SignIn
Kerala Kaumudi Online
Thursday, 25 April 2024 10.41 PM IST

നാട്ടാനകളുടെ വഴിത്താര തെളിയുന്നു

aana-

നാട്ടാനകൾ കുറയുന്നതും കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതും ഏതാനും വർഷങ്ങളായി വലിയ ചർച്ചയാണ്. ഉത്സവങ്ങളും ആഘോഷങ്ങളും ആനകളില്ലാത്തതിനാൽ ആചാരപൂർവം നടത്താൻ കഴിയുന്നില്ലെന്നതാണ് നാട്ടാന കുറഞ്ഞതോടെയുണ്ടായ പ്രതിസന്ധി. ആനകളുടെ ഏക്കത്തുക (എഴുന്നെള്ളിപ്പ് നിരക്ക് )​ കൂടി. ആനകൾക്ക് ജോലിഭാരവും ഇരട്ടിച്ചു. ആനകളില്ലാതെ മലയാളിക്ക് പൂരങ്ങളില്ല. തൃശൂർ പൂരവും ആറാട്ടുപുഴ പൂരവുമെല്ലാം ആനകളുടെ കുറവ് കാരണം പ്രതിസന്ധിയിലായി.

കഴിഞ്ഞദിവസം ആനകളെ കൈമാറ്റം ചെയ്യുന്നതിനുളള നിയമത്തിൽ ഭേദഗതി വന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് നൂറോളം നാട്ടാനകളെ കൊണ്ടുവരാൻ കേരളത്തിലെ ദേവസ്വങ്ങളും ആന ഉടമകളും ശ്രമം തുടങ്ങിയിരിക്കുകയാണ്. വന്യജീവിസംരക്ഷണ നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നതാണ് ഇതിന് വഴിയൊരുക്കിയത്. ആനകളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കാനുള്ള തടസം മാത്രമാണ് ഇനിയുള്ളത്. സംസ്ഥാനസർക്കാരും ആന ഉടമസംഘടനകളും ദേവസ്വം പ്രതിനിധികളും ഇതിനായി ഒന്നിച്ച് ശ്രമിക്കുന്നതോടെ ഇത് സാദ്ധ്യമാവുകയും ആനകളെ കൊണ്ടുവരാൻ കഴിയുമെന്നുമാണ് അവരുടെ പ്രതീക്ഷ. തൃശൂരിലെ ദേവസ്വം പ്രതിനിധികളും ആന ഉടമ സംഘങ്ങളും ഇതിനായി ഉടൻ കേന്ദ്രമന്ത്രിയെ കാണും.

ബംഗാൾ, ആസാം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ വനംവകുപ്പിന്റെയും സ്വകാര്യ വ്യക്തികളുടേയും ഉടമസ്ഥതയിലാണ് ആനകളുള്ളത്. കൂടുതൽ എഴുന്നെള്ളിപ്പുകളും ആഘോഷങ്ങളും മതപരമായ ചടങ്ങുകളും ഉള്ളതിനാൽ കേരളത്തിൽ കൂടുതൽ ആനകളെ വേണം. എണ്ണം കൂടുന്നതോടെ ആനകളുടെ ജോലിഭാരത്തിന് അയവുവരും. പൂരങ്ങൾക്ക് ആനകൾ കുറയുന്നതിൽ ആനപ്രേമികൾക്കും ദേവസ്വങ്ങൾക്കും ആശങ്കയുണ്ടായിരുന്നു. 70 ആനകൾ വരെ അണിനിരക്കുന്ന ഉത്സവങ്ങളുണ്ട് തൃശൂരിൽ. തൃശൂർ പൂരത്തിനുൾപ്പെടെ ഘടകപൂരങ്ങളിൽ ഒരേ ആനയെ വീണ്ടും ഉപയോഗിച്ചാണ് കുറവ് പരിഹരിച്ചത്.

ഉത്സവങ്ങൾക്ക് സമയത്തിന് എത്താനായി ലോറികളിലാണ് ആനകളെ കൊണ്ടുപോകുന്നത്. ലോറിയിൽ കൊണ്ടുപോകുന്നത് ആനകളുടെ ആരോഗ്യത്തിന് ക്രമേണ തകരാറുണ്ടാക്കും. നടത്തമില്ലാത്തത് അടക്കം ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ആനകൾക്കു നേരെയുളള പീഡനങ്ങൾക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ നാട്ടാനകൾ ഇല്ലാതാകും. വേണ്ടത്ര ഭക്ഷണവും വെള്ളവും കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ പീഡനം. ഭൂരിഭാഗം സ്ഥലങ്ങളിലും ആന ഇടയുന്നത് ഇക്കാരണംകൊണ്ട് മാത്രമാണ്. ഡോക്ടർമാർക്ക് അത് കൃത്യമായി മനസിലാകും. തൃശൂർ പൂരമടക്കമുളള വലിയ ഉത്സവങ്ങൾക്ക് സമൃദ്ധമായി പഴങ്ങളും വെള്ളവും പനംപട്ടയുമെല്ലാം നൽകുന്നതുകൊണ്ട് തന്നെയാണ് ആനകൾ പ്രശ്നവുമുണ്ടാകാത്തതെന്നാണ് ആന ചികിത്സാ വിദഗ്ധർ പറയുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ആനകളെ അക്രമകാരികളാക്കുന്നതിൽ പ്രധാന വില്ലൻ. രാത്രിയിൽ തണുപ്പും പകൽ ഉയർന്ന ചൂടുമാണ്. പകൽ ചൂട് കൂടുന്നു. മതിയായ ഉറക്കവും വിശ്രമവുമില്ലാതെ ആനകളെ ആഘോഷങ്ങൾക്ക് ഉപയോഗിച്ചാൽ അവ പ്രശ്‌നമുണ്ടാക്കാനുള്ള സാദ്ധ്യതയും കൂടുന്നു.

നാട്ടാനകളുടെ പരിപാലനം വളരെ പ്രധാനമാണ്. ശ്രീലങ്കയിൽ ധാരാളം ആനകളുണ്ട്. അവിടെ ആനകളെ വിസ്തൃതമായ ഫാമുകളിലേക്ക് അഴിച്ചുവിടും. നമ്മൾ പശുക്കളേയും മറ്റും വളർത്തുന്നതുപോലെതന്നെ. അവിടെ ആനകളെ ആരും ഉപദ്രവിക്കുന്നതായി കേട്ടിട്ടില്ല. എന്നാൽ ഇവിടെ പാപ്പാൻമാരും ആനപ്രേമികളും കൂടുതൽ ജാഗരൂകരാകണം. നടത്തിക്കൊണ്ടു പോകുന്ന ചെറിയ വഴികളിൽ ആളുകൾ തടിച്ചുകൂടി നിന്ന് ബഹളംവയ്ക്കുന്നതു പോലും ചില ആനകളെ ഭയപ്പടുത്തും. ജനങ്ങൾ തൊടുന്നതും പിടിക്കുന്നതുമെല്ലാം ആനകളെ അസ്വസ്ഥരാക്കും.

നാടോ കാടോ?

നാടോ കാടോ ആനകൾക്ക് ഇഷ്ടം? തീർച്ചയായും കാട് തന്നെയാണെന്ന് പറയുന്നവരാണ് ഭൂരിഭാഗവും. പക്ഷേ, ഇന്ന് കാടിന്റെ അവസ്ഥ അത്ര നല്ലതല്ലെന്ന വസ്തുതകൂടി തിരിച്ചറിയണം. കൈയേറ്റം, വരൾച്ച, പരിസ്ഥിതി സന്തുലനം നഷ്ടമാകൽ എന്നിവയൊക്കെ കാടുകളുടെ സ്വാഭാവികത നശിച്ചു. ഭക്ഷണം തേടി കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലെത്താൻ തുടങ്ങി. കാടുകൾക്ക് ഉൾകൊള്ളാൻ പറ്റാത്ത തരത്തിൽ ആനകൾ പെരുകിയതാണ്​ ഈയടുത്ത കാലത്ത് വർദ്ധിച്ച കാട്ടാന ആക്രമണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

500 - 600 ആനകളെ മാത്രം ഉൾകൊള്ളാൻ കഴിയുന്ന കേരളത്തിലെ വനങ്ങളിൽ 6000 ത്തോളം ആനകൾ പെരുകിയതായി ചില സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തകാലത്തായി മനുഷ്യരെ കൂടുതൽ ആക്രമിച്ചത് കാട്ടാനയാണോ നാട്ടാനയാണോ എന്ന് ചിന്തിക്കണമെന്നും അവർ പറയുന്നു. സോളാർ വേലി, കിടങ്ങുകൾ, ജൈവവേലി തുടങ്ങിയവ കൊണ്ടൊന്നും കാട്ടാനയെ പ്രതിരോധിക്കാനായില്ല. അതുകൊണ്ടുതന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ പിടികൂടി മെരുക്കി നാട്ടാനയാക്കുകയാണ് പോംവഴിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ആനയെ അകലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി നാട്ടിലെത്തിക്കണമെങ്കിൽ ഒരു കോടി രൂപയോളം ചെലവ് വരുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

വടക്കുകിഴക്കൻ

ആനകൾ

ആസാം, അരുണാചൽപ്രദേശ്, ബീഹാർ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ആനകളെ കൊണ്ടുവന്നിരുന്നത്. ഇനിയും ഇതേ സംസ്ഥാനങ്ങളിൽ നിന്നാകും ആനകളെ കൊണ്ടുവരിക. ലോറികളിലാണ് കേരളത്തിലെത്തിക്കുക. വ്യവസ്ഥകൾ അനുസരിച്ച്, ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നേടുകയും ഇരുസംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരിൽ നിന്ന് സമ്മതം വാങ്ങുകയും വേണം. നിലവിൽ കേരളത്തിലെ നാട്ടാനകൾ 430 ആണ്. എന്നാൽ ഇതിൽ എഴുന്നള്ളിക്കാൻ ലഭിക്കുന്നത് 100- 150 എണ്ണം മാത്രവും. പ്രതിവർഷം സംസ്ഥാനത്തെ എഴുന്നള്ളിപ്പുകൾ 25,000 ലേറെയുണ്ടെന്നാണ് കണക്ക്. ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ ഇരുന്നൂറോളം ആനകൾ ചരിഞ്ഞതായാണ് അനൗദ്യോഗിക വിവരം. വന്യജീവിസംരക്ഷണനിയമത്തിലെ ഭേദഗതി ആശ്വാസകരമാണെന്നും ഈ പശ്ചാത്തലത്തിൽ കാട്ടാനകളെ മെരുക്കി നാട്ടാനകളാക്കുന്നത് ഗുണകരമാണെന്നും അനിമൽ വെൽഫെയർബോർഡ് അംഗവും പ്രശസ്ത ആനചികിത്സാ വിദഗ്ദ്ധനുമായ ഡോ.പി.ബി. ഗിരിദാസ് പറയുന്നു.

മദപ്പാടും രോഗങ്ങളും കാരണം കേരളത്തിലെ നാട്ടാനകളിൽ പകുതിയോളം പോലും എഴുന്നള്ളിപ്പുകൾക്ക് ഉണ്ടാകാറില്ല. കൊവിഡ് കാലത്ത് മതിയായ വ്യായാമമില്ലാത്തതും രോഗങ്ങൾക്ക് കാരണമായി. ആനകളെ അണിനിരത്തുന്നതിന് ചെറിയ ക്ഷേത്രങ്ങൾ പോലും വൻതുക ഏക്കം നൽകാനും നിർബന്ധിതരായിരുന്നു.

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും എഴുന്നള്ളിപ്പുകൾക്കായി കയറ്റിവിടുന്ന ആനകൾക്ക് ശരിയായ വിശ്രമവും ഭക്ഷണവും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. പേരും പെരുമയുമുള്ള ആനകൾക്ക് ആവശ്യക്കാരേറെയാണ്. മൂന്നുലക്ഷം രൂപ വരെയാണ് ഒറ്റഎഴുന്നള്ളിപ്പിന് ചില ആനകൾക്ക് ഏക്കമുണ്ടായിരുന്നത്. ഉത്സവ നടത്തിപ്പിന് ആനകളെ കിട്ടാനില്ലാത്തതിനാൽ പറയുന്ന പണം നൽകേണ്ടിവന്നു. നാട്ടാനകളുടെ എണ്ണം കൂടുന്നതോടെ ഇത്തരം വിലപേശലുകൾ കുറഞ്ഞേക്കും. അതേസമയം ആനകളുടെ അന്തർസംസ്ഥാന കൈമാറ്റം അനുവദിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പരിസ്ഥിതിപ്രവർത്തകരും മറ്റും വിമർശനം ഉന്നയിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANTS IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.