ഭാരതം നടത്താൻ പോകുന്ന ഗഗൻയാൻ ബഹിരാകാശ മനുഷ്യദൗത്യത്തിന് കരുത്തേകാനാണ് ഇന്ത്യൻ ഗഗനചാരി ശുഭാംശു ശുക്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിലുളള ഗഗൻയാൻ മുന്നൊരുക്കങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനൊപ്പം, മനുഷ്യരാശിക്കായുള്ള നിരവധി പരീക്ഷണദൗത്യങ്ങളും ഈ യാത്രയിൽ അദ്ദേഹം ഏറ്റെടുക്കുകയും, ഒപ്പം ആക്സിയം 4 സഹയാത്രികർക്കൊപ്പം മറ്റ് പരീക്ഷണങ്ങളിൽ പങ്കാളികയാവുകയും ചെയ്യുന്നുണ്ട്. ശുഭാംശുവിന്റെ ഈ ദൗത്യം ഇന്ത്യയ്ക്കു മാത്രമല്ല, ആഗോളതലത്തിൽ രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങൾ ഉറപ്പിക്കുന്നതിനും സഹായകമാകും.
സൂക്ഷ്മ ഗുരുത്വാകർഷണത്തിന്റെ ഫലങ്ങൾ മനസിലാക്കാനും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് സഹായകമാകുന്ന ജൈവ, സാങ്കേതിക കാര്യങ്ങൾ കണ്ടെത്താനും ലക്ഷ്യമിടുന്ന ഏഴ് വ്യത്യസ്ത ശാസ്ത്രീയ പരീക്ഷണങ്ങളാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ശുഭാംശുവിന്റേത്. പേശികളിലെ സൂക്ഷ്മ ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തെക്കുറിച്ചാണ് ആദ്യപരീക്ഷണം. സൂക്ഷ്മ ഗുരുത്വാകർഷണം പേശികളിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ എന്നും കൗതുകമുണർത്തുന്നതാണ്. ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന ബഹിരാകാശ യാത്രികരുടെ പേശികൾക്ക് ബലക്ഷയം സംഭവിക്കാറുണ്ടെന്നത് വസ്തുതയാണ്. ബഹിരാകാശത്ത് ദീർഘകാലം കഴിഞ്ഞിട്ടുള്ള സുനിതാ വില്യംസിനും ഇത് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
പേശികളും
വിത്തുകളും
ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റെം സെൽ സയൻസ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ രൂപകൽപനചെയ്ത പരീക്ഷണമാണ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. ഈ പഠനം സൂക്ഷ്മ ഗുരുത്വാകർഷണത്തിൽ പേശികളുടെ പ്രതികരണം പഠിക്കുകയും, അതുമായി ബന്ധപ്പെട്ട രോഗങ്ങൾ ചികിത്സിക്കുന്നതിൽ പുരോഗതി നേടാൻ സഹായിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
സൂക്ഷ്മ ഗുരുത്വാകർഷണം വിത്തുകളിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചാണ് രണ്ടാമത്തെ പരീക്ഷണം. യൂറോപ്യൻ സ്‌പെയ്സ് ഏജൻസി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പെയ്സ് ആൻഡ് ടെക്‌നോളജി എന്നിവയുമായി സഹകരിച്ച് നടത്തുന്ന പരീക്ഷണം രൂപകൽപന ചെയ്തത് വെള്ളായണി കാർഷിക സർവകലാശാലയാണ്. സൂക്ഷ്മ ഗുരുത്വാകർഷണ സാഹചര്യത്തിൽ വിത്തുകളിലെ ജനിതക ഗുണങ്ങൾ എങ്ങനെ മാറുന്നുവെന്ന് കണ്ടെത്താവും ശ്രമം. ഇതിനായി കാർഷിക സർവകലാശാല വികസിപ്പിച്ച ജ്യോതി, ഉമ (നെല്ല്), കനകമണി (കുറ്റിപ്പയർ), തിലകതാര (എള്ള്), സൂര്യ (വഴുതന), വെള്ളായണി വിജയ് (തക്കാളി) എന്നീ ആറ് വിത്തിനങ്ങളാണ് ഉപയോഗിക്കുന്നത്. ബഹിരാകാശ യാത്രയ്ക്ക ശേഷം ഈ വിത്തുകൾ തിരികെ ഭൂമിയിൽ കൊണ്ടുവരും. അത് ഇവിടെ പാകി അതിന്റെ കിളിർപ്പും വളർച്ചയും വിളവും നിരീക്ഷിച്ച്പഠനംനടത്തും. ഭാവിയിൽ ബഹിരാകാശ കൃഷിക്ക് ഇത് ഒരു പ്രധാന കണ്ണിയായി മാറുമെന്നാണ് പ്രതീക്ഷ.
