SignIn
Kerala Kaumudi Online
Sunday, 06 July 2025 10.01 PM IST

അവർക്കായ് തുറക്കുന്നു നീതിയുടെ വാതിലുകൾ

Increase Font Size Decrease Font Size Print Page

arun-s-nair

ഡോ. അരുൺ എസ്. നായർ

ഡയറക്ടർ,​ സാമൂഹ്യനീതി വകുപ്പ്

കരുതലിന്റെയും കൈത്താങ്ങിന്റെയും പിൻബലമില്ലാതെ യാത്ര അസാദ്ധ്യമായവരെ സാന്ത്വനക്കുടക്കീഴിൽ നിറുത്തുകയാണ് സാമൂഹ്യനീതി വകുപ്പ്. അവകാശങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അറിയാത്തതുകൊണ്ടു മാത്രം നിസഹായരായ മനുഷ്യർ ചൂഷണം ചെയ്യപ്പെടരുതെന്ന ലക്ഷ്യത്തോടെ വകുപ്പ് ബോധവത്കരണം ശക്തിപ്പെടുത്താനും ഒരുങ്ങുന്നു. വകുപ്പ് നല്കുന്ന സേവനങ്ങളെക്കുറിച്ചും തുടർപദ്ധതികളെക്കുറിച്ചും ഡയറക്ടർ ഡോ. അരുൺ എസ്. നായർ 'കേരളകൗമുദി"യോട് സംസാരിക്കുന്നു

? വയോജനകമ്മിഷൻ യാഥാർത്ഥ്യമാവുകയാണല്ലോ. മുതിർന്ന പൗരന്മാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള ചുവടുവയ്പുകൾ.

 വയോജന സംരക്ഷണത്തിന് നിയമങ്ങളുണ്ട്. എന്നാൽ സംവിധാനത്തിന്റേതായ വിടവുകളും (ഗ്യാപ്)​ ഉണ്ട്. ഈ വിടവുകൾ നികത്താനുള്ള സ്റ്റാറ്റ്യൂട്ടറി സൂപ്പർവിഷൻ നൽകുക എന്നതാണ് കമ്മിഷന്റെ പ്രധാന ഉദ്ദേശ്യം. മെയിന്റനൻസ് ആക്ടിനു കീഴിൽ ട്രിബ്യൂണലുകളും അപ്പലേറ്റ് ട്രിബ്യൂണലുകളുമുണ്ട്,​ വയോജന കൗൺസിലുകളുണ്ട്,​ സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികളുണ്ട്. ഇതിനു പുറമെ,​ മറ്റു വകുപ്പുകളും മുതിർന്നവർക്കായി പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ഈ ശ്രമങ്ങളെല്ലാം ഒരേ നൂലിൽ കോർക്കേണ്ടത് ആവശ്യമാണ്. ഇതും കമ്മിഷന്റെ ലക്ഷ്യമാണ്.

?​ നിയമസംരക്ഷണവും പദ്ധതികളുമൊന്നും പല വയോജനങ്ങൾക്കും അറിയില്ലല്ലോ....

ബോധവത്കരണമാണ് ഏറ്രവും പ്രധാനം. പ്രത്യേകം കമ്മിഷൻ രൂപീകരിക്കുന്നത് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വയോജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കൂടിയാണ്.

?​ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്ക് താക്കീത് നൽകലും കമ്മിഷന്റെ ഉത്തരവാദിത്വമല്ലേ.

തീർച്ചയായും. ശിക്ഷ വിധിക്കാൻ കമ്മിഷന് അധികാരമില്ല. എന്നാൽ ശിക്ഷാനടപടികൾ ശുപാർശ ചെയ്യാനാവും. സബ്കളക്ടർ അല്ലെങ്കിൽ ആർ.ഡി.ഒ ആണ് ട്രിബ്യൂണൽ ആയിട്ടുള്ളത്. കമ്മിഷന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ട കാര്യങ്ങൾ ട്രിബ്യൂണലിന് നൽകാം. അതോടെ കേസ് ശക്തിപ്പെടും.

?​ നിയമങ്ങളെക്കുറിച്ച് അജ്ഞരായ ദുർബലവിഭാഗങ്ങൾ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ.

ദുർബലവിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും നിയമത്തെക്കുറിച്ചും ആക്ടിവിസ്റ്രുകൾക്ക് അറിയാം. എന്നാൽ ഗുണഭോക്താക്കളിലേക്ക് ഈ വിവരങ്ങൾ എത്തുന്നില്ല. വിഘടിച്ചുപോകുന്ന തരത്തിലുള്ള ബോധവത്കരണമാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ ബോധവത്കരണം താഴെത്തട്ടിലേക്ക് എത്തിക്കാനുള്ള മാർഗങ്ങൾ തേടുകയാണ്. റെയിൽവേ സ്റ്റേഷൻ,​ മാളുകൾ,​ ട്രെയിനുകൾ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ,​ ബസുകൾ എന്നിവയിലൂടെ നിയമാവബോധം സാധാരണക്കാരിൽ എത്തിക്കാനുള്ള പദ്ധതി ഗവൺമെന്റിലേക്ക് നൽകുന്നുണ്ട്.

ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയവർക്കായി കാൾ സെന്ററുകളുണ്ടെങ്കിലും പൂർണപ്രാപ്തിയിലെത്തിയിട്ടില്ല. അവ അപ്ഗ്രേഡ് ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടാൽ പരാതി നൽകാനുള്ള വെബ് സൈറ്റ് ഉടനെ ട്രയൽറൺ ആരംഭിക്കും.

?​ ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് ഉപജീവനത്തിനായി സൗജന്യ ഇ - ഓട്ടോറിക്ഷ നൽകുന്ന 'സ്നേഹയാനം" പദ്ധതി എന്തായി.

രണ്ടുവർഷം മുമ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതിലൂടെ 24 ഇ- ഓട്ടോറിക്ഷകൾ നൽകിയിരുന്നു. പദ്ധതിക്ക് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നത് ആലോചനയിലുണ്ട്.

?​ ഹോം നഴ്സിംഗ് ഏജൻസികൾ യോഗ്യതയില്ലാത്തവരെ ജോലിക്കു നിയോഗിക്കുന്നത് എങ്ങനെ തടയും.

 സംസ്ഥാനത്ത് തട്ടിക്കൂട്ട് ഹോംനഴ്സിംഗ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് തടയിടാൻ ഹോം നഴ്സിംഗ് സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ ഏർപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ കരട് സർക്കാരിന് നൽകിയിട്ടുണ്ട്. ഏജൻസികൾ വീടുകളിലേക്ക് അയയ്ക്കുന്ന ഹോം നഴ്സുമാർ ശരിയായ പരിശീലനം ലഭിച്ചവരായിരിക്കണം. വിജയകരമായി പരിശീലനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും നൽകണം. നിലവിൽ 'നിഷും" 'നിപ്മറും" എൻ.ജി.ഒ കളുമൊക്കെ ഹോംനഴ്സുമാർക്ക് ട്രെയിനിംഗ് നൽകുന്നുണ്ടെങ്കിലും അതിനായി ഒരു പോളിസി നിലവിലില്ല.

ആരോഗ്യ സർവകലാശാലയുമായി ചേർന്ന് കഴിഞ്ഞവർഷം സർക്കാർ ഹോമുകളിൽ പ്രവർത്തിക്കുന്ന ഹോംനഴ്സുമാർക്ക് പരിശീലനം നൽകിയിരുന്നു. സ്വകാര്യ ഏജൻസികളുടെ ഹോംനഴ്സുമാർക്ക് ഈ വർഷം മുതൽ ട്രെയിനിംഗ് നൽകും. സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയാൽ പരാതികളിന്മേൽ വേഗത്തിൽ നടപടിയെടുക്കാനാവും. പോളിസി രൂപീകരിക്കുക, ട്രെയിനിംഗിന് മാനദണ്ഡം വയ്ക്കുക തുടങ്ങിയ കടമ്പകളുണ്ട്. അക്രഡിറ്റേഷൻ ഏർപ്പെടുത്തുന്നതോടെ മികച്ച സേവനം നൽകുന്ന ഏജൻസികൾക്ക് സ്റ്റാർ റേറ്റിംഗ് നൽകും. നല്ല റേറ്രിംഗുള്ള ഏജൻസികൾക്ക് കൂടുതൽ കസ്റ്റമേഴ്സിനെ ലഭിക്കും.

?​ വൃദ്ധസദനങ്ങളുടെ മോണിറ്ററിംഗ്.

സർക്കാർ സദനങ്ങളിൽ സാമൂഹ്യനീതി വകുപ്പ് പ്രതിനിധികൾ വർഷത്തിലൊരിക്കലും,​ ജില്ലാ ഓഫീസർ മൂന്നു മാസത്തിലൊരിക്കലും സന്ദർശനം നടത്തും. സർക്കാർ ഗ്രാന്റ് നൽകുന്ന നൂറിലേറെ സദനങ്ങളുണ്ട്. അർഹതയുണ്ടോ എന്നു നോക്കിയാണ് ഗ്രാന്റ് കൊടുക്കുന്നത്. ഈ സദനങ്ങൾ ജില്ലാ ഓഫീസർ ആറു മാസത്തിലൊരിക്കൽ സന്ദർശിക്കും. ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്ട്രേഷനുള്ള സദനങ്ങൾ ഡയറക്ടറേറ്രിൽ നിന്നും ഓർഫനേജ് കൺട്രോൾ ബോ‌ർഡിൽ നിന്നുമാണ് സന്ദർശിക്കുന്നത്. രജിസ്ട്രേഷനുള്ള വൃദ്ധസദനങ്ങൾ ആയിരത്തോളമുണ്ട്. ഇവ നിശ്ചിത ഇടവേളകളിൽ സന്ദർശിക്കുന്നതിൽ ഓർഫനേജ് കൺട്രോൾ ബോർ‌ഡിന് പരിമിതിയുണ്ട്.

വൃദ്ധസദനങ്ങൾ രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണ്. രജിസ്ട്രേഷൻ വേണമെന്നറിയാതെ പ്രവർത്തിക്കുന്നവരുണ്ട്. അന്തേവാസികളെ കൃത്യമായ പരിചരണം നൽകി സംരക്ഷിക്കുന്നവയാണെങ്കിൽ രജിസ്ട്രേഷൻ എടുപ്പിച്ച് ഈ സദനങ്ങൾ നിലനിറുത്തും. എന്നാൽ മനഃപൂർവം രജിസ്ട്രേഷനെടുക്കാത്ത സദനങ്ങളുമുണ്ട്. ഇത്തരം സദനങ്ങൾ പൂട്ടിക്കും. ചൂഷണം നടക്കുന്നതായി ബോദ്ധ്യപ്പെട്ടാലും കർശനനടപടി സ്വീകരിക്കും. ഇടുക്കിയിൽ 15 അന്തേവാസികളുള്ള ഒരു സദനം പൂട്ടിച്ചത് ചൂഷണത്തിന്റെ പേരിലായിരുന്നു. അന്തേവാസികളെ മറ്റൊരു സദനത്തിലേക്ക് മാറ്റി.

?​ സംസ്ഥാനത്തെ സ്ഥാപനങ്ങൾ പൂർണമായും ഭിന്നശേഷി സൗഹൃദമായിട്ടുണ്ടോ.

 'അക്‌സസബിൾ ഇന്ത്യ ക്യാംപെയിനി"ന്റെ ഭാഗമായി സർക്കാരിന്റെ പഴയ കെട്ടിടങ്ങൾ ഭിന്നശേഷി- കാഴ്ചപരിമിത സൗഹൃദമാക്കി സജ്ജീകരിക്കും. മൂന്നാംഘട്ടം നടന്നുവരുന്നു. വൈകാതെ നൂറ് ശതമാനത്തിലെത്തിക്കാനാകും.

പുതിയ സർക്കാർ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിക്കുന്നത്. പൊതുജനം വരുന്ന എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന പ്രൊപ്പോസൽ സർക്കാരിന് നൽകിയിട്ടുണ്ട്.

?​ ട്രാൻസ്ജെഡറുകൾക്ക് വകുപ്പിന്റെ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടോ.

ട്രാൻസ്ജെഡറുകൾക്കായി മാതൃകാപരമായ നിരവധി സേവനങ്ങൾ ഉറപ്പാക്കുന്നുണ്ട്. സർജറി,​ വിവാഹം,​ വിദ്യാഭ്യാസം,​ തൊഴിൽ എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. കംപ്യൂട്ടർ,​ ക്യാമറ തുടങ്ങി തൊഴിലുപകരണങ്ങൾ വാങ്ങാൻ സഹായം നൽകുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. 'വർണപ്പകിട്ട്" ഫെസ്റ്റിവലിലൂടെ അവർക്ക് കലാവേദികൾ ഉറപ്പാക്കി. കഴിഞ്ഞ തവണ ഇതിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് അവാർഡ് നൽകിയിരുന്നു. 'അനന്യം" എന്ന പേരിൽ ഇവർക്കായി പ്രത്യേകം കലാട്രൂപ്പ് രൂപീകരിച്ചു. ഇപ്പോൾ 21 അംഗങ്ങളുണ്ട്. അവർക്ക് സർക്കാരിന്റെ സ്റ്റേജുകൾ ഉറപ്പാക്കുന്നുമുണ്ട്.

ട്രാൻസ്‌ജെൻഡറുകൾക്കായി ഷോർട്ട് സ്റ്റേ ഹോമുകൾ ഒരുക്കിയിട്ടുണ്ട് . ട്രാൻസ്‌മെനിനു വേണ്ടി തിരുവനന്തപുരത്തും ട്രാൻസ്‌ വുമണിനു വേണ്ടി എറണാകുളത്തുമാണ് ഹോമുകൾ. സർജറി കഴിയുന്നവർക്ക് മൂന്നുമാസം വരെ ഷോർട്ട് സ്റ്റേ ഹോമിൽ കഴിയാം. ഇന്റർവ്യൂവിനോ മറ്റ് അത്യാവശ്യങ്ങൾക്കോ ഈ നഗരങ്ങളിലെത്തിയാൽ ഒരാഴ്ച വരെ ഇവിടെ താമസിക്കുകയും ചെയ്യാം. ഇതിനു പുറമേ അവർക്കായി 'ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ" എറണാകുളത്ത് കാക്കനാട്ട് പ്രവർത്തിക്കുന്നു. വീട്ടിൽനിന്ന് പുറത്താക്കപ്പെടുക,​ ലൈംഗികാതിക്രമത്തിന് ഇരയാവുക തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്നവർക്ക് അഭയകേന്ദ്രമായിരിക്കും ഇത്. ഇവിടെ വൈദ്യസഹായം,​ നിയമസഹായം, ക്ളിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം തുടങ്ങിയവയുണ്ട്.

?​ അതിക്രമം നേരിടേണ്ടി വരുന്നവർക്കുള്ള പിന്തുണ...

പരാതികൾ പൊലീസിലേക്കാണ് പോകുന്നത്. വകുപ്പ് പൊലീസുമായി ബന്ധപ്പെട്ട് വേണ്ട സഹായം ഉറപ്പാക്കും.

TAGS: ARUN S NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.