ചിരിക്കാൻ ആഗ്രഹിക്കാത്തവരായി ഈ ലോകത്തിൽ ആരുമില്ല. ചിരിക്കാൻ കഴിയാത്തവരായി ആരെങ്കിലുമുണ്ടെങ്കിൽ അതിനു കാരണം അവരുടെ ഉള്ളിലെ വേദനയും പ്രയാസവുമാണ്. അതില്ലാതായാൽ, മുഖത്തു ചിരി താനേ വിടരും. എന്നാൽ, ഇന്നത്തെ ലോകത്തിൽ, ഹൃദയം തുറന്നുള്ള ചിരി വിരളമാണ്. അഥവാ ചിരിച്ചാലും അതു വെറും ചിരിയുടെ ചലനം മാത്രമാണ്; യഥാർത്ഥ ചിരിയല്ല. സുഹൃത്തുക്കളുമായി ഒന്നിച്ചു കൂടുമ്പോഴും ഒരു തമാശ കേൾക്കുമ്പോഴും പലരും ചിരിക്കാറുണ്ട്. എന്നാൽ, അപ്പോൾപോലും അവരുടെ ഹൃദയത്തിൽ വിങ്ങലും വേദനയുമായിരിക്കും മുന്നിട്ടു നില്ക്കുന്നത്.
നിർഭാഗ്യവശാൽ, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞും പരിഹസിച്ചുമാണ് ഇന്നധികവും നമ്മൾ ചിരിക്കാറുള്ളത്.
ഒരിടത്ത് ഒരു ഗുരുവിനു രണ്ടു ശിഷ്യരുണ്ടായിരുന്നു. രണ്ടുപേരും അഹങ്കാരികളായിരുന്നു, എപ്പോഴും പരസ്പരം ദുഷിക്കുന്നതും പരിഹസിക്കുന്നതും അവരുടെ ശീലമായിരുന്നു. ഗുരുവിന്റെ ഉപദേശങ്ങൾക്കൊന്നും അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഗുരു ഒരു ഉപായം കണ്ടെത്തി. ഒരു ദിവസം രാത്രി ശിഷ്യന്മാർ രണ്ടും നല്ല ഉറക്കമായപ്പോൾ ഗുരു രണ്ടുപേരുടെയും മുഖം മുഴുവൻ പലനിറത്തിലുള്ള ചായംകൊണ്ടു കോമാളി വേഷം വരച്ചുവച്ചു. രാവിലെ ആദ്യമുണർന്ന ശിഷ്യൻ അടുത്തു കിടന്നവനെ നോക്കി ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഉച്ചത്തിലുള്ള ചിരികേട്ട്, ഉറങ്ങിക്കിടന്നിരുന്ന ശിഷ്യൻ ഞെട്ടിയുണർന്നു. കണ്ണുതിരുമ്മി നോക്കുമ്പോൾ, തന്റെ മുൻപിലിരുന്നു ആർത്തുചിരിക്കുന്ന സഹപാഠിയെയാണു കണ്ടത്. ഒട്ടും താമസിച്ചില്ല നിറുത്താതെ ചിരിച്ചു കൊണ്ടിരിക്കുന്ന കൂട്ടുകാരന്റെ മുഖത്തു നോക്കി രണ്ടാമത്തെ ശിഷ്യനും ചിരിയോടുചിരിയായി. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും വിരൽ ചൂണ്ടി ആർത്തട്ടഹസിച്ചു ചിരിക്കുകയാണ്. ഇതിനിടയിൽ ആദ്യത്തെയാൾ ഓടിച്ചെന്ന് ഒരു കണ്ണാടിയെടുത്ത് രണ്ടാമന്റെ മുഖത്തിന് നേരെ പിടിച്ചുകൊണ്ട് പറഞ്ഞു. 'നോക്കെടാ... കോമാളി, നിന്റെ മുഖത്തിന് നന്നായി ചേരുന്നുണ്ട്. നീ ഇനിമുതൽ ഇങ്ങനെ നടന്നാൽ മതി." അപ്പോൾ രണ്ടാമൻ കണ്ണാടി പിടിച്ചു വാങ്ങി ഒന്നാമന്റെ മുഖത്തിനു നേരെ തിരിച്ചു പിടിച്ചിട്ട് പറഞ്ഞു 'നീ നോക്കെടാ.... എന്തൊരു കോലം. കടുവാകളിക്കു പോയാൽ നല്ല കാശുകിട്ടും". കാര്യം മനസിലായപ്പോൾ രണ്ടുപേരുടേയും ചിരി ബ്രേക്കിട്ടതുപോലെ നിന്നു. ഇതുപോലെയാണു നമ്മളും. നമ്മൾ മറ്റുള്ളവരുടെ ദൗർബ്ബല്യങ്ങൾ ചർച്ചചെയ്തും പരിഹസിച്ചും ചിരിക്കുമ്പോൾ, അവർ നമ്മുടെ തെറ്റുകളും കുറ്റങ്ങളും എണ്ണിപ്പറഞ്ഞു ചിരിക്കുന്നുണ്ടാവും.
മൂന്നു തരത്തിലുള്ള ചിരിയുണ്ട്. ഒന്നാമത്തേത് മറ്റുള്ളവരുടെ തെറ്റു കുറ്റങ്ങളും അബദ്ധങ്ങളും കണ്ടിട്ടോ ഓർത്തിട്ടോ ചിരി. രണ്ടാമത്തേത്, സ്വന്തം കുറവുകളും വിഡ്ഢിത്തങ്ങളും ഓർത്തു ചിരിക്കുന്നത്. മൂന്നാമത്തേത്. ആത്മാനന്ദത്തിൽ ലയിച്ച് ലോകം മറന്നു എല്ലാം മറന്ന് ചിരിക്കുന്നത്. ഇതിൽ ആദ്യത്തേത്, ഏറ്റവും താണ തരത്തിലുള്ള ചിരിയാണ്. രണ്ടാമത്തേതു കുറച്ചുകൂടി ഉയർന്നനിലയിലുള്ള ചിരിയാണ്. മൂന്നാമത്തേത് ഏറ്റവും ഉയർന്ന ചിരിയാണ്. അത് ആനന്ദത്തിന്റെ ഉത്തുംഗശൃംഗമാണ്. അവനവന്റെ തെറ്റുകളും ദൗർബ്ബല്യ ങ്ങളും തിരിച്ചറിഞ്ഞ്, അവയെ നോക്കി ചിരിക്കുകയും അവയെ അതിക്രമിക്കാൻ ശ്രമിക്കുകയും ചെയ്താൽ, ക്രമേണ മൂന്നാമത്തെ ചിരി നമുക്കു സ്വന്തമാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |