SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.40 PM IST

ഐതിഹാസിക ചരിത്രത്തെ പൊളിച്ചു നീക്കാനാവുമോ?

kk
നാവായിക്കുളത്തെ ക്ഷേത്രപ്രവേശന വിളംബരസ്തൂപം

നാവായിക്കുളത്തെ എതുക്കാട് കവലയിൽ 1937 ഫെബ്രുവരി 24നാണ് ചരിത്ര‌സ്‌മാരകമായ ക്ഷേത്രപ്രവേശന വിളംബരസ്തൂപം അനാവരണം ചെയ്‌തത്. അതിന്റെ 86ാം വാർഷികമായിരുന്നു ഈ മാസം 24ന്.

1936 നവംബർ 12നാണ് തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. അതിൽ ആവേശഭരിതനായ കോമലേഴത്ത് കരുണാകരൻ സ്വന്തം ചെലവിലാണ് സ്തൂപം നിർമ്മിച്ചത്. മഹാരാജാവിന്റെ വിളംബരംവന്ന് നൂറ്റിനാലാം ദിവസം അദ്ദേഹംതന്നെ സ്‌തൂപം ഉദ്ഘാടനം ചെയ്‌തു. നാവായിക്കുളം ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ് സ്‌തൂപം. അക്കാലത്ത് ശങ്കരനാരായണ ക്ഷേത്രത്തിലും അവർണർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

സ്‌തൂപ നിർമ്മാണം

മൂത്ത സഹോദരൻ കെ.ശങ്കരൻ വക്കീലാണ് സ്തൂപം സ്ഥാപിക്കാൻ സർക്കാരിന്റെ അനുമതി വാങ്ങിയത്. അനുമതി കിട്ടിയ ദിവസം നാട്ടുകാർക്ക് ആഘോഷമായിരുന്നു. കൊല്ലം സ്വദേശിയായ ശില്‌പി പി.എസ് നായരെയാണ് നിർമ്മാണം ഏല്‌പിച്ചത്. ചിന്നു,​ വേലു എന്നീ വിദഗ്ദ്ധ ആശാരിമാരെയും കൊണ്ടുവന്നു.

സ്തൂപത്തിൽ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം രേഖപ്പെടുത്തി. മഹാരാജാവിനോടുള്ള ആദരസൂചകമായി വിളംബരത്തിന് മുകളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമായ അനന്തശയനവും കൊത്തിവച്ചു. 1937 ഫെബ്രുവരി 24ന് സ്തൂപം ഉദ്‌ഘാടനം ചെയ്‌തു.

അൻപത് വർഷം അങ്ങനെ പോയി. 1985ലാണ് ശനിദശയുടെ തുടക്കം. സ്തൂപത്തിന്റെ പിറകിലുള്ള റോഡ് വീതികൂട്ടിയതോടെ തിരുവനന്തപുരം - കൊല്ലം ഹൈവേ ഗതാഗതം അതുവഴിയായി. ഇപ്പോൾ പുതിയ ദേശീയപാത 47ന് പുറംതിരിഞ്ഞാണ് സ്തൂപം. വിളംബരം മറുവശത്തായതിനാൽ ഹൈവേയിലൂടെ പോകുന്നവർക്ക് കാണാനാവില്ല. മുൻവശത്തെ റോഡിൽ ആളനക്കം ഇല്ലാതായതോടെ ഒരു സ്ത്രീ സ്തൂപത്തിലെ അനന്തശയന രൂപത്തെ ആരാധിക്കാൻ ചുവട്ടിൽ പതിവായി വിളക്ക് കത്തിച്ചു. അതിന്റെ പുകയും കരിയും സ്തൂപത്തെ വികൃതമാക്കി. അനധികൃതമായ ഒരു നിർമ്മാണം സ്തൂപത്തിന്റെ ചുവട്ടിലെ കരുണാകരന്റെയും പി.എസ് നായരുടെയും പേരുകളും ഉദ്ഘാടന തീയതിയും മറ്റും മറച്ചു. മുന്നിലെ റോഡ് സർവീസ് റോഡായതോടെ അവിടെ ലോറികളും മറ്റും പാർക്ക് ചെയ്യുകയാണ്. ഇപ്പോൾ സ്തൂപത്തിന് അഭിമുഖമായി കുറേ കടകളാണുള്ളത്.

കരുണാകരന്റെ കുടുംബാംഗങ്ങളുടെ നിരന്തര ശ്രമഫലമായി 2011ൽ അനധികൃത നിർമ്മാണം പൊളിച്ചു. അവർ സ്വന്തം കാശ് മുടക്കിയാണ് സ്തൂപം സംരക്ഷിക്കുന്നത്. റോഡിന് ഇനിയും വീതികൂട്ടുന്നതോടെ സ്തൂപത്തിന്റെ നിലനില്‌പ്പ് തന്നെ അപകടത്തിലാവുമെന്നാണ് ആശങ്ക. സ്‌തൂപം സംരക്ഷിക്കാൻ കുടുംബം പുരാവസ്തു ഡയറക്‌ടറേറ്റിനും സാംസ്കാരിക വകുപ്പിനും നിവേദനം നൽകി. സ്‌തൂപത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിക്കാൻ കുടുംബാംഗങ്ങളും സംരക്ഷണസമിതി പ്രസിഡന്റ് എൻ.കെ. പി സുഗതനും 2011ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തെഴുതി. സാംസ്‌കാരിക മന്ത്രാലയത്തെ സമീപിക്കാൻ നി‌ദ്ദേശിച്ച് അദ്ദേഹം മറുപടിയെഴുതി. പിന്നീട് പുരാവസ്‌തു വകുപ്പിലെ ഉദ്യോഗസ്ഥരെയും സാംസ്‌കാരിക മന്ത്രിയെയും ഉദ്യോഗസ്ഥരെയും കണ്ടു. സ്ഥലത്തെത്തിയ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ സംരക്ഷിത സ്‌മാരകമാക്കുന്നത് സർക്കാർ പരിഗണനയിലാണെന്ന് അറിയിച്ചു. എന്നാൽ സർക്കാർ മാറിയതിന് ശേഷം അനക്കമൊന്നുമില്ല.

ഹൈവേ വീണ്ടും വീതികൂട്ടുമ്പോൾ സ്തൂപത്തെ ബാധിക്കും. അക്കാര്യം കഴിഞ്ഞവർഷം ജില്ലാ കളക്‌ടറുടെ ഓഫീസിൽ അറിയിച്ചു. അന്ന് ഡെപ്യൂട്ടി കളക്‌ടർ നിർദ്ദേശിച്ചപ്രകാരം,​ സ്തൂപം മാറ്റിസ്ഥാപിക്കാൻ ദേശീയ ഹൈവേ അതോറിറ്റി പ്രോജക്‌ട് ഡയറക്ടർക്ക് നിവേദനം അയച്ചു.

ആവശ്യങ്ങൾ

എല്ലാവർക്കും വിളംബരം കാണാവുന്ന സ്ഥലത്തേക്കോ,​ സർക്കാരിന്റെ സ്ഥലത്തേക്കോ സ്‌തൂപം മാറ്റി സ്ഥാപിക്കുക

വികസിപ്പിക്കുന്ന ദേശീയപാത 66 ന് അഭിമുഖമായി വിളംബരം വരണം. ചുറ്റിലും സംരക്ഷണവേലിയും കെട്ടണം.

സംരക്ഷിത സ്‌മാരകമാക്കുന്നതിൽ മുഖ്യമന്ത്രി,​ സാംസ്‌കാരിക മന്ത്രിയും പുരാവസ്തു വകുപ്പും നിലപാടറിയിക്കണം

കോമലേഴത്ത്

കരുണാകരൻ

മാവേലിക്കര മേനാത്തേരിൽ നാരായണപ്പണിക്കരുടേയും കോമലേഴത്ത് അമ്മക്കുഞ്ഞമ്മയുടേയും പുത്രനാണ് കരുണാകരൻ. കായംകുളം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പഠനശേഷം ആലുവ യു.സി. കോളേജിൽനിന്ന് ഇന്റർമീഡിയറ്റും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എയും പാസായി. റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായി. പരവൂർ സ്വദേശി സുകേശിനിയെ വിവാഹം ചെയ്‌തു. ദമ്പതികൾക്ക് നാല് മക്കളായിരുന്നു.

ഫിനാൻഷ്യൽ സെറ്റിൽമെന്റ് ഓഫീസർ,​ നാവായിക്കുളം സബ്‌ രജിസ്ട്രാർ,​ തിരുവിതാംകൂർ സർക്കാർ സൂപ്രണ്ട്,​ അസിസ്റ്റന്റ് സെക്രട്ടറി,​ ദേവസ്വം ബോർഡിന്റെ ആദ്യ സെക്രട്ടറി,​ സെക്രട്ടേറിയേറ്റിൽ ഡെപ്യൂട്ടി സെക്രട്ടറി,​ രണ്ടുതവണ രണ്ട് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു അദ്ദേഹം. മന്നത്ത് പദ്മനാഭൻ ദേവസ്വം ബോർഡ് അംഗമായപ്പോൾ കരുണാകരന്റെ കഴിവ് മനസിലാക്കിയാണ് ആദ്യത്തെ ദേവസ്വം സെക്രട്ടറിയായി നിയമിച്ചത്. 1959ൽ റിട്ടയർ ചെയ്തു. 1961ൽ 59-ാം വയസിൽ അന്തരിച്ചു.

കരുണാകരൻ സമൂഹത്തിലെ വിവേചനങ്ങൾക്കെതിരെ പ്രവ‌ർത്തിച്ച ജനസേവകനായിരുന്നു. മലയാളവും ഇംഗ്ലീഷും ഒരുപോലെ വഴങ്ങിയ അദ്ദേഹം മികച്ച പ്രഭാഷകനുമായിരുന്നു. സാമൂഹ്യ,​ രാഷ്‌ട്രീയ വിഷയങ്ങളും കലയും സംസ്കാരവും ചരിത്രവുമെല്ലാം ആഴത്തിൽ പഠിച്ചിരുന്നു.

പിതാവായ മേനാത്തേരിൽ നാരായണപ്പണിക്കർ ശ്രീമൂലം പ്രജാസഭയിലും മരുമക്കത്തായ - മക്കത്തായ സമിതിയിലും അംഗമായിരുന്നു. മകന്റെ വളർച്ചയ്‌ക്ക് പിതാവ് വലിയ സ്വാധീനമായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ സ്ഥാപക പത്രാധിപരായിരുന്ന ടി.കെ മാധവൻ മാതുലനാണ്. ക്ഷേത്രപ്രവേശനത്തിന് വേണ്ടി നടന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യസൂത്രധാരൻ ടി.കെ മാധവനും കരുണാകരന് പ്രചോദനമായി.

കരുണാകരന്റെ ജ്യേഷ്‌ഠന്മാരിൽ ഒരാളായ ശങ്കരൻ വക്കീൽ ഗവൺമെന്റ് പ്ലീഡറും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്നു. വിഖ്യാത ചിത്രകാരൻ രാമവർമ്മ വലിയ രാജയുടെ ഉറ്റസുഹൃത്തും ദിവാൻ സുബ്രഹ്മണ്യ അയ്യരുടെ അനൗദ്യോഗിക ഉപദേഷ്‌ടാവുമായിരുന്നു ശങ്കരൻ വക്കീൽ .

കരുണാകരന്റെ മറ്റൊരു ബന്ധുവായ സി.ഒ മാധവൻ 1931 - 38 കാലത്ത് ഗവൺമെന്റ് സെക്രട്ടറി,​ പേഷ്‌കാർ,​ മഹാരാജാവിന്റെ ചീഫ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROCLAMATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.