മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'എമ്പുരാൻ' എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് നടി മഞ്ജു വാര്യർ. ഇപ്പോൾ ഗുജറാത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. അതുകഴിഞ്ഞ് കേരളത്തിൽ ഷൂട്ടിംഗ് ഉണ്ടാകും. അടുത്തവർഷം ചിത്രം തീയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷയെന്നും താരം കൗമുദി മൂവീസിനോട് പറഞ്ഞു.
'ഞാൻ കുറച്ച് ദിവസമേ വർക്ക് ചെയ്തിട്ടുള്ളൂ. ഇനിയും ഷൂട്ട് ബാക്കിയുണ്ട്. എനിക്ക് വളരെ എക്‌സൈറ്റ്‌മെന്റ് ഉള്ള ഒരു പ്രൊജക്ടാണ്.'- നടി പറഞ്ഞു. ലൂസിഫറിൽ പ്രിയദർശിനി രാംദാസ് (മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രം) ഇമോഷണലി വളരെ ഡെപ്ത്തുള്ള കഥാപാത്രമായിരുന്നു. പ്രശ്നങ്ങൾ ഒതുക്കിയിട്ടാണ് ഇതിലേക്ക് വരുന്നത്. അപ്പോൾ കഥാപാത്രത്തിന്റെ ചേഞ്ച് എന്തായിരിക്കുമെന്ന അവതാരകന്റെ ചോദ്യത്തിനും മഞ്ജു മറുപടി നൽകി.
'പ്രശ്നങ്ങൾ ഒരിക്കലും ഒതുങ്ങുന്നില്ലല്ലോ. ആരുടെ ജീവിതത്തിലാണ് പ്രശ്നങ്ങൾ ഒതുങ്ങുന്നത്. സിനിമയെക്കുറിച്ച് ഏറ്റവും സെൻസുള്ള സംവിധായകൻ തന്നെയാണ് പൃഥ്വിരാജ്. ലൂസിഫറിനേക്കാൾ നന്നാക്കാനല്ലേ എല്ലാവരും, ഏത് സിനിമയാണെങ്കിലും നോക്കുകയുള്ളൂ.'- താരം വ്യക്തമാക്കി.
മഞ്ജു വാര്യരുടെ 'ഫൂട്ടേജ്' എന്ന ചിത്രം തീയേറ്ററുകളിലെത്താൻ പോകുകയാണ്.ഓഗസ്റ്റ് രണ്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമനിച്ചിരുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. സെൻസേഡ് വിത്ത് എന്ന തലക്കെട്ടോടെയായിരുന്നു അണിയറ പ്രവർത്തകർ ഈ സിനിമയുടെ പോസ്റ്റർ പങ്കുവച്ചത്.
'18 പ്ലസ് എന്ന് വച്ചത് ധൈര്യത്തേക്കാളുപരി ഉത്തരവാദിത്തമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. വ്യക്തിപരമായി സംസാരിക്കുകയാണെങ്കിൽ, എന്റെ സിനിമ സാധാരണയായി കുടുംബങ്ങളൊന്നാകെയാണ് കാണാൻ വരുന്നത്. കുഞ്ഞുങ്ങളെല്ലാമുണ്ടാകും. എന്നാൽ ഈ സിനിമയുടെ പ്രകൃതം കുറച്ച് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെയാണ് അങ്ങനെ വച്ചത്. അത് മുൻകൂട്ടി എന്റെ പ്രേക്ഷകരെ അറിയിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.'- മഞ്ജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |