ശ്രീനാരായണ ഗുരുദേവന്റെ ഏകീകൃതവും സമഗ്രവുമായ തത്ത്വചിന്തകളും ദർശനവും എല്ലാ കാലഘട്ടത്തിലും പ്രസക്തമാണ്. മതങ്ങളുടെ ഏകതയും സൗഹാർദ്ദവും സമത്വവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകസമാധാനത്തിനായി ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ ശിവഗിരിമഠം ലോക മതപാർലമെന്റ് സംഘടിപ്പിച്ചത്. ഇതിന്റെ തുടർച്ചയാണ് ലണ്ടനിൽ നടന്ന ശ്രീനാരായണഗുരു ഹാർമണി. ശ്രീനാരായണ ഗുരുദേവന്റെ സർവലൗകികമായ തത്വദർശനവും ഗുരുവിന്റെ മഹത്തായ സംഭാവനകളും ലോകം അറിയുവാൻ സമ്മേളനം സഹായകമായി.
ഗുരുവിന്റെ തത്ത്വചിന്തയുടെ ആഗോള സ്വാധീനം, തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങൾ, മതവൈവിദ്ധ്യത്തെയും സാർവത്രികതയെയും കുറിച്ചുള്ള ഗുരുവീക്ഷണം, ഗുരുവിന്റെ സാമ്പത്തിക ദർശനം, ഗുരുവിന്റെ ദർശനത്തിൽ സുസ്ഥിരമായ അഭിവൃദ്ധി എന്നീ വിഷയങ്ങൾ ഒക്കെത്തന്നെ ലണ്ടനിൽ നടന്ന ആഗോള ഉച്ചകോടിയിൽ ശ്രദ്ധിക്കപ്പെട്ടു. ഗുരുവിന്റെ മഹത്വം , ദർശനം, സവിശേഷത എന്നിവയെല്ലാം തന്നെ ഹാർമണിയിൽ നിറഞ്ഞുനിന്നു. ഗുരുദേവ ദർശനത്തിന് പകരംവയ്ക്കാൻ മറ്റൊരു ദർശനവും ഇന്നോളം ലഭ്യമായിട്ടില്ല എന്നതുതന്നെയാണ് ഇന്നും മഹത്തായ ഈ ദർശനം വിശ്വമാകെ സ്വീകാര്യമാകുന്നത്.
യേശുവിന് സമാനമായൊരു ചരിത്രപശ്ചാത്തലമാണ് ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും അടയാളപ്പെടുത്തുന്നത്. ധർമ്മത്തെ വിട്ടൊരു തലം ഗുരുവിന്റെ വാക്കിലോ വിചാരത്തിലോ പ്രവൃത്തിയിലോ ഉണ്ടായിരുന്നില്ല. മറ്റെല്ലാ തപസ്വികളും ആത്മനിർവൃതിയോടെ വ്യക്തിയിൽ നിന്ന് സ്വത്വത്തിലേക്ക് ഒതുങ്ങിയപ്പോൾ ഗുരു സ്വത്വത്തിൽ നിന്ന് ലോകസേവയിലേക്ക് ഉയർന്നു. ഇതാണ് ഭഗവാൻ ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നത് . ലോകം ഏക മനസോടെ, സഹോദര്യത്തോടെ നിലകൊള്ളണമെന്ന ഗുരുവചനമാണ് നമ്മെ നയിക്കുന്നത്. ഗുരുവിന്റെ നിത്യദീപ്തവും അമൂല്യവുമായ സന്ദേശങ്ങൾക്ക് ലോകപ്രസക്തി വർദ്ധിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ശ്രീനാരായണഗുരു ഹാർമണി ലോകത്തിനു മുന്നിൽ വച്ചത് മഹത്തായ ഗുരുദർശനം തന്നെയാണ്.
ഏകലോക വ്യവസ്ഥിതിയാണ് ഗുരുദേവ ദർശനത്തിന്റെ അടിസ്ഥാനതത്വം. സർവരാജ്യത്തും ഗുരുദർശനം എത്തിച്ച് ലോകജനത ഒന്നെന്നുള്ള ബോധം അംഗീകരിക്കപ്പെടണം. ഇതിനുള്ള ശ്രമങ്ങളാണ് ഒരു മനസായി വോൾവർഹാംപ്ടൺ ശിവഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹാർമണി. ലോകശ്രദ്ധയാകർഷിക്കും വിധം ശ്രീനാരായണഗുരു ഹാർമണി വിജയമാക്കുന്നതിനു പിന്നിൽ ഒപ്പം പ്രവർത്തിച്ചവർക്കും ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു.
ശ്രീനാരായണഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ നൂറു വർഷം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ഗുരുദേവ- ഗാന്ധിജി സമാഗമ ശതാബ്‌ദിയുടെയും ഭാഗമായിരുന്നു ശ്രീനാരായണഗുരു ഹാർമണിയും ലോക മതപാർലമെന്റും. ലോകത്തെവിടെയുമുള്ള മലയാളികളുടെ കൂട്ടായ്മ ഇത്തരത്തിൽ സംഘടിപ്പിക്കുന്നതിലൂടെ ഗുരുദേവന്റെ ആത്മചൈതന്യം ലോകജനതയ്ക്ക് പ്രാപ്യമാകും . മാനവരൊക്കെയും ഒരു ജാതി എന്ന ഗുരുദർശനം ഉയർത്തി അവർക്ക് ഒരൊറ്റ ലോകം, ഒരൊറ്റ നീതി എന്നതാണ് ഗുരുദേവൻ വിഭാവനം ചെയ്തത്.
ഇതനുസരിച്ചുള്ള ജീവിതക്രമം പാകപ്പെടുത്തുകയാണ് ലോകരാജ്യങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ സാദ്ധ്യമാകുന്നത് . ലോകമെമ്പാടുമുള്ള മലയാളികളുടെ സേവനം ലഭ്യമാക്കിക്കൊണ്ട് സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസ പ്രവർത്തന മേഖലകൾ, ആത്മീയ സംവൃദ്ധി, സൗഹാർദ്ദ സഹവാസം എന്നിവയ്ക്ക് മുൻഗണന നല്കി ഗുരുദേവന്റെ മഹത് വചനങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കാനുള്ള ദൗത്യം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |