ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ 'ഫൂട്ടേജ്' എന്ന ചിത്രം തീയേറ്ററുകളിലെത്താൻ പോകുകയാണ്. പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജുവാര്യരും ടീമും.
സെൻസേഡ് വിത്ത് എന്ന തലക്കെട്ടോടെയായിരുന്നു സിനിമയുടെ പോസ്റ്റർ പങ്കുവച്ചത്. 'എ സർട്ടിഫിക്കറ്റ്' എന്ന വിവരം പോസ്റ്ററിൽ കൊണ്ടുവന്നതിനെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. '18പ്ലസ് എന്ന് വച്ചത് ധൈര്യത്തേക്കാളുപരി ഉത്തരവാദിത്തമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. വ്യക്തിപരമായി സംസാരിക്കുകയാണെങ്കിൽ, എന്റെ സിനിമ സാധാരണയായി കുടുംബങ്ങളൊന്നാകെയാണ് കാണാൻ വരുന്നത്. കുഞ്ഞുങ്ങളെല്ലാമുണ്ടാകും. എന്നാൽ ഈ സിനിമയുടെ പ്രകൃതം കുറച്ച് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെയാണ് അങ്ങനെ വച്ചത്. അത് മുൻകൂട്ടി എന്റെ പ്രേക്ഷകരെ അറിയിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.'- മഞ്ജു പറഞ്ഞു.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വന്നപ്പോൾ ഉണ്ടായ മോശം കമന്റുകളെക്കുറിച്ചും മഞ്ജു വാര്യർ തുറന്നുപറഞ്ഞു. 'സോഷ്യൽ മീഡിയയിലുള്ള സദാചാരം കാലാകാലങ്ങളായി ഉള്ളതാണ്. ഈ പോസ്റ്ററിന് താഴെയൊന്നുമല്ലല്ലോ ആദ്യമായിട്ട് വരുന്നത്. അതൊക്കെ കണ്ട് ചിരിക്കുകയെന്നേയുള്ളൂ.'- നടി വ്യക്തമാക്കി. സിനിമയിലെ ഏല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടതാണെന്ന് മഞ്ജു കൂട്ടിച്ചേർത്തു.
പടക്കം പേടിയാണെന്നും മഞ്ജു വാര്യർ തുറന്നുപറഞ്ഞു.' പൊതുവെ എനിക്ക് അങ്ങനെ പേടിയില്ല. പിന്നെ ഒരു ഹൊറർ സിനിമ ഇരുന്ന് കണ്ട് കഴിയുമ്പോൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ ശ്രദ്ധപോകും. അത്രയേയുള്ളൂ. എനിക്ക് ഡാർക്ക്‌നെസ് ഓക്കെയാണ്. പടക്കം പൊട്ടുന്നതാണ് ഞാൻ ഏറ്റവും പേടിക്കുന്നത്. കുട്ടിക്കാലത്തേയുള്ളതാണ്. ഇപ്പോഴും അവാർഡ് ഷോയ്‌ക്കൊക്കെ പോകുമ്പോൾ ചെവിയൊക്കെ പൊത്തിയാണ് ഇരിക്കുന്നത്.'- മഞ്ജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |