SignIn
Kerala Kaumudi Online
Thursday, 25 April 2024 12.14 PM IST

സ്വപ്നത്തിലെ പാൽപ്പായസവും പിണറായി ഭരണവും

photo

പിണറായി സർക്കാരിന്റെ നൂറുനൂറ് ആവർത്തനങ്ങളാണ് ഭരണകക്ഷിയംഗങ്ങളുടെ സ്വപ്നം. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെ ശാപവചനം ചൊരിഞ്ഞത് പി.സി. വിഷ്ണുനാഥാണ്. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയവേ രജിസ്ട്രേഷന്റെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവൻ, വിഷ്ണുനാഥിന്റെ സ്വപ്നം കാണാനുള്ള അവകാശത്തെ വകവച്ചുകൊടുത്തു. കഞ്ഞികുടിക്കുന്നത് സ്വപ്നം കാണണമെന്ന് ആരും പറയുന്നില്ല. പാൽപ്പായസം കുടിക്കുന്നതുതന്നെ സ്വപ്നം കാണണം. എങ്കിലും മൂന്നാം പിണറായി സർക്കാരും അധികാരത്തിലെത്തുമ്പോൾ പ്രതിപക്ഷനേതൃസ്ഥാനം ഘടകകക്ഷി കൊണ്ടുപോകാതിരിക്കാൻ കോൺഗ്രസുകാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിക്കാതിരുന്നില്ല.

അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പറഞ്ഞെങ്കിലും കോൺഗ്രസുകാർ ഒരിക്കലും അങ്ങനെ വിശ്വസിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉറച്ചുവിശ്വസിക്കുന്നു. യു.ഡി.എഫ് ഇനിയൊരിക്കലും അധികാരത്തിൽവരാൻ പോകുന്നില്ലെന്ന് അവർക്കുതന്നെ നല്ല ബോദ്ധ്യമുണ്ടെന്നാണ് മന്ത്രിയുടെ ബോദ്ധ്യം. അതുകൊണ്ടാണത്രെ നിരന്തരം പ്രതിപക്ഷം ഈ സർക്കാർ തുലയട്ടെ, തുലയട്ടെ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ധനകാര്യം, നികുതികാര്യങ്ങൾ, റവന്യു, രജിസ്ട്രേഷൻ, ദേവസ്വം, ഭവനനിർമാണം തുടങ്ങിയ വകുപ്പുകളിന്മേലായിരുന്നു ധനാഭ്യർത്ഥന. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, വി.എൻ. വാസവൻ, കെ. രാധാകൃഷ്ണൻ എന്നിവർ മറുപടി നൽകാനുണ്ടായി. ഭവനനിർമാണ വകുപ്പിനെയും ബോർഡിനെയും കുറിച്ച് പ്രതിപക്ഷത്തിരിക്കുന്നവർക്ക് ആശങ്കയുള്ളതായാണ് മന്ത്രി രാജന് തോന്നിയത്. അതിൽ കാര്യമില്ലെന്ന് അവരെ അദ്ദേഹം ആശ്വസിപ്പിച്ചു. റവന്യുവകുപ്പിന്റെ ഹെഡിൽ ദേവസ്വം പോലൊരു സുപ്രധാനവകുപ്പിനെ പെടുത്തിയതിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിരാശനാണ്. വലിയ വകുപ്പായ ദേവസ്വത്തിന് പ്രത്യേക ഹെഡ് അടുത്തതവണ മുതൽ വേണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അത് സാദ്ധ്യതയില്ലെന്ന സത്യം അദ്ദേഹത്തിന് അറിയാതിരിക്കാനിടയില്ലെങ്കിലും. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ നാളുകളാണ് വരാൻ പോകുന്നതെന്നാണ് പി.സി. വിഷ്ണുനാഥിനോട് കെ.വി. സുമേഷിന് പറയാനുണ്ടായിരുന്നത്. സ്വപ്നം കാണാനുള്ള വിഷ്ണുനാഥിന്റെ അവകാശത്തെ ഡി.കെ. മുരളിയും ചോദ്യം ചെയ്തില്ല. പക്ഷേ അത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സർക്കാരിന്റെ നന്മയ്ക്കായി ജനങ്ങളെല്ലാം ദേവീമാഹാത്മ്യത്തിലെ പ്രത്യേക ശ്ലോകം ചൊല്ലുന്നത് കാരണം ഈ സർക്കാരിനെതിരായ ശത്രുക്കൾക്കെല്ലാം വിനാശമാണുണ്ടാകാൻ പോകുന്നതെന്ന് നെന്മാറ അംഗം കെ. ബാബു പറഞ്ഞു. ഏറെ ഉപദ്രവങ്ങൾ ചെയ്ത് അവസാനം ബാബു ദൈവത്തിലേക്കെത്തിയതിൽ ഐ.സി. ബാലകൃഷ്ണൻ സന്തോഷിച്ചു.

