ങിയതിന്റെ ക്ഷീണം മുഴുവൻ തീർത്താകും ഇത്തവണത്തെ ആഘോഷങ്ങൾ. ഉത്സവാഘോഷങ്ങളും സമൂഹ ജീവിതത്തിന്റെ ഭാഗം തന്നെയാകയാൽ അത് പൂർണമായും വർജ്ജിക്കണമെന്ന് ആരും പറയില്ല. എന്നിരുന്നാലും അതിരുകവിഞ്ഞ ആർഭാടങ്ങൾ കുറയ്ക്കാനാകും.

ഉത്സവങ്ങൾ മാത്രമല്ല ദശലക്ഷങ്ങൾ ചെലവഴിച്ചു നടത്തുന്ന ആർഭാട വിവാഹങ്ങൾക്കൊരുങ്ങുന്നവരും ഒരു നിമിഷം ചിന്തിക്കേണ്ട കാര്യമാണിത്. ആരുടെയും പ്രേരണയില്ലാതെ ഇപ്പോഴും ചിലരൊക്കെ ഇതുപോലുള്ള സദ്‌കൃത്യത്തിനു മുതിരാറുണ്ട്. സന്താനങ്ങളുടെ വിവാഹത്തോടനുബന്ധിച്ച് നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹാവശ്യത്തിനായി സ്വർണവും വസ്‌ത്രങ്ങളും പണവുമൊക്കെ നല്‌കുന്ന ഉദാരമതികൾ നമ്മുടെ ചുറ്റിലുമുണ്ട്. ആവശ്യക്കാർ അനവധിയായതിനാൽ സഹായം വളരെക്കുറച്ചുപേരിലേ എത്തുന്നുള്ളൂ എന്നുമാത്രം.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനമാണ് വീട്. സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത പത്തുലക്ഷം പേർ ഇപ്പോഴും ഉണ്ടെന്നാണു സർക്കാർ കണക്ക്. വീടില്ലാത്ത ഒരു കുടുംബവും സംസ്ഥാനത്ത് ഉണ്ടാകരുതെന്ന ലക്ഷ്യത്തിലാണ് സർക്കാർ ലൈഫ് മിഷൻ പദ്ധതി കൊണ്ടുവന്നത്. എന്നാൽ വിചാരിച്ച വേഗത്തിൽ അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നില്ല. നടപ്പുവർഷം വീടുപദ്ധതിക്കായി നീക്കിവച്ച 717 കോടി രൂപയിൽ കേവലം 38 കോടിയേ ചെലവഴിച്ചിട്ടുള്ളൂ എന്ന കണക്കിലറിയാം പദ്ധതിയുടെ പുരോഗതി. സർക്കാർ പദ്ധതിക്കൊപ്പം സമൂഹവും സംഘടനകളുമൊക്കെ കൂട്ടായി ശ്രമിച്ചാലേ ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്‌കരിക്കാനാവൂ. വലിയ തോതിൽ വരുമാനമുള്ള നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. അതിൽ ചെറിയൊരു ഭാഗമെങ്കിലും പാവപ്പെട്ടവരുടെ ഭവനപദ്ധതിക്കായി നീക്കിവയ്ക്കാവുന്നതാണ്. പൂത്തോട്ടയിൽ ശ്രീവല്ലഭ ക്ഷേത്രം മുൻകൈയെടുത്ത് നടപ്പാക്കുന്ന ഭവനനിർമ്മാണ പദ്ധതി പൂർണതയിലെത്തിക്കാൻ ധാരാളം പേർ മുന്നോട്ടുവന്നത് ശ്രദ്ധേയമാണ്. വീടുകൾക്കാവശ്യമായ സിമന്റും കമ്പിയും മറ്റു സാമഗ്രികളുമൊക്കെ സംഭാവന നല്‌കാൻ പലരും രംഗത്തുവന്നു. ഇതുപോലുള്ള സംരംഭങ്ങളുമായി മുന്നോട്ടുവരാൻ ആളുണ്ടെങ്കിൽ സമൂഹം ഒപ്പം നില്‌ക്കുമെന്നതിന്റെ തെളിവാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOTHOTTA SREE NARAYANA VALLABHA TEMPLE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.