SignIn
Kerala Kaumudi Online
Saturday, 20 April 2024 11.51 AM IST

തോമസ് കെ.തോമസും പ്രതിപക്ഷ മനസും

photo

അഞ്ചപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിച്ച യേശുക്രിസ്തുവിന്റെ സിദ്ധിയൊന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലെന്ന സത്യം സഭയിൽ തുറന്നുപറയാൻ കുട്ടനാട്ടിലെ സത്യക്രിസ്ത്യാനിയായ തോമസ് കെ.തോമസ് വേണ്ടിവന്നു. സർക്കാരിൽനിന്ന് പണം വേണം, എന്നാൽ സർക്കാരിന്റെ വരുമാനമാർഗം അടയ്ക്കുകയും വേണം എന്ന പ്രതിപക്ഷത്തിന്റെ മനോനില സ്വർഗത്തിലെ ദൈവത്തിൽ വിശ്വസിക്കുന്ന അദ്ദേഹത്തിന് ഉൾക്കൊള്ളാനാവുന്നില്ല. പണം വേണോ, അതിന് വരുമാനം ഉണ്ടാവണം. അതുകൊണ്ട് പെട്രോളിയം സെസും നികുതി പരിഷ്കാരവുമൊക്കെ വകവച്ച് കൊടുക്കണമെന്നാണ് തോമസ് കെ.തോമസിന്റെ യുക്തി. " കുട്ടനാട്ടിന് വല്ലതും തരുന്ന സർക്കാരാണ്, ദൈവത്തെയോർത്ത് ഉപദ്രവിക്കരുത് "- തോമസ് കെ.തോമസ് പ്രതിപക്ഷത്തെനോക്കി കഞ്ഞിയിൽ പാറ്റയിടരുതേ എന്നമട്ടിൽ അപേക്ഷിച്ചപ്പോൾ പ്രതിപക്ഷത്തിരിക്കുന്നവർക്കും ദീനാനുകമ്പ തോന്നിക്കാണും.

ബഡ്‌ജറ്റിലെ നികുതിഭാരം ഒഴിവാക്കണമെന്ന ആവശ്യവുമായി സഭാകവാടത്തിൽ പ്രതിപക്ഷത്തെ നാല് അംഗങ്ങളുടെ സത്യഗ്രഹത്തിന്റെയും ബഡ്‌ജറ്റിന്മേലുള്ള പൊതുചർച്ചയുടേയും രണ്ടാം ദിവസമായിരുന്നു ഇന്നലെ. സത്യഗ്രഹികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രതിപക്ഷവും അവർക്ക് സദ്ബുദ്ധി ഉപദേശിച്ച് ഭരണപക്ഷവും സായൂജ്യമടഞ്ഞതല്ലാതെ സമരതീക്ഷ്ണതയുടെ തീയും പുകയുമൊന്നും ഉണ്ടായില്ല.

വികസന, ക്ഷേമപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ പെട്രോളിയം സെസെന്ന നല്ല ബോധം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്ന് ഡി.കെ. മുരളിക്കറിയാം. അതുകൊണ്ട് സമരാഭാസം കൊണ്ടൊന്നും കേരളീയ പൊതുബോധം പ്രതിപക്ഷത്തിന് അനുകൂലമാകില്ലെന്ന വിശ്വാസമാണ് അദ്ദേഹത്തിന്. ഇരന്ന് തിന്നുന്നവനെ തുരന്ന് തിന്നുന്ന ബഡ്‌ജറ്റായാണ് മാണി സി.കാപ്പന് തോന്നിയത്. സമരം ചെയ്യേണ്ടത് നിയമസഭയിലല്ല, പാർലമെന്റിന് മുന്നിലാണെന്ന് പി.എസ്. സുപാൽ പ്രതിപക്ഷത്തെ ഉപദേശിച്ചു. പേടിയുണ്ടെങ്കിൽ അദ്ദേഹം കൂടെവരും. ഇന്ധന സെസിനെ ന്യായീകരിക്കുന്ന ഭരണപക്ഷക്കാരുടെ തൊലിക്കട്ടികണ്ട കണ്ടാമൃഗം പോലും നാണിച്ച് പോകുമെന്ന് കെ.പി.എ. മജീദ് പറഞ്ഞു. കുബേരന്മാർക്ക് തടിച്ചുകൊഴുക്കാനുള്ള ബ‌ഡ്‌ജറ്റ് കേന്ദ്രം കൊണ്ടുവന്നപ്പോൾ കുചേലന്മാരെ ചേർത്തുപിടിച്ച ബ‌ഡ്‌ജറ്റാണ് കേരളം കൊണ്ടുവന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിലയിരുത്തി. പി.ടി 7 മദയാനയെപ്പോലെ ബി.ജെ.പി കേരളത്തെ നോക്കി ചിന്നം വിളിക്കുമ്പോൾ കുങ്കിയാനയായി രക്ഷയ്‌ക്കെത്തുന്ന യു.ഡി.എഫിനെ പ്രതീക്ഷിച്ച എൻ.കെ. അക്ബർ നിരാശനായി.

നിർമല സീതാരാമന്റെ ഇടിവെട്ടേറ്റ് തരിച്ചുനിന്നവരെ ബാലഗോപാൽ പാമ്പിനെ വിട്ട് കടിപ്പിച്ചെന്ന് വിലയിരുത്തിയത് എ.പി. അനിൽകുമാറാണ്. കേരളത്തെ തോല്പിക്കാനുള്ള കേന്ദ്രനീക്കത്തെ പ്രതിരോധിക്കുന്നതാണ് ബാലഗോപാലിന്റെ ബഡ്ജറ്റെന്ന് കെ.വി. സുമേഷ് അഭിപ്രായപ്പെട്ടു. കണ്ണൂർവരെ മാത്രം ഓടുന്ന ജനശതാബ്ദി എക്സ്‌പ്രസ് പോലെ, കാസർകോട് ജില്ലയെ കാണുകയേ ചെയ്യാത്ത ബഡ്‌ജറ്റിനെപ്പറ്രിയോർത്ത് എ.കെ.എം. അഷ്റഫ് വ്യാകുലചിത്തനായി. "കാസർകോട് കേരളത്തിന്റെ ഭൂപടത്തിലില്ലേ, സർ?"- അഷ്റഫ് ചോദിച്ചു.

ബി.ജെ.പി സർക്കാർ കൈയും കാലും വരിഞ്ഞുമുറുക്കി നിലയില്ലാക്കയത്തിലേക്കെറിഞ്ഞ ശേഷം നീന്തിരക്ഷപ്പെടാൻ പറഞ്ഞപ്പോൾ, കേരളം മുങ്ങിച്ചാകാനാഗ്രഹിച്ചവർക്കൊപ്പം ആർത്തുചിരിക്കരുതേ എന്നാണ് കെ.ടി. ജലീലിന് പ്രതിപക്ഷത്തോട് അപേക്ഷിക്കാനുണ്ടായിരുന്നത്. ഗതികിട്ടാ പ്രേതംപോലെ അലയുന്ന പ്രതിപക്ഷത്തെയോർത്ത് വിലപിച്ചത് കെ.ആൻസലനാണ്. പാവങ്ങളുടെ പടത്തലവനായ എ.കെ.ജി ജീവിച്ചിരുന്നെങ്കിൽ ഈ ബഡ്ജറ്റ് പൊതുസ്ഥലത്തിട്ട് കത്തിച്ചേനെ എന്ന് യു.എ. ലത്തീഫ്. പാവപ്പെട്ടവരുടെ ക്ഷേമമുറപ്പാക്കാൻ വകയുണ്ടാക്കുന്നതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ നാളെ അന്നംമുടക്കികളെന്ന് വിളിക്കുമെന്നാണ് കെ. ബാബു(നെന്മാറ) ശപിച്ചത്.

വെള്ളക്കരം കൂട്ടിയതിനെതിരെയായിരുന്നു ശൂന്യവേളയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസ്. ഇങ്ങനെ പോയാൽ ജനങ്ങളുടെ മൂക്കിൽ മീറ്റർ ഘടിപ്പിച്ച് ശ്വാസവായുവിന് പോലും ഈ സർക്കാർ ചാർജ് ഈടാക്കുമെന്ന് നോട്ടീസ് നൽകി സംസാരിച്ച എം. വിൻസന്റ് ഭയന്നു. ചെറിയ നിരക്കുവർദ്ധനയേ ഉള്ളൂ എന്നാണ് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പ്രതിപക്ഷത്തെ ആശ്വസിപ്പിക്കാൻ നോക്കിയത്.

കഷ്ടപ്പെടുന്ന ആളുകളുടെ കരണത്ത് മാറിമാറി അടിക്കുന്ന സർക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിതപിച്ചു. സഭാസമ്മേളനം നടക്കുമ്പോൾ വെള്ളക്കരം കൂട്ടിയ ഉത്തരവ് സഭയെ അറിയിക്കാതെ ഇറക്കിയതിൽ എ.പി. അനിൽകുമാർ ക്രമപ്രശ്നമുന്നയിച്ചു. സർക്കാരിന്റെ ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗമായിവന്ന ഉത്തരവെന്ന് മന്ത്രി റോഷി വിശദീകരിച്ചെങ്കിലും അത് സഭയിൽത്തന്നെ പ്രഖ്യാപിച്ചെങ്കിൽ ഉത്തമമായേനെ എന്ന് സ്പീക്കർ എ.എൻ. ഷംസീർ റൂൾ ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.