SignIn
Kerala Kaumudi Online
Friday, 26 April 2024 2.06 AM IST

മനം നിറഞ്ഞ് തീർത്ഥാടകർ

makaravilakk

പ്രളയത്തിനും കൊവിഡിനും ശേഷം ശബരിമല തീർത്ഥാടനം പൂർണ തോതിൽ നടത്താനായത് അയ്യപ്പഭക്തർക്കും സർക്കാരിനും ദേവസ്വം ബോർഡിനും വലിയ ആശ്വാസമാണ്. പ്രതീക്ഷിച്ചതുപോലെ അഭൂതപൂർവമായ ഭക്തജനത്തിരക്ക് തീർത്ഥാടനത്തിന്റെ തുടക്കത്തിലും അവസാന നാളുകളിലുമുണ്ടായി. ശമ്പളം കൊടുക്കാൻ പോലും തികയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോർഡിന് മികച്ച വരുമാനം ലഭിച്ച മണ്ഡല, മകരവിളക്ക് കാലമാണ് കടന്നുപോയത്. മകരവിളക്കിന്റെ തലേദിവസം വരെയുള്ള വരുമാനം 310.40 കോടി രൂപയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചിട്ടുണ്ട്. 214 കോടിയെന്ന മുൻകാല റെക്കോഡ് ഭേദിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ശബരിമലയിലേക്ക് ദർശനത്തിന് എത്താൻ കഴിയാതിരുന്ന തീർത്ഥാടകർ ഇത്തവണ എത്തിയത് തുടക്കത്തിൽ ക്രമാതീതമായ തിരക്കുണ്ടാകാൻ കാരണമായി. തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതും ദർശനസമയം രാവിലെയും ഉച്ചയ്ക്കുമായി ഒരു മണിക്കൂർ വർദ്ധിപ്പിച്ചതും നിലയ്ക്കലിൽ വാഹന പാർക്കിംഗിന് കൂടുതൽ സ്ഥലം അനുവദിച്ചതും പരാതി രഹിത തീർത്ഥാടനത്തിന് പ്രയോജനപ്പെട്ടു.
അരവണയിലെ ഏലയ്ക്കയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ട് ഉത്‌പാദനം നിറുത്തിവപ്പിച്ചു. പകരം ഏലക്കായ ഇല്ലാത്ത അരവണ തയാറാക്കി വിതരണം ചെയ്ത് പ്രതിസന്ധി ഒഴിവാക്കി. ദീർഘ നേരത്തെ ക്യൂ ബുദ്ധിമുട്ടായപ്പോൾ കുട്ടികൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, പ്രായമായ രോഗികൾ എന്നിവർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തി. അഭൂതപൂർവമായ തിരക്കുണ്ടായിട്ടും തീർത്ഥാടനത്തിൽ ഭക്തർ പൊതുവെ സംതൃപ്തരാണെന്ന് സർക്കാരും ദേവസ്വം ബോർഡും പറയുന്നു. മകരവിളക്ക് ദിവസം ഒന്നേമുക്കാൽ ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തും പരിസരത്തുമായി മകജ്യോതി കണ്ട് തൊഴുത് മലയിറങ്ങിയതായാണ് ദേവസ്വം ബോർഡ് കരുതുന്നത്.

ഏകോപനം വിജയം,

ചൂഷണത്തിന് കുറവില്ല

തീർത്ഥാടനം വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ വിജയകരമായെന്നാണ് പൊതുവിലയിരുത്തൽ. തിരക്ക് മുൻകൂട്ടി കണ്ട് കെ. എസ്. ആർ.ടി.സി കൂടുതൽ സർവീസ് നടത്തി. വിവിധ ഡിപ്പോകളിൽ നിന്ന് ശബരിമല സ്‌പെഷൽ സർവീസുകൾ നടത്തിയതിനൊപ്പം മകരവിളക്കിന് പ്രത്യേകമായി ആയിരം ബസുകൾ സർവീസ് നടത്തി. തീർത്ഥാടനം എക്കാലത്തും കെ. എസ്. ആർ.ടി.സിക്ക് കൊയ്‌ത്തുകാലമാണ്. ഇക്കുറി വരുമാനക്കണക്ക് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടില്ല. നിലയ്ക്കൽ പമ്പ ചെയിൻ സർവീസിലൂടെയും വൻ വരുമാനം ലഭിച്ചു. എല്ലാ തീർത്ഥാടന കാലത്തും ഭക്തരുടെയും ഹിന്ദുസംഘടനകളുടെയും പ്രതിഷേധം ക്ഷണിച്ചു വരുത്തുന്ന വകുപ്പാണ് കെ. എസ്. ആർ. ടി.സി. അമിതമായ ടിക്കറ്റ് ചാർജിലൂടെ കെ. എസ്.ആർ.ടി.സി തീർത്ഥാടകരെ പിഴിയുകയാണെന്ന് ആക്ഷേപം ശക്തമാണ്. വിവിധ ഡിപ്പോകളിൽ നിന്നുള്ള സ്‌പെഷൽ സർവീസിന് മറ്റ് സർവീസുകളേക്കാൾ നിരക്ക് കൂടുതലാണ്. നിലയ്ക്കൽ പമ്പ സർവീസിൽ എ.സി ബസുകൾക്ക് നൂറ് രൂപയും നോൺ എ.സി ബസുകൾക്ക് എൺപത് രൂപയുമാണ് ഈടാക്കുന്നത്. പതിനാറ് സീറ്റിന് മുകളിലുള്ള വാഹനങ്ങളിൽ വരുന്നവരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെ. എസ്.ആർ.ടി.സി ബസുകളിലാണ് വിട്ടുകൊണ്ടിരുന്നത്. വ്രതനിഷ്ഠയോടെ വരുന്ന ഭക്തർക്ക് അയ്യപ്പദർശനം എന്ന ഒറ്റലക്ഷ്യമാണുള്ളത്. അതുകൊണ്ടുതന്നെ വരുന്ന പാതകളിൽ എത്ര ചൂഷണം നടന്നാലും പ്രതിഷേധിക്കാനുള്ള മനസല്ല അവരുടേത്. ശരണം വിളിച്ച് മലകയറി അയ്യപ്പനെ കാണുന്ന ഒരു നിമിഷം മാത്രമാണ് അവരുടെ ചിന്തകളിൽ. മനസ് നിറയെ ഭക്തിയുമായി എത്തുന്നവരെ എത്രത്തോളം ചൂഷണം ചെയ്താലും പ്രതികരിച്ചെന്നുവരില്ല. അതാണ് കെ. എസ്.ആർ.ടി.സി മുതലാക്കുന്നത്. തീർത്ഥാടനത്തിന് എത്തുന്നവരിൽ പകുതിയിലേറെ അന്യ സംസ്ഥാനക്കാരാണ്. വലിയ ബസുകളിൽ ദിവസങ്ങൾക്കു മുൻപേ യാത്രതിരിക്കുന്ന ഭക്തർ നിലയ്ക്കലിൽ എത്തുമ്പോൾ അയ്യപ്പ സാമീപ്യത്തിന്റെ ആനന്ദത്തിലായിരിക്കും. ഏതു സാഹചര്യത്തെയും അതിജീവിച്ച് മലകയറാൻ അവർ ഒരുക്കമാണ്. ഏതു ചൂഷണത്തിനും കീഴ്‌പ്പെട്ട് ശരണം വിളിച്ച് മല കയറുകയാണ്. ടിക്കറ്റിന് മാത്രമല്ല, ഭക്ഷണത്തിന് എത്ര വില കൂട്ടിയാലും തീർത്ഥാടകർ നൽകാൻ തയ്യാറായാണ് ശബരിമലയിലേക്ക് എത്തുന്നത്.
അമിത ടിക്കറ്റ് ചാർജിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മലകൾ കയറുന്നതിന്റെ ഇന്ധനച്ചെലവും മറ്റു ചൂണ്ടിക്കാട്ടി കെ. എസ്.ആർ.ടി.സി ടിക്കറ്റ് നിരക്കിലെ ന്യായീകരിക്കുകയാണ്.

പണിതീരാത്ത

കുടിവെള്ള പദ്ധതി


തീർത്ഥാടനം ഏറെക്കുറെ സുഗമമായി നടന്നെങ്കിലും പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചകളേറെയാണ്. ഭക്തർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ആവശ്യമായ ജലവിതരണത്തിന് സ്ഥിരം സംവിധാനമില്ല. പമ്പയിൽ നിന്ന് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുകയാണ്. നൂറ് കോടിയുടെ നിലയ്ക്കൽ കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിട്ട് വർഷങ്ങളേറെയായി. സീതത്തോട്ടിൽ നിന്ന് വെള്ളം പമ്പയിൽ എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ ജോലികൾ പൂർത്തിയായില്ല. വർഷം തോറും കരാർ ക്ഷണിച്ച് ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കുന്നതിന്റെ ഭീമമായ നഷ്ടം ഇല്ലാതാക്കാൻ ജലവിതരണം പൈപ്പ്‌ലൈൻ വഴിയാക്കണം. ഇതിന് ജനപ്രതിനിധികൾ കാര്യക്ഷമത കാട്ടിയില്ലെങ്കിൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുളള അവിശുദ്ധ ഇടപാടുകൾ നിർബാധം തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.