''ഒരു സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികളെന്ന നിലയിൽ, നമ്മൾ ഓരോരുത്തരും ആരെയാണ് ആത്മാർത്ഥമായി വിശ്വസിക്കേണ്ടതെന്ന് ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ? അതോ, ആരെയും വിശ്വസിക്കേണ്ട കാര്യമില്ലേ? അവരവരുടെ നിലയിലുള്ള മറുപടി മതി. പിന്നെ ഇത്, പരീക്ഷയൊന്നുമല്ല. ഞാൻ പരീക്ഷയിടാൻ വന്ന ആളുമല്ല, ആലോചിച്ചു മാത്രം മറുപടി പറഞ്ഞാൽ മതി. ഒന്നോർത്തു നോക്കു, വിശ്വാസമില്ലെങ്കിൽ, എന്തെങ്കിലും നിലനിൽക്കുമോ? പരസ്പരം വിശ്വാസമില്ലാത്തവർക്ക്, ഭാര്യാഭർത്താക്കന്മാരായിരിക്കാൻ കഴിയുമോ? ഏകോദര സോദരങ്ങളെന്നു പറയാമെങ്കിലും, പരസ്പര വിശ്വാസമില്ലാവർ, യഥാർത്ഥ സോദരങ്ങളാകുമോ? മക്കളെന്നു പറയാമെങ്കിലും, മാതാപിതാക്കളെ, വിശ്വാസമില്ലാത്തവരെങ്ങനെ മക്കളാകും? മക്കളെപോലും വിശ്വസിക്കാത്തവർക്കെങ്ങനെ, മാതാപിതാക്കളുടെ മേലങ്കിയിണങ്ങും! ഇനി, സൗഹൃദത്തിന്റെ കാര്യമെടുത്താലോ, പരസ്പര വിശ്വാസമില്ലെങ്കിൽ, എന്തു സൗഹൃദമാണ്! ഇങ്ങനെ പോകുന്നു കാര്യങ്ങൾ അല്ലേ? ഓ, ഇതിലെന്തിരിക്കുന്നു, ഇതൊക്കെ ഞങ്ങൾക്കറിയാമല്ലോ, പക്ഷേ ഞങ്ങളിങ്ങനെയൊക്കെ തന്നെയായിരിക്കുമെന്ന് ആർക്കെങ്കിലും പറയാൻ തോന്നുന്നുണ്ടോ? തോന്നുമല്ലോ, അതല്ലേ നമ്മൾ! ഒന്നു മനസിലാക്കുക, ഈ ലോകത്തെ ഇതുവരെ നിലനിർത്തിയതും ഇനി, മുന്നോട്ടു നയിക്കാൻ പോകുന്നതും വിശ്വാസമാണ്! പക്ഷെ, വിശ്വാസത്തിന് തനിയെ അധികകാലം നിലനിൽക്കാൻ കഴിയുമോ? പരസ്പരമായാലല്ലേ അർത്ഥമുള്ളതാകു! അല്ലാതെ, തനിക്കു താനും, പുരക്ക് തൂണുമെന്ന നിലയിലായാലോ! അത്, വിശ്വാസമാകുമോ?"" ഇപ്രകാരം, പ്രഭാഷകൻ, മനുഷ്യബന്ധങ്ങളിലെ പരസ്പര വിശ്വാസത്തിന്റെ മഹത്വത്തെ, മാഹാത്മികതയേയും ഹൃദ്യമാക്കുന്ന നുറുങ്ങുകൾ, സദസ്യരുടെ നേർചിന്തയുടെ വിഷയമാകട്ടെയെന്ന നല്ല ലക്ഷ്യത്തോടെയാണ് പറഞ്ഞതെന്ന് സദസ്യരിൽ പലർക്കും മനസിലായിരുന്നു. അതിനാൽ, പ്രഭാഷകന്റെ തുടർന്നുള്ള വാക്കുകൾക്കായി എല്ലാവരും ശ്രദ്ധയോടെയിരുന്നു. തന്റെ വാക്കുകളിലുള്ള വിശ്വാസമാണ്, ക്ഷമയോടെ തന്നെ ശ്രവിക്കാൻ സദസ്യർ കാത്തിരിക്കുന്നതെന്ന ചിന്ത, പ്രഭാഷകനു നൽകിയ സംതൃപ്തി വാക്കുകൾക്കതീതമായിരുന്നു. സദസ്യരെയാകെ വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''അപരന്, എന്നിൽ വിശ്വാസം വരണമെങ്കിൽ, എനിക്ക്, എന്നിൽ വിശ്വാസമുണ്ടെന്ന് അപരന് ബോദ്ധ്യപ്പെടണം! സ്വയം വിശ്വാസമില്ലാത്തവനെയെങ്ങനെയാണ്, അപരൻ വിശ്വസിക്കുന്നത്? ഇത് എല്ലാ മനുഷ്യർക്കുമെന്നല്ല, എല്ലാ ജീവികൾക്കും ബാധകമാവുന്ന അടിസ്ഥാന പ്രമാണമാണ്. എന്തുവന്നാലും, നിൽക്കുന്നവന്റെ കൂടെയല്ലേ നിൽക്കാൻ പറ്റു! ഓടുന്നവന്റെ കൂടെ, ഓടാനല്ലേ പറ്റു! മൂന്നുപേരെ, സുൽത്താൻ തൂക്കിലേറ്റാൻ വിധിച്ചു. വിധി നടപ്പാക്കുന്നതിന് മുമ്പായി, സുൽത്താൻ നേരിലെത്തി ഓരോരുത്തരുടേയും അന്ത്യാഭിലാഷം ആരാഞ്ഞു. ആദ്യത്തെയും, രണ്ടാമത്തെയും വ്യക്തികൾക്ക് കഠിനദുഃഖം മൂലം നാവനക്കാൻ പോലും കഴിഞ്ഞില്ല. അവർ കഠിനവ്യധയിൽ ഏങ്ങലടിച്ചു കരയുകയായിരുന്നു. സുൽത്താൻ, മൂന്നാമത്തെ ആളെ സമീപിച്ചു. അയാൾ പറഞ്ഞു, അങ്ങ് ഇപ്പോൾ ഇവിടെ വന്ന ഈ വെള്ളകുതിരപ്പുറത്ത് ആകാശവഴികളിലൂടെ പറന്നുപോകുന്നത് കണ്ട് ശത്രു രാജ്യത്തെ രാജാക്കന്മാരും ജനങ്ങളും നോക്കി നിൽക്കുന്ന കാഴ്ച കണ്ടിട്ടു മരിക്കണമെന്നൊരു ആഗ്രഹമുണ്ട്. അങ്ങ്, അതിന് അനുവദിക്കണം. മണ്ടൻ സുൽത്താന് അതിൽ കൗതുകമായി. അയാൾ ചോദിച്ചു: അതിന് കുതിര പറക്കുമോ? അതെ, ഞാനതിനെ പറക്കാൻ പഠിപ്പിക്കും. അതിന് പത്തുവർഷം തരണം. സുൽത്താൻ സന്തോഷത്തോടെ അത് അനുവദിച്ചു. മറ്റു രണ്ടുപേരെയും തൂക്കിലേറ്റാൻ നിർദേശിച്ചു. സുൽത്താൻ പോയി കഴിഞ്ഞപ്പോൾ, അതൊക്കെ കണ്ടുനിന്നവർ, ആ ബുദ്ധിമാനോടു ചോദിച്ചു, കുതിര പറക്കുമെന്ന് വിശ്വാസമുണ്ടോ? അതെ, എനിക്ക് എന്നിൽ വിശ്വാസമുണ്ട്. ഞാനതിനെ പറക്കാൻ പഠിപ്പിക്കാൻ ശ്രമിക്കും! അപ്പോൾ, നാലു സാദ്ധ്യതകൾ: ചിലപ്പോൾ കുതിര ചാകും. ചിലപ്പോൾ പത്തു കൊല്ലത്തിനിടയിൽ സുൽത്താൻ തട്ടി പോയാലോ! അതുമല്ലെങ്കിൽ ഞാൻ മരിച്ചാലോ! അല്ലെങ്കിൽ അറ്റകൈക്ക് കുതിരയങ്ങ് പറന്നാലോ! എന്തായാലും ലാഭം. അല്ലെങ്കിൽ, സ്വന്തമായി മിണ്ടാൻ പോലും വിശ്വാസമില്ലാത്തവന്മാരുടെ കൂടെ എന്നെയും ഇപ്പോൾ തൂക്കില്ലേ! എങ്ങനെയുണ്ട്? എല്ലാം സൂക്ഷിച്ചു മതി കേട്ടോ!"" കൂട്ടച്ചിരി ഉയരുന്ന സദസിനെ നോക്കി പ്രഭാഷകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |