SignIn
Kerala Kaumudi Online
Friday, 26 April 2024 8.33 AM IST

ഗ്രൂപ്പില്ലാക്കാലത്തിന് കൈ കൊടുക്കുമോ?

congress

സംഘടനകൾക്കുളളിൽ സ്വാഭാവികമായും കുറച്ച് ഗ്രൂപ്പൊക്കെ ഉണ്ടാവുമെന്ന് എല്ലാവർക്കും അറിയാം. ഓരോ സംഘടനയിലും ഓരോ രീതിയിലാണ് ഗ്രൂപ്പിസവും വിഭാഗീയതയും ഉള്ളതെന്ന് മാത്രം. ഒരു നേതാവും ആ നേതാവിനൊപ്പം നിലകൊളളുന്നവരും. അധികാരവും സ്വാധീനവുമുളളവർക്കൊപ്പം എല്ലാകാലത്തും ഒരു കൂട്ടം പ്രവർത്തകരുണ്ടാവും. ആ ഗ്രൂപ്പിനെതിരെ മറ്റൊരു ഗ്രൂപ്പ് ശക്തിപ്പെടുമ്പോഴാണ് പോര് തുടങ്ങുക. അങ്ങനെ ശക്തിപ്പെട്ടില്ലെങ്കിൽ മുറുമുറുപ്പുകളിൽ ഒതുങ്ങുമെന്ന് മാത്രം. ചില സംഘടനകളിലെ ഗ്രൂപ്പ് പോര് നാടെങ്ങും പാട്ടാകും. കോൺഗ്രസിൽ ഗ്രൂപ്പിസം ഇല്ലാതാക്കി പുതിയ ശൈലിയിൽ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് പുതിയ നേതൃത്വം പറയുന്നത്. എല്ലാ ജില്ലകളിലും അങ്ങനെയാവുമെന്നും പറയുന്നു. ഗ്രൂപ്പുകൾക്കതീതമായി നേതാക്കളെയും പ്രവർത്തകരെയും കോർത്തിണക്കി ഒത്തിണക്കത്തോടെ ജില്ലയിലെ കോൺഗ്രസിനെ മാറ്റാനുള്ള നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുമെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും പറഞ്ഞു. പരാജയങ്ങൾ പഴങ്കഥയാക്കി വിജയപാതയിലേക്കെത്തിക്കാനുള്ള തന്ത്രങ്ങളും നിശ്ചയദാർഢ്യ വുമായിട്ടാണ് വരുന്നതെന്ന് അദ്ദേഹം സൂചന നൽകിക്കഴിഞ്ഞു. കോൺഗ്രസിനകത്ത് ഗ്രൂപ്പില്ലാത്ത ജില്ലയായി തൃശൂർ മാറുമെന്ന പ്രതീക്ഷയുണ്ടെന്നും അതിന്റെ തെളിവാണ് ഡി.സി.സി അദ്ധ്യക്ഷനെ പ്രഖ്യാപിച്ചതിലൂടെ വ്യക്തമായതെന്നും ജോസ് പറയുന്നു. ഡി.സി.സിയുടെ മറ്റ് ഭാരവാഹികളെ സംബന്ധിച്ച് കെ.പി.സി.സിയുടെ നിർദ്ദേശ പ്രകാരമായിരിക്കും മുന്നോട്ട് പോകുകയെന്നും വ്യക്തമാക്കുമ്പോൾ,ഗ്രൂപ്പില്ലാക്കാലത്തിന് തൃശൂരും കൈകൊടുക്കുമോ? എന്ന് ആരും സന്ദേഹിക്കേണ്ടെന്ന് അദ്ദേഹം പറയുന്നു. കെ.പി. വിശ്വനാഥൻ, തേറമ്പിൽ രാമകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ, പത്മജ വേണുഗോപാൽ, പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻ കുട്ടി, ടി.എൻ. പ്രതാപൻ എം.പി തുടങ്ങി ഒട്ടനവധി നേതാക്കളുള്ള ജില്ലയാണിത്. അവരുടെ എല്ലാം അഭിപ്രായങ്ങളും അതോടൊപ്പം പതിനായിരക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരവും മനസിലാക്കിയുള്ള പ്രവർത്തനങ്ങളുമായിട്ടായിരിക്കും മുന്നോട്ട് പോകുകയെന്ന് ഡി.സി.സി. പ്രസിഡൻ്റ് പറയുമ്പോഴും വെല്ലുവിളികൾ ഉണ്ടാകുമെന്ന് ഉറപ്പ്.

നേതാക്കൾ തുറന്നടിക്കുമ്പോൾ

ഡി.സി.സി അദ്ധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കത്തിൽ അതീവ ദുഃഖിതനാണെന്നും എത്ര ഉന്നതനായാലും പരസ്യ പ്രതികരണത്തിലേക്ക് പോകുന്നത് ശരിയല്ലെന്നുമാണ് മുൻ സ്‌പീക്കറും മുതിർന്ന നേതാവുമായ തേറമ്പിൽ രാമകൃഷ്‌ണൻ പറഞ്ഞത്. പാർട്ടിയേക്കാൾ വലുതല്ല ഗ്രൂപ്പ്. പ്രസ്ഥാനം തന്നെയാണ് വലുത്, വ്യക്തികളല്ല. ആശയത്തിനായല്ല പദവിക്കായാണ് ഇപ്പോഴത്തെ ഗ്രൂപ്പ് രാഷ്ട്രീയം. മാസങ്ങളായി ചർച്ച ചെയ്‌ത് ഹൈക്കമാൻഡ് അംഗീകരിച്ച പട്ടികയെ മാനിക്കുകയാണ് വേണ്ടത്. അഭിപ്രായം പറയേണ്ട വേദികളിലാണ് പറയേണ്ടത്.
ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നു. ഹൈക്കമാൻഡ് അംഗീകരിച്ച പട്ടിക സ്വീകരിക്കാൻ അച്ചടക്കമുള്ള പ്രവർത്തകർ തയ്യാറാവണം. ഈ വിവാദത്തിൻ്റെ ന്യായാന്യായം സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും കൂട്ടിച്ചേർത്താണ് അദ്ദേഹം പ്രതികരണം അവസാനിപ്പിച്ചത്.

ആൻ്റണി ഇടപെടുമോ?

കോൺഗ്രസ്സ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങളിൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗവും കോൺഗ്രസ്സ് ഹൈക്കമാന്റിന്റെ ഭാഗവുമായ സീനിയർ നേതാവ് എ.കെ. ആന്റണി ഇടപെടണമെന്നായിരുന്നു മുൻ മന്ത്രി അഡ്വ. കെ.പി. വിശ്വനാഥൻ ആവശ്യപ്പെട്ടത്. കേരളത്തിൽ നിലവിലുള്ള മുഴുവൻ നേതാക്കളുമായും സൗഹൃദം പുലർത്തുന്ന എ. കെ. ആന്റണിയുടെ ഇടപെടൽ കേരളത്തിലെ കോൺഗ്രസ്സിന്റെ ശോഭനമായ ഭാവിക്കും ജനാധിപത്യവിശ്വാസികളുടെ പ്രതീക്ഷയ്ക്കും അനിവാര്യമാണെന്നും കേരളത്തിലെ ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾ പാർട്ടിയെ തകർക്കുന്ന രീതിയിലേക്ക് വളർത്തരുതെന്ന് ആഗ്രഹിക്കുന്നതായും അഡ്വ. കെ. പി. വിശ്വനാഥൻ വ്യക്തമാക്കിക്കഴിഞ്ഞു.

സമരവഴികളിൽ ഒന്നായില്ലെങ്കിൽ

നേതാക്കൾ തമ്മിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും സർക്കാരിനെതിരേയുളള സമരങ്ങളിൽ ഒന്നിപ്പിക്കാനാവുമോ എന്നതാണ് കോൺഗ്രസ് പ്രവർത്തകരിൽ ഉയരുന്ന പ്രധാന ചോദ്യം. നിരവധി ജനകീയപ്രശ്‌നങ്ങൾ തൃശൂരിൽ തന്നെ നിലനിൽക്കുന്നുണ്ട്. അതെല്ലാം പൊതു സമൂഹത്തിന് മുന്നിൽ ഉയർത്തിക്കൊണ്ടുവന്ന് അതിന് പരിഹാരം കാണാൻ ആവശ്യമായ ഇടപെടൽ നടത്താനാവണം. പ്രധാന വിഷയം നഗര വികസനവുമായി ബന്ധപ്പെട്ട കോർപറേഷൻ മാസ്റ്റർ പ്ലാൻ തന്നെയാണ്. ഈ വിഷയത്തിൽ പാർട്ടിയെടുത്തിട്ടുള്ള നിലപാടുമായി മുന്നോട്ട് പോകണമെങ്കിൽ ഒന്നിച്ച് നിന്നേ തീരൂ. മാസ്റ്റർ പ്ലാനിൽ സി.പി.എം സമീപനം മാറ്റിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകേണ്ടതുണ്ട്. സാമ്പത്തിക മാസ്റ്റർപ്ലാൻ റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നായിരുന്നു കോൺഗ്രസിൻ്റെ നിലപാട്. മാസ്റ്റർ പ്ലാനിനെതിരെ സമരം നടത്തുന്ന സംയുക്ത സമര സമിതിയുമായി ചേർന്ന് തുടർ സമരം തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് കാര്യമായ പ്രതിഷേധങ്ങളുണ്ടായില്ല.

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ ഭരണസമിതി അംഗങ്ങൾ തന്നെ പ്രതികളായി. കൂടുതൽ തട്ടിപ്പുകൾ മറ്റ് സഹകരണബാങ്കുകളിലും നടക്കുന്നുണ്ട്. ഇതിൻ്റെയെല്ലാം വസ്തുതകൾ പുറത്തുകൊണ്ടുവരണമെങ്കിൽ കോൺഗ്രസ് ഒന്നിച്ച് സമരരംഗത്തുണ്ടാവേണ്ടതുണ്ട്. മലയോര മേഖലയിലെ പ്രശ്‌നങ്ങൾ, തോട്ടം മേഖലയിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന കാട്ടാന ശല്യം, തീരമേഖല നേരിടുന്ന വെല്ലുവിളികൾ, തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയ്ക്കായുള്ള പോരാട്ടം, കുതിരാൻ ടണൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. കെ.എസ്.യുവിനെയും യൂത്ത് കോൺഗ്രസിനെയും സമരസംഘടനയാക്കി മാറ്റിയും ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ ഇടപെടൽ ഉറപ്പ് വരുത്തിയും മഹിളാ കോൺഗ്രസിന്റെയും ദളിത് കോൺഗ്രസിന്റെയും പ്രവർത്തനം കൂടുതൽ സജീവമാക്കിയും നിലനിറുത്തിയാൽ ഗ്രൂപ്പുകൾക്ക് അതീതമായ പ്രവർത്തനം സാദ്ധ്യമാകുമെന്നാണ് പ്രവർത്തകർ കരുതുന്നത്. ലീഡർ കെ.കരുണാകരൻ കോൺഗ്രസിനെ വളർത്തിയെടുത്തത് ഈ മണ്ണിൽ നിന്നാണ്. ആ ഓർമ്മകൾ ഉണ്ടായിരിക്കണമെന്നാണ് പ്രവർത്തകർക്ക് നേതാക്കളോട് പറയാനുളളത്. അതാണ് അവർ നിരന്തരമായി ഓർമ്മിപ്പിക്കുന്നതും. അത് നേതൃത്വം കേട്ടറിഞ്ഞു പ്രവർത്തിച്ചാൽ ഗ്രൂപ്പില്ലാക്കാലം സഫലമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS POLITICS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.