കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഗൗരിഅമ്മയുടെ ഓർമ്മദിനം കടന്നുവരുന്നത് ഏറെ രാഷ്ട്രീയ പ്രസക്‌തമാണ്. ഗൗരിഅമ്മയുടെ കൂടി കരുത്തോടെ വളർന്ന് ശക്തിപ്രാപിച്ച ഇടതുപക്ഷ പ്രസ്ഥാനത്തെ ഈ ചരമദിനം ഓർമ്മപ്പെടുത്തുന്ന ചില രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുണ്ട്. ഗൗരിഅമ്മയുടെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകളെ നിഷ്‌കരുണം അവഗണിച്ച രാഷ്ട്രീയ നേതൃത്വത്തിനുള്ള ഒരു താക്കീത് കൂടിയാണ് ഈ ഓർമ്മദിനം.
ഗൗരിഅമ്മ ഭൗതികമായി നമ്മെ വിട്ടുപോയിട്ട് നാലുവർഷമാകുന്നു. 1952-ൽ തുങ്ങി ദീർഘമായ 16,345 നിയമസഭാ ദിനങ്ങളും, അതിൽ നല്ലൊരു കാലയളവ് മന്ത്രിയുമായിരുന്ന ഗൗരിഅമ്മയുടെ ജീവിതം ലളിതമായിരുന്നു. ആർഭാടങ്ങളോട് എല്ലാക്കാലത്തും മുഖം തിരിച്ചു. അഴിമതിയോട് എക്കാലത്തും സന്ധിയില്ലാതെ പോരാടി. ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ മുറുകെപ്പിടിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ യഥാർത്ഥ കമ്മ്യൂണിസ്റ്റായിരുന്നു ഗൗരിഅമ്മ. പാർട്ടിക്ക് അകത്തും പുറത്തും തന്റെ നിലപാട് പാർശ്വവൽക്കരിക്കപ്പെട്ടവരോടൊപ്പമാണെന്ന് സ്വജീവിതംകൊണ്ട് അവർ തെളിയിച്ചു. ഭൂപരിഷ്‌കരണ നിയമം മുതൽ കേരളത്തിന്റെ സാമൂഹ്യഘടനയെ മാറ്റിമറിച്ച ഒട്ടനവധി നിയമനിർമ്മാണങ്ങൾക്ക് നേതൃത്വം നല്കുവാൻ ഗൗരിഅമ്മയ്ക്ക് കഴിഞ്ഞു.
ആലപ്പുഴ പട്ടണക്കാട്ടെ പുരാതനവും സമ്പന്നവുമായ ഈഴവ കുടുംബത്തിൽ 1919 ജൂലായ് 14-നാണ് ഗൗരിഅമ്മ ജനിച്ചത്. അന്ന് അവിടത്തെ ഈഴവ തറവാടുകളിൽ പിറന്നുവീഴുന്ന പെൺകുട്ടികളുടെ ദുരവസ്ഥ ഗൗരിഅമ്മയ്ക്കുണ്ടായില്ല. തറവാടിന്റെ സമ്പത്തും പ്രതാപവും മൂലം അവർക്ക് ഉയർന്ന വിദ്യാഭ്യാസം ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിലും സെന്റ് തേരേസാസിലുമായി മികച്ച നിലയിൽ ബിരുദം പൂർത്തിയാക്കി. പുന്നപ്ര വയലാർ ഇതിനകം തന്നെ ചുവന്നു തുടങ്ങിയിരുന്നു. അതിന്റെ സ്വാധീനം ഗൗരിഅമ്മയിലും ചില മാറ്റങ്ങളുണ്ടാക്കി.
ക്വിറ്റ് ഇന്ത്യാ സമരനാളുകളിൽ തിരുവനന്തപുരം ലാ കോളേജിൽ നിയമവിദ്യാർത്ഥിനിയായിരുന്നു ഗൗരിഅമ്മ. നിയമ പഠനത്തിനുശേഷം ചേർത്തല കോടതികളിൽ അഭിഭാഷകയായ ഗൗരിഅമ്മ ജന്മിത്വ- നാടുവാഴി വ്യവസ്ഥകൾക്ക് എതിരായ പോരാട്ടങ്ങളിലൂടെയും, പൊതുപ്രവർത്തക എന്ന നിലയിലും ചുരുങ്ങിയ കാലംകൊണ്ട് നാട്ടിൽ ശ്രദ്ധിക്കപ്പെട്ടു. ആ കനൽ വഴികളിൽ സമര കേരളത്തിന്റെ വീരനായികപട്ടം കളത്തിൽ പറമ്പിൽ രാമൻ ഗൗരിഅമ്മയ്ക്ക് കേരള ചരിത്രം നിറഞ്ഞ മനസോടെ ചാർത്തികൊടുത്തു.
1952-ലും 1954-ലും തിരു - കൊച്ചി നിയമസഭയിലേക്ക് വൻഭൂരിപക്ഷത്തോടെ വിജയം. 12 അസംബ്ളി തിരഞ്ഞെടുപ്പിൽ ഈ വിജയം ആവർത്തിക്കപ്പെട്ടു. പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഉൾപ്പെടെ അഞ്ചു തവണ മന്ത്രി. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ജനസേവനത്തിന്റെയും ബഹുമുഖ വേദികളിൽ ഗൗരിഅമ്മ നിറസാന്നിദ്ധ്യമായി നിന്നു. സംഭവബഹുലമായ ഈ രാഷ്ട്രീയ വഴിയിൽ കേരള രാഷ്ട്രീയം സ്തംഭിച്ചുനിന്ന ഒരു ദിനമുണ്ട്. 1994 മാർച്ച് മാസം ഒന്നാം തീയതി സ്വന്തം പാർട്ടിയിൽ നിന്ന് ഗൗരിഅമ്മ നടപടികൾക്കു വിധേയയായി പുറത്താക്കപ്പെട്ടു. 1947-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നൽകിയ അംഗത്വം അഞ്ചുപതിറ്റാണ്ടുകൾക്കു ശേഷം പാർട്ടി തന്നെ തിരിച്ചെടുക്കുമ്പോൾ ഗൗരിഅമ്മയ്ക്ക് പ്രായം 76.
പാർട്ടിയുടെ തീരുമാനം ആ സമരനായികയെ തളർത്തിയില്ല. പാർട്ടിയിൽ നിന്ന് പുറത്തായ ഗൗരിഅമ്മയ്ക്ക് രാഷ്ട്രീയ കേരളം നൽകിയ വരവേല്പിന് കേരള ചരിത്രത്തിൽ സമാനതകളില്ല. രാഷ്ട്രീയം വിട്ടൊഴിയാൻ ഗൗരിഅമ്മയ്ക്കും, ഗൗരിഅമ്മയെ കൈവിടാൻ കേരള രാഷ്ട്രീയത്തിനും കഴിഞ്ഞില്ല. അണികളുടെയും ആരാധകരുടെയും ആ കൂട്ടായ്‌മയാണ് 1994-ൽ ജനാധിപത്യ സംരക്ഷണ സമിതിക്ക് രൂപം നൽകിയത്. അടിസ്ഥാനവർഗത്തിന്റെ മോചനത്തിന് ഗൗരിഅമ്മ സ്ഥാപിച്ച ജെ.എസ്.എസ് ഇന്നും ആ പാതയിലും സ്‌മരണയിലും സജീവമാണ്. പ്രത്യയശാസ്‌ത്രങ്ങൾക്കൊപ്പം ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും ഗൗരിഅമ്മയുടെ പോരാട്ടങ്ങൾക്ക് പ്രചോദനം നൽകി.
ഗൗരിഅമ്മയുടെ പ്രസ്ഥാനം പല പ്രതിസന്ധികളെയും നേരിട്ടാണ് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നേറുന്നത്. ജെ.എസ്.എസ് തുടക്കം മുതൽ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്നു. ഇടക്കാലത്തെ ചെറിയ വ്യതിയാനങ്ങൾ ഒഴിച്ചാൽ ജെ.എസ്.എസ് എന്നും യു.ഡി.എഫിന്റെ ഭാഗമാണ്. കേരളം പുതിയ വിധിയെഴുത്തിന് തയ്യാറാകുമ്പോൾ രാഷ്ട്രീയ മാറ്റത്തിന്റെ മാറ്റൊലിയാകാൻ ഗൗരിഅമ്മയുടെ സ്‌മരണയും ജെ.എസ്.എസിന് ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |