ധർമ്മശാല; ഹിമാചലിലെ മനോഹരമായ മലയോര പട്ടണം. ടിബറ്റൻ പ്രവാസ സർക്കാരിന്റെ ആസ്ഥാനമാണ് ധർമ്മശാലയിലെ മക്ലിയോട്ഗഞ്ച്. ഇന്ന് തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന പതിന്നാലാമത് ദലൈലാമയുടെ ഔദ്യോഗികവാസസ്ഥലവും ഇവിടം തന്നെ. ബുദ്ധ മഠങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ ടിബറ്റൻ സംസ്കാരം എന്നിവയ്ക്കെല്ലാം പ്രശസ്തമാണ് ധർമ്മശാല. 1959-ൽ ചൈനീസ് സർക്കാർ (People’s Republic of China – PRC) നടത്തിയ വംശീയ പീഡനത്തെത്തുടർന്ന് ദലൈലാമയും അദ്ദേഹത്തെ പിന്തുടർന്ന 80,000 അനുയായികളും ധർമ്മശാലയിലേക്ക് എത്തിയപ്പോൾ, ഇന്ത്യ അവർക്ക് അഭയമേകി. അവർ ടിബറ്റൻ പ്രവാസ സർക്കാർ രൂപീകരിച്ച്, ദലൈലാമയെ അതിന്റെ തലവനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇത് ചരിത്രത്തിന്റെ ആമുഖം.
സാങ്കേതികമായി ടിബറ്റ് ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു. സ്വന്തം പതാക, കറൻസി, സർക്കാർ, സൈന്യം... മറ്റു ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും നിയമപരമായി ടിബറ്റിനെ അംഗീകരിച്ചില്ലെങ്കിലും, നാല്പതു വർഷം (1912 മുതൽ 1950 വരെ) ടിബറ്റ് സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നു. ഇതു കൂടാതെ, ഇന്ത്യയ്ക്കും ചൈനയ്ക്കും തമ്മിൽ അതിർത്തി ഉണ്ടായിരുന്നില്ല എന്നത് പ്രധാനമായിരുന്നു. ഇന്ത്യയ്ക്ക് ടിബറ്റ് വഴി മാത്രമേ അതിർത്തി ഉണ്ടായിരുന്നുള്ളൂ. എന്നാൽ 1950-ൽ ടിബറ്റിനെ ചൈന അധീനതയിലാക്കി. ഇതോടെ ബ്രിട്ടീഷ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയായിരുന്ന മക്മോഹൻ ലൈൻ നിയമപരമായും യഥാർത്ഥമായും ഇന്ത്യ- ചൈന അതിർത്തിയായി.
ധർമ്മശാല
എന്ന അഭയം
ടിബറ്റൻ പ്രവാസ സർക്കാർ എന്നത്, ടിബറ്റുകാർക്കു വേണ്ടി നിയമപരമായി അംഗീകരിക്കപ്പെട്ട പ്രതിനിധി സംഘടനയാണ്. ഇത് 1960-ൽ ധർമ്മശാലയിൽ സ്ഥാപിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടിബറ്റൻ അഭയാർത്ഥികൾക്ക് ധർമ്മശാല അഭയം നൽകുന്നു. ദലൈലാമയുടെ നേതൃത്വം, സമാധാനത്തിനായുള്ള പ്രതിബദ്ധത, ആത്മീയ ജ്ഞാനം എന്നിവ ടിബറ്റുകാർക്കിടയിൽ ഐക്യവും സമാധാനവും കൊണ്ടുവന്നു. കൂടാതെ, ലോകമെമ്പാടുമുള്ള ജനങ്ങളുടെ പിന്തുണയും ആർജ്ജിക്കാൻ സഹായിച്ചു.
2011-ൽ, പതിന്നാലാം ദലൈലാമ അതുവരെ താൻ കൈകാര്യം ചെയ്തിരുന്ന ആത്മീയവും രാഷ്ട്രീയവുമായ അധികാരങ്ങൾ സമാധാനപരമായി ഉപേക്ഷിക്കുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അധികാരത്തിലൂടെയല്ല, മറിച്ച് സഹാനുഭൂതിയിലൂടെയും ജ്ഞാനത്തിലൂടെയും തുടരുന്നു. ടിബറ്റൻ അഭയാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 2011-ൽ ജനാധിപത്യ സർക്കാർ രൂപീകരിക്കപ്പെട്ടു. ദലലെലാമയെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും, നേതാക്കളും ബഹുമാനിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്ത്യ, യു.എസ്, കാനഡ, യു.കെ, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ഓസ്ട്രേലിയ, സ്വിറ്റ്സർലാൻഡ്, സ്വീഡൻ തുടങ്ങിയ നോർഡിക് രാജ്യങ്ങളടക്കം പല രാജ്യങ്ങളും ദലൈലാമയെ ഔദ്യോഗികമായി പിന്തുണയ്ക്കുന്നു.
ഓർമ്മയുടെ
പുസ്തകം
ചൈനയുടെ സമ്മർദ്ദമുണ്ടായിരുന്നിട്ടും നിരവധി ലോകനേതാക്കൾ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. താൻ ജീവിച്ചിരിക്കുമ്പോൾ, മറ്റുള്ളവരെ സഹായിക്കുക എന്നതിനാണ് തന്റെ മുൻഗണന എന്ന് കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ദലൈലാമ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ Voice for the Voiceless എന്ന തന്റെ ഓർമ്മപ്പുസ്തകത്തിൽ, അടുത്ത ദലൈലാമ ജനിക്കേണ്ടത് ചൈനയ്ക്കു പുറത്തുള്ള 'സ്വതന്ത്ര ലോകത്തി"ലാണെന്നും അതുവഴി ടിബറ്റൻ ആത്മീയ പാരമ്പര്യ ശുദ്ധി സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് സർക്കാർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നത് തടയാൻ വേണ്ടി കൂടിയായിരുന്നു ഇത്.
ദലൈലാമയുടെ അഭിപ്രായത്തിൽ, പുനർജന്മം എന്നത് ടിബറ്റൻ ബുദ്ധമതത്തിലെ വിശുദ്ധവും മതപരവുമായ ഒരു പരമ്പരാഗത ആശയമാണ്. ടിബറ്റൻ ബുദ്ധമതത്തിന്റെ ഭാവി നിർണയിക്കാനുള്ള അവകാശം ഒരു സർക്കാരിനും ഉള്ളതല്ല, മറിച്ച്, പുനർജന്മത്തിലൂടെ വരുന്ന വംശാവലിക്കു തന്നെയാണ്. ടിബറ്റൻ ബുദ്ധമത വിശ്വാസപ്രകാരം, ദലൈലാമ കരുണയുടെ ബോധിസത്വനായ അവലോകിതേശ്വരന്റെ പുനർജന്മമാണ്. ഓരോ ദലൈലാമയും തങ്ങളുടെ മുൻഗാമിയുടെ പുനർജന്മമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ടിബറ്റൻ ജനത പുനർജന്മത്തിൽ വിശ്വസിക്കുന്നു. ദലൈലാമയുടെ മരണത്തിനു ശേഷം മുതിർന്ന സന്യാസിമാർ പ്രത്യേക കർമ്മങ്ങളും ആചാരങ്ങളും നിർവഹിക്കുകയും, ദലൈലാമയുടെ മരണവുമായി ബന്ധപ്പെട്ട അടയാളങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. പുതുതായി ജനിക്കേണ്ട ദലൈലാമയുടെ ജനനസ്ഥലവും സാഹചര്യങ്ങളും സൂചിപ്പിക്കുന്ന ആത്മീയ ലക്ഷണങ്ങളും ശകുനങ്ങളും ഈ സന്യാസിമാർ പരിശോധിക്കുന്നു. മുതിർന്ന ലാമകൾ ധ്യാനത്തിലേക്കു ചെല്ലുകയും, ദൈവിക സൂചനകൾ നൽകുന്ന സ്വപ്നങ്ങൾ പ്രാപ്യമാകാൻ ശ്രമിക്കുകയും ചെയ്യുന്നു. ടിബറ്റിന്റെ ഔദ്യോഗിക ഓറാക്കിളായ നെചുൻഗ് ഓറാക്കിളുമായി കൂടിയാലോചിക്കുന്നു. ആത്മീയപ്രേരിതമായ പ്രവചനങ്ങൾ തിരച്ചിലിന് മാർഗനിർദേശം നൽകുന്നു.
ദൈവത്തിന്റെ
വിരൽമുദ്ര
ഈ ദർശനങ്ങൾ അടിസ്ഥാനമാക്കി സന്യാസിമാർ ദൈവിക സൂചനകൾക്കനുസരിച്ച് തിരച്ചിൽ സംഘങ്ങൾ രൂപീകരിക്കുകയും, സാദ്ധ്യമായ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്യും. ദലൈലാമയുടെ മരണസമയത്തോടടുത്ത് ജനിച്ച,പ്രത്യേക കഴിവുകളുള്ള കുട്ടികളെയാണ് അവർ തിരയുന്നത്. തിരഞ്ഞെടുത്ത കുട്ടികളെ സന്യാസിമാരുടെ അടുത്തേക്ക് കൊണ്ടുവരികയും, മുൻ ദലൈലാമ ഉപയോഗിച്ചിരുന്ന വസ്തുക്കൾകൊണ്ട് പരീക്ഷിക്കുകയും ചെയ്യും. കുട്ടിക്ക് പല വസ്തുക്കളും കാണിക്കുന്നു, അതിൽ ചിലത് മുൻ ദലൈലാമയുടേതായിരിക്കും. കുട്ടി ശരിയായ വസ്തുക്കൾ തിരിച്ചറിയുകയാണെങ്കിൽ (ജപമാലകൾ, വസ്ത്രങ്ങൾ, വിശുദ്ധ ഗ്രന്ഥങ്ങൾ മുതലായവ ), അത് പുനർജന്മത്തിനുള്ള ശക്തമായ സൂചനയാകുന്നു.
കുട്ടിയുടെ പെരുമാറ്റം, ഓർമ്മശക്തി, അറിവ് എന്നിവയും വിലയിരുത്തപ്പെടുന്നു. സമഗ്രമായ നിരീക്ഷണത്തിനു ശേഷം, കുട്ടി എല്ലാ പരീക്ഷണങ്ങളിലും വിജയിക്കുകയും ആത്മീയപാകത തെളിയിക്കുകയും ചെയ്താൽ, മുതിർന്ന സന്യാസിമാർ ഔദ്യോഗികമായി ആ കുട്ടിയെ ലാമയുടെ പുനർജന്മമായി അംഗീകരിക്കുംന്നു. തുടർന്ന്, കുട്ടിയെ ബൗദ്ധ ഉപദേശങ്ങളും നേതൃപരിശീലനങ്ങളും ലഭിക്കാനായി ഒരു ആശ്രമത്തിലേക്ക് കൊണ്ടുപോകും. പരമ്പരാഗതമായി പഞ്ചൻ ലാമയ്ക്കാണ് ദലൈലാമയുടെ പുനർജന്മം തിരിച്ചറിയുന്നതിൽ പ്രധാന പങ്ക്.
ലാമയിലെ
രാഷ്ട്രീയം
1950-ൽ ചൈനയുടെ ടിബറ്റൻ അധിനിവേശത്തിനുശേഷമാണ് ചൈനീസ് സർക്കാർ ടിബറ്റിലെ ബൗദ്ധ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചത്. 1995-ൽ, ദലൈലാമയുടെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചൻലാമ അപ്രത്യക്ഷമായതിനു ശേഷം, ചൈന സ്വന്തം പഞ്ചൻലാമയെ നിയമിച്ചു. പിന്നീട്, തങ്ങളുടെ അംഗീകരം കൂടാതെ നടക്കുന്ന ഏത് പുനർജന്മവും അസാധുവാണെന്ന് ചൈന പ്രഖ്യാപിക്കുകയും ചെയ്തു. അനന്തരം, പുനർജന്മ നിർവഹണ സമിതി (Reincarnation Management Committee ) എന്നുപേരുള്ള സമിതിയിലൂടെയാണ് അത് അംഗീകരിക്കേണ്ടതെന്നും അവകാശപ്പെട്ടു. ഈ നീക്കം ടിബറ്റൻ ജനതയും അന്താരാഷ്ട്ര സമൂഹവും ടിബറ്റിന്റെ മതസ്വാതന്ത്ര്യത്തെ തകർക്കുന്ന രാഷ്ട്രീയ ഇടപെടലായി കണ്ടു.
തന്റെ പുനർജന്മം തീരുമാനിക്കാനുള്ള അധികാരം ചൈനീസ് സർക്കാരിന് ഇല്ലെന്നും, ചൈന നിയമിക്കുന്ന ഏതൊരു ദലൈലാമയും അസാധുവായിരിക്കുമെന്നും, ടിബറ്റന്മാരും ആഗോള ബൗദ്ധസമൂഹവും അവരെ തള്ളിക്കളയുമെന്നും പതിന്നാലാം ദലൈലാമ ആവർത്തിച്ചു പറയുന്നു. Voice for the Voiceless എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം പറഞ്ഞു: അടുത്ത ദലൈലാമ ചൈനയ്ക്കു പുറത്തായിരിക്കും ജനിക്കുക. ടിബറ്റൻ ജനതയ്ക്ക് അതിന്റെ ആവശ്യമില്ലെങ്കിൽ ഈ പുനർജന്മ പാരമ്പര്യം അവസാനിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ദലൈലാമയെ തിരഞ്ഞെടുത്തുകൊണ്ട്, ടിബറ്റൻ ജനതയ്ക്കു മേൽ മത, രാഷ്ട്രീയ സ്വാധീനം നേടാനാണ് ചൈനയുടെ ശ്രമം. അതിലൂടെ ദലൈലാമയുടെ നിയമനത്തിൽ അധികാരം സ്ഥാപിക്കാനും, ടിബറ്റൻ പ്രവാസ സർക്കാരിന്റെ നിയമത്തെ ദുർബലപ്പെടുത്താനും അവർ ഉന്നമിടുന്നു. എന്നാൽ, നിലവിലെ ദലൈലാമ പറയുന്നു: 'മതനേതാക്കളാണ് പരമ്പരാഗത രീതികളിൽ എന്റെ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടത്. ചൈന അതിന് ഭരണകൂട അനുമതി ആവശ്യമായി കാണുന്നു!" ദലൈലാമയുടെ തിരഞ്ഞെടുപ്പ് അങ്ങനെ ടിബറ്റൻ ബുദ്ധമത വിശ്വാസവുമായും ചൈനയുടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ തത്വശാസ്ത്രവുമായും കെട്ടുപിണഞ്ഞ വിഷയമായിത്തീർന്നിരിക്കുന്നു.
(ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ് ലേഖിക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |