SignIn
Kerala Kaumudi Online
Thursday, 19 September 2024 6.18 AM IST

എസ്.എഫ്.ഐ വച്ചത് കൊണ്ടത് ഏത് കൊക്കിന്?

Increase Font Size Decrease Font Size Print Page

vivadavela

വയനാട് ജില്ലയിലെ എസ്.എഫ്.ഐ നേതൃത്വം സംസ്ഥാനത്തെ ഇടതുമുന്നണി നേതൃത്വത്തിനും അതിന്റെ സർക്കാരിനും കൊടുത്തിരിക്കുന്നത് ശരിക്കും എട്ടിന്റെ പണിയാണ്. അല്ലെങ്കിലും ഈയിടെയായി എന്തോ എവിടെയോ ചില പാളിച്ചകൾ വന്നുപോകുന്നില്ലേയെന്ന് ജനം സംശയിച്ച് പോകുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്.

ശരിക്കു പറഞ്ഞാൽ തൃക്കാക്കര ഉപതിര‌ഞ്ഞെടുപ്പ് മുതൽ തുടങ്ങിയതാണ്, ഈ വിഭ്രാന്തിയും അതുണ്ടാക്കുന്ന പതർച്ചകളും. ഇടതുമുന്നണിയുടെയോ സി.പി.എമ്മിന്റെയോ ചരിത്രപുസ്തകത്തിൽ നാളിതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ് തൃക്കാക്കരയിൽ കണ്ടത്. ആദ്യം സ്ഥാനാർത്ഥിയായി ഒരു പേര് പ്രചരിക്കുന്നു. അതേതാണ്ട് ഉറപ്പിച്ചത് പോലെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെടുന്നു. സാധാരണഗതിയിൽ സി.പി.എം ചുവരെഴുതിത്തുടങ്ങിയാൽ അതൊരു ഉറച്ച തീരുമാനത്തിന്റെ സൂചനയാണ്. 2014ലെ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ കാര്യമെടുക്കാം. അവിടെ ആർ.എസ്.പി കടുംപിടുത്തം പിടിച്ചു. സീറ്റ് അവർക്ക് കിട്ടണം. അന്നവർ ഇടതുമുന്നണിയിലെ മൂന്ന് ഇടതുപാർട്ടികളിലെ മൂന്നാമത്തെയാളാണ്. സി.പി.എമ്മും സി.പി.ഐയും ആർ.എസ്.പിയും എന്ന നില. സി.പി.എം തരുമെന്നോ തരില്ലെന്നോ പറയാതെ നമുക്ക് ചർച്ചയാവാമല്ലോ എന്ന് പറഞ്ഞ് ആർ.എസ്.പിക്കാരെ നടത്തിക്കൊണ്ടിരുന്നു. മുന്നണിതലത്തിൽ ഔദ്യോഗികമായി ആർ.എസ്.പിയുമായി ഉഭയകക്ഷി ചർച്ച പോലും നടക്കുന്നതിന് മുമ്പ് കൊല്ലത്ത് എം.എ. ബേബിയെ വിജയിപ്പിക്കുക എന്ന ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അപ്പോഴും ഇടതുമുന്നണി യോഗത്തിൽ വച്ച് സി.പി.എമ്മുകാർ ആർ.എസ്.പിക്കാരോട് ഒന്നും വ്യക്തമായി പറയുന്നില്ല. ഉരുണ്ടുകളികളിൽ സഹികെട്ട് നിന്ന ആർ.എസ്.പി ചുവരെഴുത്ത് കൂടി കണ്ടതോടെ പ്രകോപിതരായി ഇടതുമുന്നണി വിട്ടുപോയി. അതിന് ശേഷമാണ് സി.പി.എം ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. അതിന് മുമ്പേ ചുവരെഴുത്ത് തുടങ്ങിയതിന്റെ അർത്ഥം മറ്റൊന്നുമല്ല. സംഗതി സി.പി.എമ്മാണ്. ഇടതു കേഡർപാർട്ടിയാണ്. എല്ലാം കാലേക്കൂട്ടി നേരത്തേ ഉറപ്പിച്ചുവച്ചിട്ട്, സമയമാകുമ്പോൾ പ്രഖ്യാപിക്കുന്നു. അത് സാങ്കേതികം മാത്രം. തൃക്കാക്കരയിലെ ചുവരെഴുത്ത് കണ്ടപ്പോഴും സാധാരണക്കാരായ സി.പി.എമ്മുകാരെല്ലാം അരുൺകുമാർ തന്നെ സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ചത് ഇതുകൊണ്ടാണ്.

പക്ഷേ പിന്നീടെന്താണ് സംഭവിച്ചത്? തൃക്കാക്കരയിൽ നാടകീയമായി പലതും നടക്കുന്നു. എല്ലാം സി.പി.എമ്മിൽ കേട്ടുകേൾവിയില്ലാത്തത്. അരുൺകുമാറല്ല സ്ഥാനാർത്ഥിയെന്ന് പറയുന്നു. സീറോ മലബാർ സഭയുടെ കീഴിലുള്ള ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദ്ധൻ പെട്ടെന്ന് സ്ഥാനാർത്ഥിയാവുന്നു. ആശുപത്രിയിൽ വച്ച് അദ്ദേഹം മാദ്ധ്യമങ്ങളെ കാണുന്നു. അവിടേക്ക് സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഉയർന്ന സമിതിയിൽ നിന്നുള്ള രണ്ട് നേതാക്കൾ കടന്നുചെല്ലുന്നു. ഡോക്ടർമാരുടെ ഒപ്പം ഇരിക്കുന്നു. ഇത് സി.പി.എം തന്നെയാണോ എന്നുപോലും പലരും ചോദിച്ചിട്ടുണ്ടാവും.

യു.ഡി.എഫുകാർ പ്രചാരണത്തിൽ ഒരുപടി മുന്നേറിക്കഴിഞ്ഞിരുന്നു. സീറോ മലബാർ സഭയെ പ്രീണിപ്പിക്കാൻ അവരുടെ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ നോക്കിയെന്ന പഴിയും സി.പി.എം കേട്ടു. പ്രചാരണം കൊണ്ടുപിടിച്ച് നടന്നു. മുഖ്യമന്ത്രിയായ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ദിവസങ്ങളോളം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. കഴിഞ്ഞവർഷം പി.ടി. തോമസ് നേടിയതിനേക്കാൾ പതിനായിരത്തിലധികം വോട്ടുകൾ നേടി അദ്ദേഹത്തിന്റെ വിധവ ഉമ തോമസ് വിജയിച്ചു. ഓവർ സ്മാർട്ട്നെസ്സാണോ അതോ പാപ്പരത്തമാണോ സി.പി.എമ്മിനെ നയിച്ചതെന്ന ചോദ്യം ബാക്കി.

തൃക്കാക്കരയ്ക്ക് പിന്നാലെയാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെയും മറ്റും പല വെളിപ്പെടുത്തലുകളും നടത്തിയത്. അവിടെയും പെട്ടെന്ന് ചെയ്തതെന്താണ്? വിജിലൻസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥന്റെ അതിബുദ്ധി വിനയായി. സ്വപ്നയ്ക്കൊപ്പം കൂട്ടുപ്രതിയായ ഒരുവനെ രായ്ക്കുരാമാനം അറസ്റ്റ് ചെയ്തത് നാറ്റക്കേസായി. ആ ഉദ്യോഗസ്ഥനെ അവിടെ നിന്നുതന്നെ പറിച്ചുമാറ്റേണ്ടി വന്നു. ശരിക്കും ആ ഉദ്യോഗസ്ഥൻ ഒരാളുടെ മനുഷ്യാവകാശമാണ് ധ്വംസിച്ചത്. ഒടുവിൽ ഈ ഉദ്യോഗസ്ഥന് നൽകിയ ലാവണം പൗരാവകാശ സംരക്ഷണസേനയാണെന്നത് മറ്റൊരു വൈരുദ്ധ്യം. മുഖ്യമന്ത്രിക്കെതിരെയും തനിക്കെതിരെയും ആരോപണങ്ങളുന്നയിച്ച സ്വപ്ന സുരേഷിനെതിരെ കെ.ടി. ജലീൽ കേസ് കൊടുത്തു. അതന്വേഷിക്കാൻ സർക്കാർ വമ്പൻസേനയെ നിയോഗിച്ചു. എന്തിനീ വിഭ്രാന്തിയെന്ന ചോദ്യമാണ് യു.ഡി.എഫുകാരുന്നയിക്കുന്നത്. മുഖ്യമന്ത്രിയാണെങ്കിൽ ഇതിലൊന്നും പ്രതികരിക്കാതിരിക്കുന്നു. യു.ഡി.എഫുകാരുടെ ആക്ഷേപങ്ങളും മുഖ്യമന്ത്രിയുടെയും മറ്റും സഞ്ചാരങ്ങളുമെല്ലാമാണ് പൊതുമദ്ധ്യത്തിൽ എന്തൊക്കെയോ കറങ്ങിനില്പുണ്ടെന്ന് തോന്നിപ്പിക്കും വിധം പുകമറകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ ആക്ഷേപങ്ങളെല്ലാം വെറുംവെറുതെയാവട്ടെയെന്ന് കരുതാനാണ് കേരളനാട്ടിലെ പ്രജകൾക്കിഷ്ടം.

ഇതിനെല്ലാമിടയിലാണ് കൂനിന്മേൽ കുരു എന്ന പോലെ എസ്.എഫ്.ഐക്കാരുടെ സംഭാവന വയനാട്ടിലുണ്ടായത്. ഒന്നാമത് ബഫർസോൺ വിഷയത്തിൽ വയനാട്ടിലും ഇടുക്കിയിലും കോഴിക്കോട്ടുമെല്ലാം മലയോരവാസികൾക്കിടയിൽ പ്രതിഷേധങ്ങൾ പുകഞ്ഞുകൊണ്ടിരിക്കുന്ന സന്ദർഭമാണ്. എസ്.എഫ്.ഐക്കാർ ബഫർസോൺ വിഷയത്തിൽ വയനാട്ടുകാരോട് അനുഭാവം കാട്ടിയതാണ്. അവിടത്തെ എം.പിയായ രാഹുൽഗാന്ധിക്കെതിരെ ജനവികാരം ഉണർത്താനാകുമോ എന്നവർ നോക്കി. അബദ്ധ പഞ്ചാംഗമായിയെന്ന് പറഞ്ഞാൽ മതി. അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയതായിരിക്കാം. എന്തായാലും എസ്.എഫ്.ഐയുടെ ചെലവിൽ വെട്ടിലാവാൻ വിധിക്കപ്പെട്ടത് സി.പി.എമ്മും ഇടതുമുന്നണിയും പിണറായി സർക്കാരുമാണ്.

ബഫർ സോണും സുപ്രീംകോടതി

വിധിയും ഇടതുസർക്കാരും

വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നീ സംരക്ഷിത പ്രദേശങ്ങളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി സംവേദകമേഖലയുണ്ടാകണമെന്നും ഇവിടെ പുതിയ നിർമാണപ്രവൃത്തികൾക്കൊക്കെ നിയന്ത്രണമുണ്ടാകുമെന്നുമാണ് സുപ്രീംകോടതി വിധിയുടെ ധ്വനി. 1995 മുതൽ സുപ്രീംകോടതി മുമ്പാകെ നിലവിലുണ്ടായിരുന്ന ടി.എൻ. ഗോദവർമൻ തിരുമുല്പാട് കേസിലാണ് ഈ മാസം മൂന്നാം തീയതിയിൽ സുപ്രീംകോടതിയുടെ വിധി വന്നത്.

വിധിപ്രകാരം നിർമാണങ്ങൾക്ക് ഇളവ് വേണമെങ്കിൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയുടെ തന്നെ നിർദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കണം. അവർ ഇത് ഉൾക്കൊണ്ട് സുപ്രീംകോടതിക്ക് അപേക്ഷ നൽകണം. എങ്കിൽ സുപ്രീംകോടതിക്ക് സ്വയം തോന്നലുണ്ടായി ഇളവനുവദിക്കാം.

വലിയ വോട്ടുബാങ്കാണ് മലയോരം. മലയോരജനതയുടെ അമർഷം ചിലപ്പോൾ അവിടെ മാത്രമാകില്ല പ്രതിഫലിക്കുക. ക്രൈസ്തവ ഭൂരിപക്ഷമേഖലകളിലും സ്വാധീനമുണ്ടാക്കാം. അതുണ്ടാക്കാനിടയുള്ള ആഘാതം തിരിച്ചറിഞ്ഞിട്ടാണ് സുപ്രീംകോടതി വിധി വന്നയുടനേ ഈ മാസം എട്ടിന് വനംമന്ത്രി യോഗം വിളിച്ചുചേർത്തതും ജനവാസമേഖല പൂർണമായി ഒഴിവാക്കിയുള്ള നിർദ്ദേശങ്ങളുമായി കേന്ദ്രത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചതും. ഇനി ഈ മാസം 30ന് മുഖ്യമന്ത്രിയും വിളിച്ചുചേർത്തിരിക്കുകയാണ് ഉന്നതതല യോഗം.

ബഫർസോണിൽ എൽ.ഡി.എഫും

യു.ഡി.എഫും പറയുന്നത്

ബഫർസോൺ വിഷയത്തിൽ മലയോരജനതയ്ക്കൊപ്പം നിൽക്കുന്നത് തങ്ങളാണെന്നാണ് ഭരണമുന്നണിയായ ഇടതുമുന്നണിയും പ്രതിപക്ഷ മുന്നണിയായ യു.ഡി.എഫും അവകാശപ്പെടുന്നത്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റിലുമായി ബഫർസോൺ വേണമെന്ന നിർദ്ദേശം ആദ്യമായി ഉയരുന്നത് കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാർ ഭരിക്കുന്ന കാലത്താണെന്ന് സി.പി.എം പറയുന്നു. 2011ൽ ജയറാം രമേശ് വനം-പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോഴാണത്രേ ഇത്.

ഇക്കാര്യം പരിശോധിക്കാനായി സംസ്ഥാനസർക്കാർ വി.ഡി. സതീശൻ, ടി.എൻ. പ്രതാപൻ എന്നീ എം.എൽ.എമാർ ഉൾപ്പെട്ട മൂന്നംഗ കമ്മിഷനെ നിയോഗിച്ചു. ബഫർസോൺ എന്നത് പത്ത് കിലോമീറ്റർ വരെയാകാമെന്ന നിർദ്ദേശമാണ് ഈ കമ്മിഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെന്നും സി.പി.എം പറയുന്നു.

എന്നാൽ, അതല്ല കാര്യമെന്ന് കോൺഗ്രസുകാർ വാദിക്കുന്നു. 2019 ഒക്ടോബർ 23ന് മന്ത്രിസഭായോഗം ഒരു തീരുമാനമെടുത്തു. സംരക്ഷണപ്രദേശത്തെ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോണായി തത്വത്തിൽ നിശ്ചയിച്ചു. ഒക്ടോബർ 30ന് ഇതിന്റെ ഉത്തരവിറങ്ങി. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ സുപ്രീംകോടതി അതേ രീതിയിലുള്ള വിധി പുറപ്പെടുവിച്ചതെന്നാണ് യു.ഡി.എഫ് ആക്ഷേപം. ഇടതുസർക്കാർ ഇട്ടുകൊടുത്ത വഴിയിലൂടെ കോടതി സഞ്ചരിച്ചെന്ന് അവരുടെ വ്യംഗ്യം. 2013 മേയ് എട്ടിന് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനത്തിൽ നിന്ന് മനുഷ്യവാസകേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള നിർദ്ദേശം കേന്ദ്രത്തിന് സമർപ്പിച്ചതാണെന്നും യു.ഡി.എഫ് വാദിക്കുന്നു. അതിന്റെ കരട് വിജ്ഞാപനം കേന്ദ്രം ഇറക്കിയതാണ്. എന്നാൽ, അതേ സർക്കാർ പിന്നീട് കേന്ദ്ര വിദഗ്ദ്ധസമിതി ആവശ്യപ്പെട്ട വിശദാംശങ്ങൾ സമയബന്ധിതമായി നൽകാത്തതിനാൽ അത് കാലഹരണപ്പെട്ടെന്ന് സി.പി.എം കുറ്റപ്പെടുത്തി. അവർ പറയുന്നത് 2018ലെ പ്രളയത്തെ തുടർന്നുണ്ടായ സാഹചര്യത്തിലാണ് മേൽപ്പറഞ്ഞ നിലയിൽ സംരക്ഷണപ്രദേശത്ത് ഒരു കിലോമീറ്റർ വരെ ബഫർസോണിന് തീരുമാനമെടുത്തത് എന്നാണ്. ഇതുപ്രകാരം 23 സംരക്ഷിതപ്രദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചതിൽ 20 എണ്ണത്തിൽ കരട് വിജ്ഞാപനമിറങ്ങി. ആശങ്കകളുയർന്നതോടെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ ഒഴിവാക്കി കരട് ഭേദഗതി നിർദ്ദേശം സമർപ്പിച്ചതാണ്. ഇത് പരിശോധിച്ച് വിദഗ്ദ്ധസമിതിയുടെ യോഗത്തിൽ വച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ഘട്ടത്തിലെത്തി നിൽക്കവേയാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുണ്ടായതെന്നാണ് സി.പി.എം വാദം.

കൗതുകകരമായ കാര്യം ഇതിലൊന്നും വയനാട്ടിലെ പാവം എം.പിയായ രാഹുൽഗാന്ധി കണ്ണിയല്ല എന്നതാണ്. അദ്ദേഹമെന്ത് പിഴച്ചു. വയനാട്ടുകാരുടെ പ്രശ്നമായതിനാൽ അദ്ദേഹം മുഖ്യമന്ത്രിക്ക് ഈ വിഷയമുന്നയിച്ച് ഒരു കത്തെഴുതി. സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ആ കത്തിന് മുഖ്യമന്ത്രി വിശദമായ മറുപടിയും നൽകി. എസ്.എഫ്.ഐ മാർച്ചിന് പിന്നിലെ അതിബുദ്ധി ആരുടേതായാലും പ്രഹരമേറ്റിരിക്കുന്നത് സി.പി.എമ്മിനും ഇടതുമുന്നണിക്കുമാണ്. ഒന്നാമത് ഈ പരിസ്ഥിതിലോല മേഖലാ വിഷയത്തിന്റെ പല നീക്കങ്ങളും വ്യാപകമായ ചർച്ചയ്ക്ക് വഴിയൊരുക്കി. 2019ലെ മന്ത്രിസഭായോഗ തീരുമാനമാണ് എല്ലാറ്റിനും കാരണമെന്ന യു.ഡി.എഫിന്റെ ആക്ഷേപം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മലയോരവാസികൾക്കിടയിൽ അറിയാതിരുന്നവർ പോലും അത് ചർച്ച ചെയ്ത് തുടങ്ങി. ചക്കിന് വച്ചത് കൊക്കിന് കൊള്ളുന്നു എന്ന് ചുരുക്കം.

സി.പി.എം അതുകൊണ്ട് വിശദമായി തന്നെ നിലപാട് വിശദീകരിച്ചു കൊണ്ടിരിക്കുകയാണ്. രാഹുൽഗാന്ധിക്ക് ഇര പരിവേഷം ദേശീയതലത്തിലും കേരളത്തിലും കിട്ടിയത് മെച്ചം. നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡിയുടെ ചോദ്യം ചെയ്യലാണ് കോൺഗ്രസ് രാഷ്ട്രീയായുധമാക്കിയത്. ഇവിടെ ഇടതുപക്ഷം ഭരിക്കുമ്പോൾ എസ്.എഫ്.ഐയുടെ അതിക്രമവും. കോൺഗ്രസിന് പിടിപ്പത് കോളായി. തൃക്കാക്കരയിലും സ്വർണക്കടത്ത് കേസിലുമൊക്കെ പറ്റിപ്പോയ അമളിയാണോ ഇവിടെയുമുണ്ടായത്? സി.പി.എം അറിഞ്ഞുള്ള മാർച്ചല്ല എസ്.എഫ്.ഐയുടേതെന്ന് പാർട്ടി നേതൃത്വം ആണയിടുകയും നടപടികളിലേക്ക് സർക്കാർ നീങ്ങുകയും ചെയ്ത സ്ഥിതിക്ക് തൽക്കാലം അത് വിശ്വസിക്കുകയാണ് നിവൃത്തി.

പ്രതിപക്ഷനേതാവിന്റെ

പാളിച്ചകൾ

ഒരു കാര്യം കൂടി പറയാതെ വയ്യ. അമിതാവേശപ്രകടനം കോൺഗ്രസിലും ഉണ്ടാകുന്നുണ്ട്. തൃക്കാക്കരയിലെ വൻവിജയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കിട്ടിയ ലീഡർ പരിവേഷത്തിൽ അദ്ദേഹം അമിതാവേശം കാട്ടുന്നുവോ എന്ന സംശയം കഴിഞ്ഞ ദിവസത്തെ വയനാട്ടിലെ അദ്ദേഹത്തിന്റെ വാർത്താസമ്മേളനം ഉയർത്തുന്നു. ഒരു മാദ്ധ്യമപ്രവർത്തകൻ ഉയർത്തിയ ചോദ്യത്തോട് അദ്ദേഹം വഴിവിട്ട് കയർക്കരുതായിരുന്നു. ചോദ്യം ചോദിച്ചത് കോൺഗ്രസ് ഇപ്പോൾ ശക്തിയുക്തം എതിർത്തുകൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെ മുഖപത്രത്തിലെ ലേഖകനായിരിക്കാം. എന്നാലും ജനാധിപത്യപരമായ സംവേദനമാർഗത്തിലൂടെ മറുപടി പറയാൻ പ്രതിപക്ഷനേതാവ് ശ്രമിക്കേണ്ടതായിരുന്നു.

രണ്ട് ദിവസം മുമ്പ് നിയമസഭയിൽ വച്ച് സ്പീക്കർ എം.ബി. രാജേഷ് നടത്തിയ വാർത്താസമ്മേളനവും ഞായറാഴ്ച എ.കെ.ജി സെന്ററിൽ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വാർത്താസമ്മേളനവും മാതൃകാപരമായിരുന്നു. പ്രകോപനപരമായ ചോദ്യങ്ങളോട് തീരെ പ്രകോപനമില്ലാതെ ഇരുവരും മറുപടി പറഞ്ഞത് കണ്ടപ്പോൾ മതിപ്പ് തോന്നാത്തവരുണ്ടാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIVADAVELA, SFI, RAHUL GANDHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.