പരശുരാമൻ കേരളത്തെ അടയാളപ്പെടുത്തിയത് പോലെ ആധുനിക കേരളത്തെ അളന്ന് തിട്ടപ്പെടുത്താൻ നേതൃത്വം കൊടുക്കുന്ന റവന്യുമന്ത്രിയിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അഭിമാനിച്ചു. ട്രഷറി പൂട്ടും, ശമ്പളം നിലയ്ക്കും, വികസനം മുടങ്ങും എന്ന പ്രതിപക്ഷവായ്ത്താരി കേട്ട് പി.എസ്. സുപാലിന് മടുത്തിരിക്കുന്നു.

വിമർശനങ്ങളെ അടിച്ചമർത്തുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വളരെ യോജിപ്പിലാണെന്ന് കണ്ടെത്തിയത് യു.എ. ലത്തീഫാണ്.

18 മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉമ്മൻ ചാണ്ടി സർക്കാർ വരുത്തിവച്ചുവെന്ന ഭരണപക്ഷത്തിന്റെ ആക്ഷേപം കുറേനാളായി കേൾക്കുന്ന വിഷ്ണുനാഥ് അതിനാൽ ധനാഭ്യർത്ഥന ചർച്ചയിൽ കണക്കുകളുമായാണ് വന്നത്. മൂന്ന് മുതൽ നാല് മാസം വരെയേ കുടിശിക അന്നത്തെ സർക്കാർ വരുത്തിയിട്ടുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. 18 മാസത്തെ കുടിശിക കണക്ക് ഏതെങ്കിലും മന്ത്രിയുടെ പക്കലുണ്ടെങ്കിൽ മേശപ്പുറത്ത് വയ്ക്കാനാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. 62ലക്ഷം പേർക്കായി 11,000കോടിയോളം ക്ഷേമപെൻഷനായി ഈ സർക്കാർ അനുവദിക്കുന്നതും ഉമ്മൻ ചാണ്ടി സർക്കാർ 3500 കോടി ബാദ്ധ്യത വരുത്തിവച്ചതും സംബന്ധിച്ച് തർക്കമുണ്ടോ എന്ന് ധനമന്ത്രി ബാലഗോപാൽ തിരിച്ചുചോദിച്ചു.

ശൂന്യവേളയിൽ ഏഷ്യാനെറ്റ് ന്യൂസിൽ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചുകയറിയതാണ് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടീസായി കൊണ്ടുവന്നത്. കോഴിക്കോട്ടെ സ്ഥാപനത്തിന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതും ബി.ബി.സി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതും ഒരുപോലെയെന്നാണ് പ്രതിപക്ഷവാദം. ക്രിമിനൽ കുറ്റകൃത്യത്തിലേർപ്പെടുന്ന വ്യക്തിക്കെതിരെ നടപടിയെടുക്കുന്നത് അയാളുടെ തൊഴിൽ നോക്കിയല്ലെന്നും വ്യാജവീഡിയോ ഉണ്ടാക്കി പ്രായപൂർത്തിയായ പെൺകുട്ടിയെ ദുരുപയോഗിച്ചതാണ് മാദ്ധ്യമസ്ഥാപനത്തിന്റെ കുറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥക്കാലം തൊട്ട് ബി.ജെ.പിക്കാലം വരെയുള്ള മാദ്ധ്യമവേട്ടകൾ വിവരിച്ച മുഖ്യമന്ത്രി അതും ഇതും രണ്ടാണെന്ന് അരമണിക്കൂറെടുത്ത് സമർത്ഥിച്ചു.

സി.പി.എം മുഖപത്രമെഴുതിയ വ്യാജവാർത്തകളൊക്കെ എടുത്തിട്ടാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചത്. കിട്ടിയ അവസരം മാദ്ധ്യമവേട്ടയ്ക്ക് അവസരമാക്കിയെന്ന് അദ്ദേഹം സംശയിച്ചത് ഏഷ്യാനെറ്റിനെതിരെ പി.വി. അൻവറിന്റെ പരാതിയിലുണ്ടായ എടുത്തുചാടിയുള്ള നടപടികളാണ്. മോദി നിങ്ങൾക്ക് മുന്നിൽ വെറ്റില വയ്ക്കുന്ന സ്ഥിതിയാണെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. ബഷീർ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയിൽ പി.വി. അൻവർ ഇതിന് മറുപടി പറഞ്ഞു. സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാൻ പ്രവർത്തിക്കുന്ന ലോബി പ്രതിപക്ഷത്ത് പ്രവർത്തിക്കുന്നെന്നാണ് അദ്ദേഹത്തിന്റെ വലിയ സംശയം. അതിനാലദ്ദേഹം 'പ്രതിപക്ഷഭീകരത' ആരോപിച്ച് തൃപ്തിയടഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.