ടാർഡിഗ്രേഡുകളെക്കുറിച്ചുള്ളതാണ് മൂന്നാമത്തെ പരീക്ഷണം. അര മില്ലീമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള ജീവികളാണ് ടാർഡിഗ്രേഡുകൾ. അതേസമയം, ലോകത്ത് ഇന്നുള്ളതിൽ ഏറ്റവുമധികം പ്രതിരോധശേഷിയുള്ളതും ഇവയ്ക്കാണ്. 600 ദശലക്ഷം വർഷങ്ങളായി ഭൂമിയിൽ നിലനിൽക്കുന്നവയാണ് ഇവ. ബഹിരാകാശത്തിലെ കഠിനമായ സാഹചര്യങ്ങളിൽ ഇവയുടെ പെരുമാറ്റം വിലയിരുത്തുന്നതാണ് പരീക്ഷണം.
ആൾഗകൾ തരും,
ആകാശ ഭക്ഷണം
ശുദ്ധജലത്തിലും, സമുദ്ര പരിസ്ഥിതിയിലും കാണപ്പെടുന്ന സൂക്ഷ്മ ആൽഗകളെ ബഹിരാകാശത്തെ മനുഷ്യരുടെ അധിവാസത്തിൽ പ്രയോജനപ്പെടുത്താനാകുമോ എന്നതുമായി ബന്ധപ്പെട്ടതാണ് നാലാം പരീക്ഷണം. ബഹിരാകാശ ദൗത്യങ്ങളിൽ പോഷകങ്ങളുടെ ഒരു സ്രോതസായി ഇത് ഭാവിയിൽ ഉപയോഗിക്കാനാകുമോ എന്നതാണ് ലക്ഷ്യം.
മുളകിന്റെയും ഉലുവയുടെയും വിത്തുകൾ ബഹിരാകാശ സാഹചര്യത്തിൽ മുളയ്ക്കുമോ എന്നറിയുകയാണ് അഞ്ചാമത്തെ പരീക്ഷണം. ഏത് സാഹചര്യത്തെയും അതിജീവിക്കാൻ കെല്പുള്ളവയാണ് ഈ വിത്തുകൾ. സൂക്ഷ്മ ഗുരുത്വാകർഷണ അവസ്ഥയിൽ ഈ വിത്തുകൾക്ക് എന്തു സംഭവിക്കുന്നുവെന്നാണ് പരിശോധിക്കുക. ഗ്രഹങ്ങളിൽ കൃഷിയുടെ സാദ്ധ്യതയറിയാനാണ് ഇത്.
ജീവപ്രകൃതിയുടെ അടിസ്ഥാന രൂപങ്ങളായ ബാക്ടീരിയകൾ ബഹിരാകാശ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയുന്നതിന്റെ കൗതുകമാണ് ആറാമത്തെ പരീക്ഷണം. രണ്ട് തരം ബാക്ടീരിയകളെയാണിതിന് ഉപയോഗിക്കുന്നത്.ബഹിരാകാശത്തിലെ ബാക്ടീരിയകളുടെ വളർച്ച, പ്രതികരണം, സ്വഭാവം എന്നിവ മനസ്സിലാക്കാൻ ശ്രമിക്കും.ബഹിരാകാശനിലയത്തിന്റെ ശുചിത്വം,ആരോഗ്യം,സുരക്ഷ എന്നിവയുടെ വിലയിരുത്തലിനും ഇത് നിർണ്ണായകമാണ്.
ബഹിരാകാശ സാഹചര്യത്തിൽ കംപ്യൂട്ടർ സ്ക്രീനുകളിലെ വെളിച്ചം കണ്ണുകളിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചാണ് ഏഴാമത്തെ പരീക്ഷണം. കംപ്യൂട്ടർ സ്‌ക്രീനുകളിൽ നിന്നുള്ള പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന് ബഹിരാകാശ സാഹചര്യത്തിൽ മാറ്റമുണ്ടാകും. ഇത് മനുഷ്യരുടെ കണ്ണിനുണ്ടാകുന്ന പ്രഭാവമാണ് വിലയിരുത്തുക. ബഹിരാകാശ നിലയങ്ങളിൽ ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരും.അതുകൊണ്ട് തന്നെ ബഹിരാകാശനിലയത്തിൽ ഗഗനചാരികളുടെ നിലനിൽപിന് വേണ്ടിയുള്ളതാണ് ഇൗപരീക്ഷണം.
അർബുദ
ചികിത്സയിൽ
ശുഭാംശു നടത്തുന്ന പരീക്ഷണങ്ങൾക്കു പുറമെ, അറുപതോളം ചെറുതും വലുതുമായ നിരീക്ഷണ, ഗവേഷണങ്ങൾ ശുഭാംശു ശുക്ള ഉൾപ്പെട്ട നാലാമത് ആക്സിയം സ്പെയ്സ് യാത്രാസംഘം നടത്തുന്നുണ്ട്. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടതാണ് അതിൽ പ്രധാനം. കാൻസർ കോശങ്ങൾ മൈക്രോ ഗ്രാവിറ്റിയുടെ സമ്മർദങ്ങളിൽ എങ്ങനെയാണ് പെരുമാറുന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതാണിത്. മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സണിന്റെ നേതൃത്വത്തിലാണിത് ഈ പരീക്ഷണം. തീവ്ര കാൻസർ രോഗങ്ങൾക്കുള്ള ചികിത്സാരീതികൾ വികസിപ്പിക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. സാൻഫഡ് സ്റ്റെം സെൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് രൂപകൽപന ചെയ്തത്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ന്യൂറോ മോഷൻ വെർച്വൽ റിയാലിറ്റി ഗവേഷണം, ടെലിമെട്രിക് ഹെൽത്ത് എ.ഐ പഠനം എന്നിവയും ഇത്തവണ ബഹിരാകാശ നിലയത്തിൽ നടത്തുന്നുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ജൂൺ 26- നു വൈകുന്നേരം എത്തിയ ശുഭാംശുവും സംഘവും ഇതിനകം പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചു. മൈക്രോ ആൽഗയുമായും പേശികളുടെ ആരോഗ്യവുമായും ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് തുടങ്ങിയത്. ഗുരുത്വാകർഷണം തുലോം കുറഞ്ഞ അവസ്ഥയിൽ പേശീ മൂലകോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന പരീക്ഷണത്തിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇതിനകം തുടക്കം കുറിച്ചത്.
നീണ്ടകാലം ഐ.എസ്.എസിൽ കഴിയുന്ന ശാസ്ത്രജ്ഞർക്ക് പേശീക്ഷയം ഉണ്ടാകാറുണ്ട്. ഊർജോത്പാദനത്തിനു കാരണമായ കോശഘടകമായ മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം ഗുരുത്വാകർഷണം തീരെ കുറഞ്ഞ അവസ്ഥയിൽ തടസപ്പെടുന്നതാണ് ഇതിനു കാരണം. ശുഭാംശു നടത്തുന്ന ഗവേഷണത്തിന്റെ ഫലം ബഹിരാകാശത്തു മാത്രമല്ല, ഭൂമിയിലും പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കും. പ്രായാധിക്യം മൂലമുള്ള പേശീനഷ്ടം പരിഹരിക്കാനുള്ള ചികിത്സാരീതികൾ ആവിഷ്‌കരിക്കാൻ ഇത് ഉതകുമെന്നാണ് പ്രതീക്ഷ.
പേശികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഗവേഷണത്തിനും മനുഷ്യന്റെ ദഹനേന്ദ്രിയവ്യവസ്ഥ ബഹിരാകാശത്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വീഡിയോ ശുഭാംശു ചിത്രീകരിച്ചു. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായാണ് ഇതു ചിത്രീകരിച്ചത്. ഐ.എസ്.എസിലെ ലബോറട്ടറിയായ ലൈഫ് സയൻസസ് ഗ്ലവ്‌ബോക്സിലായിരുന്നു ശുഭാംശുവിന്റെ ഗവേഷണം. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് പോകുന്നവർക്ക് സുസ്ഥിരവും പോഷകസമൃദ്ധവുമായ ഭക്ഷണം രൂപകല്പനചെയ്യാൻ സഹായിക്കുന്നതാണ് മൈക്രോ ആൽഗെ പരീക്ഷണം. ഭക്ഷ്യയോഗ്യമായ മൈക്രോ ആൽഗെകൾ മൈക്രോ ഗ്രാവിറ്റിയിൽ വികിരണങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നാണ് പഠനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |