ലോകത്തിലെ ഏറ്റവും പ്രശസ്‌തനായ ഏവിയേഷൻ കണ്ടന്റ് ക്രിയേറ്റർമാരിൽ ഒരാളാണ് സാം ചുയി. ഇദ്ദേഹം പങ്കുവയ്‌ക്കുന്ന വിമാനവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സാം ചുയിയുടെ വെറൈറ്റി വിവാഹ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ബോയിംഗ് 747-400 ചാർട്ടേഡ് വിമാനത്തിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ഈ 'സ്കൈ വെഡ്ഡിംഗ്' ചിത്രങ്ങൾ ലക്ഷക്കണക്കിനുപേരാണ് ഏറ്റെടുത്തത്.
സാം ചുയിയുടെ വധു ഫിയോണ വിമാനത്തിലെ ജീവനക്കാരിയാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിമാനത്തിനുള്ളിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തത്. ജൂലായ് 12ന് യുഎഇയിലെ ഫുജൈറ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് വിവാഹം നടത്തിയ വിമാനം പറന്നുയർന്നത്. അതിഥികളുമായി പറന്ന വിമാനം യുഎഇ സമയം വൈകിട്ട് 6.30ന് ഒമാൻ ഉൾക്കടലിന് മുകളിലെത്തി. ഏകദേശം 95 മിനിട്ടോളം പറന്ന് വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം രാത്രി 8.04നാണ് ഫുജൈറയിൽ തിരിച്ചിറക്കിയത്.
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം' എന്നാണ് സാം ചുയി വിശേഷിപ്പിച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്‌ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. വിമാനത്തിനുള്ളിലും പുറത്തും നിന്നുള്ള ദമ്പതികളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ബോയിംഗ് 747-400 വിമാനം വിവാഹപ്പന്തലുപോലെ തന്നെ അലങ്കരിച്ച് മനോഹരമാക്കിയിരുന്നു. ഇതിലെ 100 സീറ്റുകൾ നീക്കം ചെയ്‌താണ് വിവാഹവേദി ഒരുക്കിയത്. നൃത്തം, കേക്ക് മുറിക്കൽ, വിവാഹം തുടങ്ങിയ ചടങ്ങുകളെല്ലാം ഇതേ വേദിയിൽ തന്നെയായിരുന്നു നടന്നത്.
ബോയിംഗ് 747 എന്ന ഈ വിമാനത്തിൽ വച്ചാണ് വിമാനത്തിലെ ജീവനക്കാരായ സാം ചുയിയും വധുവും കണ്ടുമുട്ടിയതും പ്രണയത്തിലായതും. അതിനാലാണ് വിവാഹത്തിനായി ഈ വിമാനം തന്നെ തിരഞ്ഞെടുത്തതെന്നും ഇരുവരും പറഞ്ഞു. വിവാഹ ആഘോഷത്തിൽ പങ്കെടുത്ത പലർക്കും വിമാനത്തിലെ ക്രൂവിന്റെ വിശ്രമ സ്ഥലങ്ങൾ, ഗാലി തുടങ്ങിയ ഭാഗങ്ങൾ കാണാനുള്ള ഭാഗ്യമുണ്ടായെന്നും സാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |