ശബരിമല: മാളികപ്പുറം ക്ഷേത്രത്തിന് സമീപം നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം ഭക്തർക്ക് പുണ്യദർശനമായി. ഇന്നലെ രാവിലെ 11.02ന് കന്നിരാശി മുഹൂർത്തത്തിലായിരുന്നു പ്രതിഷ്ഠ. തന്ത്രി കണ്ഠരര് രാജീവരരും മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിച്ചു.
രാവിലെ കലശമണ്ഡപത്തിൽ ശയ്യയിൽ ഉഷഃപൂജ നടന്നു. മരപ്പാണിയുൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷമായിരുന്നു പ്രതിഷ്ഠ. തുടർന്ന് നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു. അഷ്ടബന്ധ ലേപനവും, ബ്രഹ്മ കലശാഭിഷേകവും, കുംഭാഭിഷേകവും നടത്തി. പ്രസന്നപൂജയ്ക്ക് ശേഷം ദീപാരാധനയോടെ ചടങ്ങുകൾ അവസാനിച്ചു. ആയിരക്കണക്കിന് ഭക്തർ ചടങ്ങുകൾക്ക് സാക്ഷികളായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ, ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എന്നിവരും പങ്കെടുത്തു. രാത്രി 10ന് ശബരിമല നടയടച്ചു. കർക്കടക മാസ പൂജകൾക്കായി 16ന് വൈകിട്ട് നട തുറക്കും. 21ന് അടയ്ക്കും. തുടർന്ന് നിറപുത്തരി ഉത്സവത്തിനായി 29ന് തുറക്കും. 30നാണ് നിറപുത്തരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |