SignIn
Kerala Kaumudi Online
Saturday, 17 August 2024 8.32 AM IST

മമതയുമായി നല്ല ബന്ധം: ഗവർണർ ആനന്ദബോസ്

v

ബ്രിട്ടീഷ് ഇന്ത്യയുടെ പഴയ തലസ്ഥാനമായിരുന്ന കൽക്കത്തയിൽ വൈസ്രോയി താമസിച്ച പ്രൗഡഗംഭീരമായ കെട്ടിടമാണ് ഇപ്പോഴത്തെ പശ്ചിമ ബംഗാൾ രാജ്‌ഭവൻ. വോട്ടു ചെയ്യാൻ കേരളത്തിലേക്ക് പോകുന്നതിന് മുൻപുള്ള തിരക്കുകൾക്കിടയിലാണ് രാജ്‌ഭവനിൽ ഗവർണർ സി.വി. ആനന്ദബോസ് കേരള കൗമുദിക്ക് അഭിമുഖം അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാനിച്ച് രാഷ്‌ട്രീയമൊന്നും പറയില്ലെന്ന് ഉപാധി വച്ചെങ്കിലും ബംഗാളിൽ എത്തിയ ശേഷമുള്ള സന്ദേശ്ഘലി അടക്കം വിവാദങ്ങൾ, മുഖ്യമന്ത്രി - ഗവർണർ ബന്ധം, ജനങ്ങൾക്കിടയിൽ നേരിട്ടിറങ്ങിയ പ്രവർത്തനം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം വാചാലനായി.

രാജ്‌ഭവനും ജനങ്ങളും തമ്മിൽ അടുത്ത

ബന്ധമാണല്ലോ?

ഇവിടെ എനിക്ക് 'ഗ്രൗണ്ട് സീറോ' ഗവർണർ' എന്നാണ് പേര്. ജനങ്ങളെ അകറ്റുന്ന പ്രോട്ടോക്കോൾ ഒഴിവാക്കി. ഫീൽഡിൽ പോയി ജനങ്ങളിൽ നിന്ന് നേരിട്ട് വിവരം തേടുന്നത് കളക്‌ടർ ആയിരുന്ന കാലം മുതലുള്ള ശീലമാണ്. ഉദ്യോഗസ്ഥർ തരുന്ന റിപ്പോർട്ടുകൾ പക്ഷപാതപരമായിരിക്കും. ജനങ്ങളുടെ യഥാർത്ഥ വികാരം അറിയാൻ നേരിട്ട് ചെല്ലണം.

സർക്കാരിനും ജനങ്ങൾക്കുമിടയിലെ

ഗവർണറുടെ റോൾ?

തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആയിരിക്കണം പ്രകടമായ മുഖം. ഗവർണർ പിന്നിൽ നിൽക്കണം. നല്ല കാര്യങ്ങളുടെ ഖ്യാതി മുഖ്യമന്ത്രിക്ക് ലഭിക്കണം. സുഹൃത്തും വഴികാട്ടിയുമാകണം ഗവർണർ. എന്നാൽ ആവശ്യം വന്നാൽ മുന്നിലേക്ക് വരേണ്ടി വരും. ഭരണഘടനാ വിരുദ്ധ നടപടികൾ അനുവദിക്കാനാകില്ല. സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ അധികാരങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര ഫണ്ട് വാങ്ങിച്ചു നൽകാനുള്ള ബാദ്ധ്യത ഗവർണർക്കുണ്ട്. അതു ഞാൻ ചെയ്യുന്നുമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലെ മാരിവിൽപ്പാലമാണ് ഗവർണർ എന്നു കരുതുന്നു.

മുഖ്യമന്ത്രി മമതയുമായി നല്ല ബന്ധമാണല്ലോ?

കാഴ്‌ചപ്പാടിൽ വ്യത്യാസമുള്ളവർ ഒരിക്കലും ഒരാളെ ശത്രുവായി കാണുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും വ്യത്യസ്‌ത ആശയക്കാരായിരിക്കാം. ചിലപ്പോൾ വിയോജിക്കേണ്ടിവരും. അതു പ്രകടിപ്പിക്കുമ്പോൾ പരസ്‌പര ബഹുമാനം വേണം. രണ്ടുപേരും ഭരണഘടനയ്‌ക്കുള്ളിൽ നിൽക്കണം. അതു ഞാൻ പാലിക്കാറുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ മമതാ ബാനർജിയുമായി നല്ല ബന്ധമുണ്ട്. 'ചട്ടിയും കലവും തട്ടിമുട്ടിയിരിക്കും' എന്നല്ലേ. രാഷ്‌ട്രീയക്കാരിയായ മമതയെ ഞാൻ ശ്രദ്ധിക്കേണ്ടതില്ലല്ലോ. ഞാൻ രാഷ്‌ട്രീയക്കാരനല്ല. ഇതുവരെ മമതയ്‌ക്കെതിരെ ഒരു വാക്കുപോലും ഞാൻ എഴുതുകയോ പറയുകയോ ചെയ്‌തിട്ടില്ല. ആദ്യമൊക്കെ എനിക്കെതിരെ രാഷ്‌ട്രീയമായി തുറന്നടിക്കുമായിരുന്ന മമതയും ഇപ്പോൾ ശാന്തയാണ്.

ചില മുഖ്യമന്ത്രിമാരും ഗവർണർമാരും

മുഖത്തു നോക്കാറില്ല?

അങ്ങനെയുണ്ടാവരുത്. സംസ്ഥാന തലവനായ ഗവർണറെ മാനിക്കണം. മുൻപൊക്കെ മമത കൂടെക്കൂടെ വന്നു കാണുമായിരുന്നു. നെഗറ്റീവായ ഒരുകാര്യവും പറയില്ലായിരുന്നു. തീർപ്പാകാനുള്ള ഫയലുകളെക്കുറിച്ച് ഒരു കുറിപ്പ് തന്നിട്ട് പോകും. ഒരു മണിക്കൂറിനകം തീർപ്പാക്കാൻ കഴിയുന്നവ പരിഹരിക്കും.

സർക്കാരുമായുള്ള ഏറ്റുമുട്ടൽ?

ഗവർണറുടെ എല്ലാ ഇടപെടലുകളും ന്യൂട്രൽ ആണ്. പക്ഷേ ചട്ടങ്ങൾ നോക്കും. അപേക്ഷ വിളിക്കാതെയും സേർച്ച് കമ്മിറ്റിയില്ലാതെയും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിച്ചത് എതിർത്തിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് ഓഫീസർ സർക്കാരിന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴും അക്രമികൾക്കെതിരെ നടപടിയെടുക്കാൻ മടിച്ചപ്പോഴും ഞാൻ ഉടക്കി.

ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളും

അങ്ങയുടെ ഇടപെടലുകളും?

ഇവിടുത്തെ അക്രമം തൃണമൂൽ സർക്കാർ തുടങ്ങിയതല്ല. രാഷ്‌ട്രീയ സംസ്കാരജീർണതയുടെ ഒരു മുഖം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ധാരാളം സ്ഥലങ്ങളിൽ ഗുണ്ടാരാജ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഗുണ്ടകളെ നിയന്ത്രിക്കാനും പിണക്കാനും സർക്കാർ ശ്രമിക്കുന്നില്ല. ഒരേ പാർട്ടികളിലെ ആളുകൾക്കെതിരെയും ഗുണ്ടകളെ ഉപയോഗിക്കുന്നു.

അതു തടയാൻ ഞാൻ നേരിട്ടിറങ്ങി. തിരഞ്ഞെ‌ുപ്പ് കമ്മിഷൻ വഴി പൊലീസിന് നിർദ്ദേശങ്ങൾ നൽകി. ഇരകളെ വീട്ടിലും ആശുപത്രിയിലും സന്ദർശിച്ചു. ധനസഹായവും നിയമസഹായവും കൊടുത്തു.അതിരാവിലെ ഗവർണറുടെ വാഹനവ്യൂഹം അക്രമം നടത്തുന്ന സ്ഥലത്തെത്തും. ജനങ്ങൾക്ക് കൈകാണിച്ച് നിർത്തി പരാതിപറയാം, സംവദിക്കാം. അങ്ങനെ 'മൊബൈൽ രാജ്‌ഭവൻ' 'ഗ്രൗണ്ട് സീറോ ഗവർണർ' തുടങ്ങിയ വിശേഷണങ്ങൾ കിട്ടി. ഗവർണർ ഫീൽഡിൽ ഇറങ്ങിയതിനാൽ കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞെന്ന് വാർത്ത വന്നു.

സന്ദേശ്ഘലിയിലെ ഇടപെടൽ?

കേരളത്തിൽ പോയ സമയത്താണ് സന്ദേശ്ഘലിയിൽ അക്രമം നടക്കുന്ന വിവരം ലഭിച്ചത്. സ്ഥലത്തെ ഒരു ഗുണ്ട കാരണം സ്‌ത്രീകൾക്ക് സ്വസ്ഥതയില്ലെന്ന്. വീട്ടിൽ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചു കൊണ്ടുപോകും. ഭർത്താവിന്റെ മുന്നിലിട്ട് മാനംകെടുത്തും. സ്ഥലംപിടിച്ചെടുക്കും. സർക്കാർ വിലക്ക് അവഗണിച്ച് ഞാൻ സന്ദേശ്ഘലിയിലേക്ക് പുറപ്പെട്ടു. വി​ലക്ക് തള്ളി​ മാദ്ധ്യമങ്ങളെയും കൊണ്ടുപോയി​.

നൂറുകണക്കിന് സ്‌ത്രീകളാണ് പരാതികളുമായി വന്നത്. അവർക്ക് സംസാരിക്കാൻ പോലും പേടിയായിരുന്നു.

സ്‌ത്രീകളോട് സ്വയം കാളിയായി മാറാനും അനീതിയെ എതിർക്കാനും ഞാൻ ആവശ്യപ്പെട്ടപ്പോൾ അവർ പ്രതി​കരി​ച്ചു. പി​ന്നീടാണ് വി​ഷയം രാഷ്‌ട്രീയ വിവാദമായതും മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ തുടങ്ങിയവ ഇടപെട്ടതും.

സന്ദേശ്ഘലി വിവാദമായത് ഗവർണർ കാരണമാണെന്ന ധാരണ മുഖ്യമന്ത്രിക്കുണ്ട്. അതേ തുടർന്നാണ് ഒന്നാം ഘട്ടത്തിൽ കൂച്ച് ബിഹാറിൽ ഗവർണർ പോകുന്നത് തടയാൻ തിരഞ്ഞെടുപ്പ് ഓഫീസറെ നിയോഗിച്ചതും. ഞാൻ പകരം പീസ് മുറി തുറന്ന് ജനങ്ങളുടെ പരാതി രാജ്‌ഭവനിൽ സ്വീകരിച്ചു. അതു വൻ വിജയമായി.

രാജ്‌ഭവനിൽ ബില്ലുകൾ പിടിച്ചുവയ്‌ക്കുന്നുവെന്ന

ആരോപണത്തെക്കുറിച്ച്?

ഒരു ബില്ലും ഇവിടെ കെട്ടിക്കിടക്കുന്നില്ല. ചില ബില്ലുകളിൽ വ്യക്തത തേടിയിരുന്നു. അതെന്റെ ശൈലിയാണ്. പണ്ട് ലീഡർ കരുണാകരന്റെ സെക്രട്ടറി ആയിരുന്നപ്പോഴും വിശദമായി പഠിച്ച ശേഷമേ ഫയൽ കൈമാറൂ. അതിനാൽ അദ്ദേഹം ഒരെണ്ണം പോലും മടക്കില്ലായിരുന്നു.

ആദ്യമൊക്കെ മമമതയുടെ നിർദ്ദേശ പ്രകാരംമന്ത്രിമാരും ചീഫ് സെക്രട്ടറിമാരും എന്നെ വന്നു കാണുകയും ചർച്ച ചെയ്‌ത് തീർപ്പാക്കും ചെയ്‌തിരുന്നു. ഇപ്പോൾ അവർ വരുന്നില്ല. പാർട്ടി വക നിസഹകരണമാകാം.

ഗവർണർ ബില്ലുകൾ രാഷ്‌ട്രപതിക്ക് അയച്ചത്

കേരളത്തിൽ വിവാദമായിരുന്നല്ലോ.?

രാഷ്‌ട്രപതിക്ക് അയയ്‌ക്കുന്നത് ഒരു തെറ്റല്ല. അത് അനുവദനീയമായ കാര്യമാണ്. സമാനസ്വഭാവമുള്ള ചില വിഷയങ്ങളിൽ ഒരു സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനാകില്ല. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റിയ ബിൽ ജഗ്‌ദീപ് ധൻകർ ഗവർണർ ആയിരുന്ന സമയത്ത് പാസാക്കിയതാണ്. ഈ വിഷയം കേരളം, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെയും പ്രശ്‌നമായതിനാൽ എനിക്ക് തീരുമാനമെടുക്കാനാകില്ല. ആ ബിൽ ഞാൻ രാഷ്‌ട്രപതി​ക്ക് വിട്ടു.

മുഖ്യമന്ത്രി ശക്തയാണെന്ന് കരുതി നടപടിക്രമങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. നിയമത്തെക്കുറിച്ച് മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ഭയമാണ്. പണ്ട് കരുണാകരനെ ഇത്തരം പ്രശ്‌നങ്ങൾ ഞാൻ ധരിപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കരുതെന്ന് അദ്ദേഹം ഒരിക്കലും പറയില്ലായിരുന്നു.


വിസി നിയമനത്തിൽ സുപ്രീംകോടതി

അങ്ങയുടെ തീരുമാനം ശരിവച്ചത്?

ചാൻസലറുടെ അധികാരം സംബന്ധിച്ച് സുപ്രീംകോടതി ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ചാൻസലർ ആണ് സർവകാലശാലകളുടെ മേധാവി. സർക്കാരിന് സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടാനാകില്ല. ഫണ്ട് നൽകുന്നത് ഇടപെടലിനുള്ള അവകാശമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CV ANANDHBOSE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.